01 June Thursday
നാൽപ്പത്‌ വയസ്സിൽ താഴെയുള്ള എല്ലാ സ്‌ത്രീ തൊഴിലന്വേഷകരെയും 
രണ്ടാംഘട്ടത്തിന്റെ ഭാഗമാക്കും

തൊഴിലരങ്ങത്തേക്ക്‌ ; ലക്ഷ്യം സ്ത്രീകൾക്ക് 
20 ലക്ഷം തൊഴിൽ

സ്വന്തം ലേഖികUpdated: Thursday Mar 9, 2023


തിരുവനന്തപുരം  
നാൽപ്പത്‌ വയസ്സിൽ താഴെയുള്ള മുഴുവൻ സ്‌ത്രീ തൊഴിലന്വേഷകരെയും കേരള നോളജ് ഇക്കോണമി മിഷൻ "തൊഴിലരങ്ങത്തേക്ക്‌’ രണ്ടാംഘട്ടത്തിന്റെ ഭാഗമാക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവർക്ക്‌ നൈപുണ്യവികസന പരിശീലനം നൽകാൻ സർക്കാർ, അർധ സർക്കാർ ഏജൻസികളെ പ്രയോജനപ്പെടുത്തും. തൊഴിലരങ്ങത്തേക്കിന്റെ രണ്ടുമാസത്തെ പ്രവർത്തനംകൊണ്ട്‌ ഏകദേശം 26,000 പേരെ ഭാഗമാക്കി. 20 ലക്ഷംപേർക്ക്‌ തൊഴിൽ നൽകുകയാണ്‌ ലക്ഷ്യം. ലോകത്തെവിടെയും പിന്തള്ളപ്പെടാത്ത തലമുറയെ വാർത്തെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴിലരങ്ങത്തേക്ക്‌– -വനിതകൾക്കായുള്ള പ്രത്യേക വൈജ്ഞാനിക തൊഴിൽ പദ്ധതിയുടെ ഭാഗമായുള്ള നിയമന ഉത്തരവ്‌ കൈമാറലിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വർക്ക്‌ നിയർ ഹോംപോലെയുള്ള തൊഴിൽരീതികൾ പ്രോത്സാഹിപ്പിക്കും. 1000 കോടി ചെലവിൽ ഒരുലക്ഷം വർക്ക്‌ സീറ്റുകൾ സൃഷ്ടിക്കും. ഇതിന്‌ 50 കോടിരൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്‌. പാരസ്പര്യവും സാഹോദര്യവുമാണ്‌ വൈജ്ഞാനികസമൂഹത്തിന്റെ അടിസ്ഥാനം. ഏറ്റവും ദുർബലനെപ്പോലും സാമൂഹിക പുരോഗതിക്ക്‌ സംഭാവന നൽകാനാകുംവണ്ണം മാറ്റിയെടുക്കുകയാണ്‌ ഇതിന്റെ അന്തഃസത്ത. അറിവിനെ ഉപയോഗപ്പെടുത്താൻ എല്ലാവർക്കും അവസരം ഉണ്ടാകണം. ലിംഗവിവേചനം പൂർണമായും തുടച്ചുനീക്കിയാലേ സമൂഹത്തെ പൂർണമായി മുന്നോട്ടുനയിക്കാൻ അറിവിനാകൂ.
കേരളത്തിലെ വിദ്യാർഥികളിൽ കൂടുതലും പെൺകുട്ടികളായിട്ടും തൊഴിൽമേഖലയിലെ പങ്കാളിത്തം കുറയുന്നതിനു പിന്നിലെ സാമൂഹിക, സാമ്പത്തിക കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാൻ സർക്കാർ ഇടപെടുന്നുണ്ട്‌. സ്‌ത്രീകളോടുള്ള സമീപനം മാറണമെങ്കിൽ ബോധവൽക്കരണം കുടുംബത്തിൽ ആരംഭിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പതിനാറ്‌ ലക്ഷം അഭ്യസ്തവിദ്യർ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്‌. ഇവരുടെ സേവനം സംസ്ഥാന വികസന മുന്നേറ്റത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ആലോചനയാണ്‌ ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ്‌ മാനേജ്‌മെന്റ്‌ പോർട്ടലിന്റെ രൂപീകരണത്തിലേക്ക്‌ എത്തിയത്‌. തൊഴിലന്വേഷകർ മാത്രമല്ല തൊഴിൽ ദാതാക്കളും ഇതിലുണ്ടെന്നും മുഖ്യമന്ത്രി  പറഞ്ഞു.

തുല്യതയ്‌ക്കുള്ള പോരാട്ടത്തിൽ ഒരുമിക്കണം
നീതിക്കും തുല്യതയ്ക്കുമായി  സ്ത്രീകൾ നടത്തുന്ന പോരാട്ടങ്ങൾ അവരുടെ മാത്രമാകരുതെന്നും ലിംഗഭേദമന്യേ എല്ലാവരും പങ്കുചേരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  സ്ത്രീശാക്തീകരണത്തിനും സാമൂഹ്യനീതിക്കുമായി പ്രവർത്തിക്കുമെന്നും അന്താരാഷ്ട്ര വനിതാദിനത്തിൽ  പ്രതിജ്ഞ ചെയ്യാമെന്നും വനിതാദിന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

‘ലിംഗ സമത്വത്തിനായുള്ള നവീകരണവും സാങ്കേതികവിദ്യയും' എന്നാണ് വനിതാദിന മുദ്രാവാക്യം. ഡിജിറ്റൽ യുഗത്തിന്റെ സാധ്യതകളെ സ്ത്രീശാക്തീകരണത്തിന്‌ ഉപയോഗപ്പെടുത്താനാകണം.  അതിന്‌  ഡിജിറ്റൽ പാഠശാല പദ്ധതിക്ക്‌ സർക്കാർ തുടക്കം കുറിക്കുകയാണ്. വനിതകളെ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കാൻ പ്രാപ്തരാക്കുകയാണ്‌ ലക്ഷ്യം. ഇതിലൂടെ വനിത, ശിശുവികസന വകുപ്പും ജെൻഡർ പാർക്കും സംയുക്തമായി അങ്കണവാടി ജീവനക്കാർക്കും കുടുംബശ്രീ പ്രവർത്തകർക്കും പരിശീലനം ലഭ്യമാക്കും.

സ്ത്രീശാക്തീകരണത്തിനും ലിംഗസമത്വത്തിനുമായുള്ള അനവധി പദ്ധതികൾ കൂടുതൽ ഊർജസ്വലമായി സർക്കാർ മുന്നോട്ടുകൊണ്ടുപോകും. അവയുടെ വിജയത്തിനായി നാടിന്റെയാകെ പിന്തുണ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top