24 April Wednesday

ആരോപണം കളവ്‌ ; നിയമനടപടി സ്വീകരിക്കും : എംജി പിവിസി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022


കോട്ടയം
കുസാറ്റിലെ പ്രൊഫസർ നിയമനത്തിന്റെ പേരിൽ തനിക്കും ഭാര്യ ഡോ. കെ ഉഷയ്ക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എംജി സർവകലാശാല പ്രോ. വിസി ഡോ. സി ടി അരവിന്ദ് കുമാർ അറിയിച്ചു. പ്രോ. വിസി, ഭാര്യക്ക് വ്യാജ അധ്യാപന പരിചയ സർട്ടിഫിക്കറ്റ് നൽകിയെന്നും ഇതുപയോഗിച്ചാണ് കുസാറ്റിൽ ജോലി നേടിയതെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകിയിരുന്നു. ചില മാധ്യമങ്ങളിലൂടെ വലിയ പ്രചാരണവും നടത്തി.

കുസാറ്റിലെ നിയമന മാനദണ്ഡമനുസരിച്ച്‌ 10 വർഷത്തെ അധ്യാപനപരിചയമോ ഗവേഷണ പരിചയമോ മതി. അപേക്ഷിക്കുമ്പോൾ  ബെൽജിയത്തിലെയും നെതർലൻഡിലെയും പ്രശസ്ത സർവകലാശാലകളിലടക്കം ഡോ. ഉഷയ്‌ക്ക്‌ 14 വർഷത്തിലേറെ ഗവേഷണ പരിചയം ഉണ്ടായിരുന്നു. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ വിമൻ സയന്റിസ്‌റ്റ്‌ അവാർഡ്‌ രണ്ടുവട്ടം ലഭിച്ചിട്ടുണ്ട്. അന്താരാഷ്ട്രതലത്തിൽ നാല്പതിലേറെ പ്രസിദ്ധീകരണങ്ങളുണ്ടായിരുന്നു. ഇപ്പോഴത്‌ 85 ആയി. യുകെ, ഡെന്മാർക്ക് തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ പ്രോജക്ടുകളും നടക്കുന്നുണ്ട്. 

താൻ എംജി സർവകലാശാലയിലെ എൻവയോൺമെന്റ്‌ സയൻസ് വിഭാഗത്തിന്റെ ഡയറക്ടറായിരുന്ന കാലത്ത് ഡോ. ഉഷ അവിടെ ക്ലാസ് എടുത്തിരുന്നു. ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്ന കത്താണ്‌ നൽകിയത്‌. ഇത്‌ കുസാറ്റിലെ നിയമനത്തിന് പരിഗണിച്ചിട്ടുമില്ല. സ്ഥിരം അധ്യാപികയല്ലാത്തതിനാൽ അധ്യാപന പരിചയ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുമില്ല. ഒരേ ലാബിൽ ഒരുമിച്ച്‌ ഗവേഷണം നടത്തിയതിനാലാണ്‌ തന്റെ പേരും പ്രസിദ്ധീകരണങ്ങളിൽ വന്നത്‌. 

മുൻ വി സി ഡോ. രാജൻ ഗുരുക്കൾക്കെതിരായ ആരോപണവും വസ്‌തുതാവിരുദ്ധമാണ്. വർക്കിങ്‌ സയന്റിസ്റ്റുകൾക്ക് റിസർച്ച് ഗൈഡ്‌ഷിപ്പ് നൽകാമെന്ന് 2010 മുതൽ സർക്കാർ ഉത്തരവുണ്ട്. ഒരു സഹ ഗൈഡ് കൂടി വേണമെന്ന് മാത്രം. ഇത്‌ മറച്ചുവച്ചാണ് ഡോ. രാജൻ ഗുരുക്കൾ ചട്ടവിരുദ്ധമായി ഗൈഡായി പ്രവർത്തിച്ചെന്ന് ആരോപിക്കുന്നതെന്നും ഡോ. അരവിന്ദ്‌ കുമാർ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top