20 April Saturday

പിവിഎസ‌് ജീവനക്കാർ മനുഷ്യച്ചങ്ങല തീർത്തു , ഇന്നുമുതൽ ഉപവാസസമരം

വെബ് ഡെസ്‌ക്‌Updated: Wednesday May 8, 2019

കൊച്ചി> കലൂർ പിവിഎസ‌് ആശുപത്രി അടച്ചുപൂട്ടലിനെതിരെ ഐഎംഎയുടെയും യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്റെയും നേതൃത്വത്തിൽ ജീവനക്കാർ ആശുപത്രിക്കുചുറ്റും മനുഷ്യച്ചങ്ങല തീർത്തു. ബുധനാഴ‌്ച രാവിലെ മുതൽ ആശുപത്രിക്ക‌് മുന്നിൽ ഉപവാസ സമരം തുടങ്ങും.

രാവിലെ എട്ടരയ‌്ക്ക‌് ആശുപത്രിയുടെ മുന്നിൽനിന്ന‌് കലൂർ ബസ‌്സ‌്റ്റാൻഡുവരെയാണ‌് മനുഷ്യച്ചങ്ങല തീർത്തത‌്.  ഐഎംഎ കൊച്ചി ശാഖാ പ്രസിഡന്റ് ഡോ. എം ഐ ജുനൈദ് റഹ്മാൻ  ഉദ്ഘാടനം ചെയ‌്തു. ഒരുവർഷത്തിലേറെയായി ജീവനക്കാർക്ക‌് ശമ്പളം നൽകുന്നതിൽ മാനേജ‌്മെന്റ‌് വീഴ‌്ച വരുത്തിയിട്ട‌്. മൂന്നുവർഷമായി ഇഎസ്ഐയും രണ്ടുവർഷമായി പിഎഫും അടച്ചിട്ടില്ല. ആശുപത്രി അടച്ചുപൂട്ടാനുള്ള ബോധപൂർവമായ നീക്കമാണിതെന്ന് ഐഎംഎ സംസ്ഥാന വൈസ‌്പ്രസിഡന്റ് ഡോ. എൻ എസ് ഡി രാജു പറഞ്ഞു.

പ്രശ‌്നം പരിഹരിക്കാൻ  ആരോഗ്യവകുപ്പും തൊഴിൽവകുപ്പും അടിയന്തരമായി ഇടപെടണമെന്ന‌ും അദ്ദേഹം ആവശ്യപ്പെട്ടു. ഡോ. മാത്യു ഫിലിപ്പ്, ഡോ. പ്രകാശ് സഖറിയ, ഡോ. സണ്ണി ഓരത്തേൽ, യുഎൻഎ വൈസ് പ്രസിഡന്റ് ഹരീഷ്, ഐഎംഎ സെക്രട്ടറി ഡോ. ഹനീഷ് മീരാസ തുടങ്ങിയവർ സംസാരിച്ചു.

ബുധനാഴ‌്ച രാവിലെ മുതൽ പിവിഎസ് ആശുപത്രി അങ്കണത്തിൽ യുഎൻഎ വൈസ് പ്രസിഡന്റും, കേരള നേഴ്‌സിങ‌് കൗൺസിൽ അംഗവുമായ ഹാരിസ് മണലംപാറയുടെയും ഐഎംഎ സെക്രട്ടറി ഡോ. ഹനീഷ് മീരാസയുടെയും നേതൃത്വത്തിൽ മുഴുവൻ ജീവനക്കാരും ഉപവാസ സമരം ആരംഭിക്കും.  പ്രമുഖ വ്യവസായ ഗ്രൂപ്പായ കെടിസിയുടെ കീഴിലുള്ളതാണ് എറണാകുളം കലൂരിൽ പ്രവർത്തിച്ചുവരുന്ന  പി വി സ്വാമി മെമ്മോറിയൽ ആശുപത്രി. വരുംദിവസങ്ങളിൽ ഗ്രൂപ്പിന്റെ കീഴിലെ മറ്റുസ്ഥാപനങ്ങളുടെ മുന്നിലേക്ക‌് സമരം വ്യാപിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top