02 December Friday

കാണുവിൻ നിങ്ങളീ ചെമ്പനീർ പൂവിനെ... ചങ്കിൽ തുടിക്കുന്നൊരാളെ

അനന്തു ചന്ദ്രബാബുUpdated: Monday Apr 8, 2019


പള്ളുരുത്തി
എഴുപത്‌ ലക്ഷം രൂപ ഒന്നാം സമ്മാനമായ ലോട്ടറിടിക്കറ്റ‌് നൽകി രാധാമണി, കളിച്ചുകൊണ്ടിരുന്ന ഫുട‌്ബോൾ നൽകി കുട്ടികൾ, ഗ്രാനൈറ്റിൽ കൊത്തിയെടുത്ത രാജീവിന്റെ ചിത്രം സമ്മാനിച്ച‌് സഹജകുമാർ–- നാടൊന്നാകെ ഒപ്പമുണ്ടെന്ന സന്ദേശം പകർന്നുനൽകി എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവിനെ തൃപ്പൂണിത്തുറ മണ്ഡലം വീണ്ടും നെഞ്ചിലേറ്റി. നന്മകളുടെ സമൃദ്ധിയിൽ തിളങ്ങുന്ന ഗ്രാമീണജനതയുടെ സ്‌നേഹാഭിവാദ്യങ്ങൾ ഏറ്റുവാങ്ങിയാണ‌് മൂന്നാംഘട്ട പര്യടനത്തിന് പി രാജീവ‌് തുടക്കംകുറിച്ചത‌്. കുമ്പളം തിട്ടേത്തറയിലായിരുന്നു ആദ്യ സ്വീകരണം. തീരപ്രദേശവും ഉൾനാടൻ മത്സ്യബന്ധനമേഖലയും കാർഷികമേഖലയും ചേർന്ന എറണാകുളം മണ്ഡലത്തിൽ സംസ്ഥാന സർക്കാർ നടത്തുന്ന ഇടപെടലുകൾക്ക് കരുത്തുപകരാൻ എംപിയായാൽ താൻ ശ്രമിക്കുമെന്ന് പി രാജീവ് പറഞ്ഞു.

കൊമരോത്ത് സ്വീകരണകേന്ദ്രത്തിലെ കുട്ടികൾ ഫുട്‌ബോളാണ് രാജീവിന് സമ്മാനിച്ചത്. പൊതു ഇടങ്ങൾ സംരക്ഷിക്കാൻ ജനത ഒന്നിച്ചുനിൽക്കമെന്നത് ബിജുമേനോൻ അഭിനയിച്ച രക്ഷാധികാരി ബൈജു ഒപ്പ് എന്ന സിനിമയെ ഉദാഹരിച്ച് സൂചിപ്പിച്ച രാജീവ് കുട്ടികളോടൊപ്പം കളിക്കാൻ ഒരുദിവസം വരാമെന്നും ഏറ്റു. കണിക്കൊന്നകളും കുരുത്തോലകളും അണിയിച്ചൊരുക്കിയ കുമ്പളം സെന്റർ, ലക്ഷംവീട് കോളനി, കൊമരോത്ത്, പണ്ഡിറ്റ്ജി കവല, എസ്‌പിഎസ് തുടങ്ങിയിടങ്ങളിലും സ്വീകരണങ്ങൾ ഏറ്റുവാങ്ങി. അരൂർ ഇടക്കൊച്ചി പാലത്തിൽ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ ഡിവൈഎഫ്ഐ പ്രവർത്തകർ സ്ഥാനാർഥിയെ വരവേറ്റു. ബസ് സ്റ്റാൻഡ‌് പരിസരത്തെ ആദ്യ സ്വീകരണകേന്ദ്രത്തിൽ ബാലസംഘം വില്ലേജ് കമ്മിറ്റി അംഗം വി എസ് സുമയ്യ നൽകിയ വെള്ളരിപ്രാവിനെ രാജീവ്  ആകാശത്തേക്ക് പറത്തിവിട്ടു.  കാഥികൻ ഇടക്കൊച്ചി സലിംകുമാറും ബസ് സ്റ്റാൻഡ‌് പരിസരത്തെ സ്വീകരണത്തിൽ പങ്കെടുത്തു. ഇടക്കൊച്ചിയിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർടി പ്രവർത്തകനായിരുന്ന കെ ജി റോയിയെ സന്ദർശിച്ചു.

