20 April Saturday

ഇടതുപക്ഷവിരോധം 
തീർക്കാൻ ബില്ലിനെ 
എതിർക്കരുത്‌ : കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022


തിരുവനന്തപുരം
എല്ലാ സർവകശാലകളുടെയും തലപ്പത്ത്‌ വിദഗ്ധരെ എത്തിക്കുകയാണ്‌ സർവകലാശാല നിയമ ഭേദഗതി ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന്‌ കെ കെ ശൈലജ. ബില്ലവതരണ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.

ഇടതുപക്ഷ വിരോധം തീർക്കാൻവേണ്ടി മാത്രം ബില്ലിനെ എതിർക്കുന്ന നിലപാടിൽനിന്ന്‌ യുഡിഎഫ്‌ പിന്മാറണം. എൽഡിഎഫ്‌ സർക്കാർ കൊണ്ടുവരുന്ന ബില്ലായതുകൊണ്ട്‌ മാത്രമാണ്‌ പ്രതിപക്ഷം എതിർപ്പ്‌ ഉന്നയിക്കുന്നത്‌. പൂഞ്ചി കമീഷൻ റിപ്പോർട്ട്‌ അനുസരിച്ചാണ്‌ ബില്ലുണ്ടാക്കിയത്‌.  സർവകലാശാലകളെ വരുതിയിലാക്കാനാണ്‌ സംഘപരിവാർ ശ്രമം. കേരളത്തിന്റെ ഗവർണറും ഇതേ പാതയിലാണ്‌. ചാൻസലർ സ്ഥാനത്തിരിക്കുന്നവർ തരംതാണ നിലയിലേക്ക്‌ പോയാൽ അതിനെ മറികടക്കാൻ നിയമസഭയ്‌ക്ക്‌ അധികാരമുണ്ടെന്നും ശൈലജ പറഞ്ഞു.

ഏതെങ്കിലും വ്യക്തിയെ ചാൻസലർ സ്ഥാനത്ത്‌ അവരോധിക്കാൻ വേണ്ടിയല്ല ബിൽ കൊണ്ടുവന്നിരിക്കുന്നതെന്ന്‌ സജി ചെറിയാൻ പറഞ്ഞു.  വഴിയെ പോകുന്ന ആരും ചാൻസലറാകുമെന്നാണ്‌ പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്‌. ഗവർണർമാരെ ബിജെപി നിയന്ത്രിക്കാൻ തുടങ്ങിയതോടെയാണ്‌ സംസ്ഥാനങ്ങൾ കടുത്ത നിലപാട്‌ സ്വീകരിക്കാൻ തുടങ്ങിയത്‌.   23000 കോടി രൂപ ചെലവിട്ട്‌ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റമാണ്‌ എൽഡിഎഫ്‌ സർക്കാർ കൊണ്ടുവന്നത്‌.

പോരാളിയായ നർത്തകിയെ കലാമണ്ഡലം ചാൻസലറായി നിയോഗിച്ചതിലൂടെ വലിയ രാഷ്ട്രീയ പ്രഖ്യാപനമാണ്‌ സർക്കാർ നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ്‌ മുഹ്‌സിൻ, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, എ പി അനിൽകുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top