19 April Friday

പെൻഷൻ അട്ടിമറി നീക്കം ; മാർച്ച്‌ 28ന്‌ കർഷകത്തൊഴിലാളി പ്രക്ഷോഭം

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023

എൻ ചന്ദ്രൻ നയിക്കുന്ന കെഎസ്-കെടിയു സംസ്ഥാന ജാഥയെ നെടുമങ്ങാട് കോൺഗ്രസ് എസ് പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി സ്വീകരിക്കുന്നു


തിരുവനന്തപുരം
കേരളത്തിലെ ലക്ഷക്കണക്കിന്‌ കുടുംബങ്ങളുടെ ജീവിതാശ്രയമായ സാമൂഹ്യ സുരക്ഷാ പെൻഷൻ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ശക്തമായ സമര പ്രഖ്യാപനവുമായി കെഎസ്‌കെടിയു സംസ്ഥാന ജാഥ നെടുമങ്ങാട്‌ സമാപിച്ചു. മാർച്ച്‌ 28 ന്‌ ഏരിയ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസിനുമുന്നിലാണ്‌ പ്രക്ഷോഭം. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നതിലൂടെ സാമൂഹ്യ ക്ഷേമ പെൻഷനുകളും ജനക്ഷേമ പരിപാടികളും തടയാനാണ്‌ കേന്ദ്രസർക്കാർ ലക്ഷ്യം. പ്രക്ഷോഭത്തിനു മുന്നോടിയായി, വില്ലേജ്‌ തലങ്ങളിൽ പെൻഷൻ വാങ്ങുന്നവരെ വിളിച്ചുചേർത്ത്‌ വിശദീകരണം നടത്തും. നെൽക്കൃഷി വ്യാപിപ്പിക്കാനുള്ള ഇടപെടലും പ്രാദേശികമായി നടത്തും. ജാഥയ്ക്കിടെ ഭൂമിസംബന്ധമായ ഒട്ടേറെ നിവേദനങ്ങൾ ലഭിച്ചു. അവ സർക്കാരിനു കൈമാറുന്നതോടൊപ്പം, സങ്കീർണമായ ഭൂമി പ്രശ്നങ്ങളുടെ നിജസ്ഥിതി കെഎസ്‌കെടിയു നേതൃസംഘം നേരിൽ പോയി പരിശോധിക്കുമെന്നും സംസ്ഥാന സെക്രട്ടറി  എൻ ചന്ദ്രൻ പറഞ്ഞു.

ജാഥാ  സമാപന സമ്മേളനം നെടുമങ്ങാട്ട്‌  യൂണിയൻ അഖിലേന്ത്യ പ്രസിഡന്റ് എ വിജയരാഘവൻ ഉദ്ഘാടനംചെയ്‌തു.  കൃഷി– --ഭൂമി–പുതുകേരളം എന്ന മുദ്രാവാക്യമുയർത്തി   എൻ ചന്ദ്രൻ നയിച്ച പ്രചാരണ ജാഥ ബുധനാഴ്‌ച  പൂജപ്പുര, നെയ്യാറ്റിൻകര, മലയിൻകീഴ്‌ എന്നിവിടങ്ങളിലെ സ്വീകരണമേറ്റുവാങ്ങിയാണ്‌ നെടുമങ്ങാട്ട്‌ സമാപിച്ചത്‌. 

കെഎസ്-കെടിയു സംസ്ഥാന ജാഥയുടെ സമാപന സമ്മേളനം കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റ്  എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു

കെഎസ്-കെടിയു സംസ്ഥാന ജാഥയുടെ സമാപന സമ്മേളനം കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റ് എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു

 

ജനുവരി 25 ന്‌ കാസർകോട്‌ നിന്നാണ്‌ ജാഥ പര്യടനം ആരംഭിച്ചത്‌.  മിച്ചഭൂമി പട്ടയപ്രശ്നം പരിഹരിക്കുക, തരിശിട്ട വയലിൽ കൃഷി നടത്താൻ പദ്ധതി ആവിഷ്‌കരിക്കുക, കർഷകത്തൊഴിലാളി പെൻഷനിൽ കേന്ദ്രവിഹിതം അനുവദിക്കുക, കേരളത്തെ വെല്ലുവിളിക്കുന്ന കേന്ദ്രനയം തിരുത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു ജാഥാ പ്രചാരണം.

സമാപനദിവസം വിവിധ കേന്ദ്രങ്ങളിൽ കെഎസ്‌കെടിയു സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ ആനാവൂർ നാഗപ്പൻ, ജാഥാ ക്യാപ്‌റ്റൻ,  വൈസ്‌ ക്യാപ്‌റ്റൻ ലളിതാ ബാലൻ, മാനേജർ സി ബി ദേവദർശനൻ, അംഗങ്ങളായ വി കെ രാജൻ, കെ കെ ദിനേശൻ, ഇ ജയൻ, ടി കെ വാസു, എൻ രതീന്ദ്രൻ, എ ഡി കുഞ്ഞച്ചൻ, കോമള ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top