സെന്റ് ലോറൻസ് സ്‌കൂൾ പരിസരത്തെ സ്വീകരണയോഗത്തിൽ പത്തുവർഷമായി ലോട്ടറി വിൽക്കുന്ന പള്ളിപ്പുറം സ്വദേശിനി രാധാമണിയമ്മ  ലോട്ടറി നൽകിയും  അപൂർവരോഗം തളർത്തിയ പന്ത്രണ്ടുവയസ്സുകാരൻ അതുൽകൃഷ്ണ റോസാപ്പൂ നൽകിയും പ്രിയനേതാവിനെ വരവേറ്റു. ഇടക്കൊച്ചി അയ്യൻകാളി റോഡിൽ നടന്ന സ്വീകരണയോഗത്തിൽ പങ്കെടുക്കാൻ അവിഭക്ത കമ്യൂണിസ്റ്റ് പാർടി പ്രവർത്തകൻ പി കെ ഭാസ്‌കരനും എത്തിയിരുന്നു. സ്വീകരണങ്ങൾക്ക് മാറ്റുപകർന്ന് പഞ്ചവടി ലക്ഷ്മൺ കാവടിസംഘം അണിചേർന്നു. ഇടക്കൊച്ചിയിലെ പര്യടനത്തിൽ ഉടനീളം ഇരുചക്രവാഹനങ്ങളിൽ നൂറോളം ഡിവൈഎഫ്ഐ പ്രവർത്തകർ സ്ഥാനാർഥിയെ അനുഗമിച്ചു. ഇടക്കൊച്ചിയിലെ സ്വീകരണത്തിനുശേഷം പെരുമ്പടപ്പിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. അക്വിനാസ് കോളേജ്, പൊക്കണമുറി പറമ്പ്, തങ്ങൾനഗർ, ഇടക്കൊച്ചി വില്ലേജ് ഓഫീസ്, കൊവേന്ത എസ്എൻഡിപി, എം എം മാത്യൂ റോഡ് കിഴക്ക്, മുത്തുമ്പുളി, പെരുമ്പടപ്പ് ഊളക്കശ്ശേരി എന്നിവിടങ്ങളിലും ഉജ്വല വരവേൽപ്പാണ‌് ലഭിച്ചത‌്. പര്യടനം പള്ളുരുത്തിയിൽ സമാപിച്ചു.

‘കോമ്രേഡ‌് പി രാജീവ‌്’ വൈറൽ
കൊച്ചി
എൽഡിഎഫ‌് സ്ഥാനാർഥി പി രാജീവിനായി മഹാരാജാസിലെ പൂർവവിദ്യാർഥികൾ പുറത്തിറക്കിയ സംഗീത ആൽബം ‘കോമ്രേഡ് പി രാജീവ്: എ ലൈഫ് ഇൻ സോങ്' സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നു.

‘കാണുവിൻ നിങ്ങളീ ചെമ്പനീർ പൂവിനെ... ചങ്കിൽ തുടിക്കുന്നൊരാളെ’ എന്നാരംഭിക്കുന്ന ഗാനം പി രാജീവിന്റെ സമരോജ്വല ജീവിതത്തെപ്പറ്റിയാണ‌് പ്രതിപാദിക്കുന്നത‌്. മഹാരാജാസിലെ സംഗീതവിഭാഗത്തിലെ ഡെൻസൻ സംഗീതസംവിധാനം നിർവഹിച്ച ഗാനം എഴുതിയത് മധുവാണ്. ഷാർലെറ്റ്, നിഖിൽ എന്നിവരുടെ നേതൃത്വത്തിൽ ഒരുകൂട്ടം പൂർവവിദ്യാർഥികളാണ‌് പാടിയത‌്. പഴയ തലമുറയും പുതിയ തലമുറയും ചേർന്നു രാജീവിനു നൽകുന്ന ഹൃദയാഭിവാദ്യമാണ് ഈ ഗാനം.

ഇന്ന് പറവൂരില്‍
കൊച്ചി
പി രാജീവിന്റെ മൂന്നാംഘട്ട പൊതുപര്യടനം തിങ്കളാഴ‌്ച പറവൂരിൽ. രാവിലെ വരാപ്പുഴ മാർക്കറ്റ് പരിസരത്തുനിന്ന് ആരംഭിക്കുന്ന പര്യടനം കോട്ടുവള്ളി സെന്റർ, കോട്ടുവള്ളി ഈസ്റ്റ്, ചേന്ദമംഗലം വെസ്റ്റ്, പറവൂർ ടൗൺ ഈസ്റ്റ് മേഖലകളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കിഴക്കേപ്രം സ്‌കൂളിനു സമീപം സമാപിക്കും. വൈകിട്ട് ആറിന് മൂത്തകുന്നത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിലും സ്ഥാനാർഥി പങ്കെടുക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top