25 April Thursday
നിയമം കൈയിലെടുക്കാൻ അനുവദിക്കില്ല

വിഴിഞ്ഞം സമരത്തിൽ ബാഹ്യശക്തികളുടെ ഇടപെടൽ , പൊലീസ്‌ സ്‌റ്റേഷൻ ആക്രമണം ആസൂത്രിതം : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022


തിരുവനന്തപുരം  
വിഴിഞ്ഞം തുറമുഖവിരുദ്ധ സമരത്തിൽ ബാഹ്യശക്തികളുടെ ഇടപെടലുണ്ടെന്ന്‌ സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുമായും മന്ത്രിസഭാ ഉപസമിതിയുമായും ചർച്ച നടത്തിയ സമരസമിതി നേതാക്കൾ സർക്കാർവച്ച നിർദേശങ്ങളിൽ പൂർണതൃപ്‌തരായിരുന്നു.  കൂടിയാലോചിച്ച്‌ മറുപടി അറിയിക്കാമെന്ന്‌ പറഞ്ഞുപോയവർ തുടർചർച്ചയ്‌ക്ക്‌ എത്തിയില്ല. പിന്നീട്‌ കഠിനമായ നിലപാടുകൾ സ്വീകരിച്ചു.

ലത്തീൻ സഭയുടെ പൊതുനിലപാടല്ല സമരസമിതിയുടേത്‌. നേതൃത്വത്തിലെ ചിലരെ ബാഹ്യശക്തികളാണ്‌ നയിക്കുന്നതെന്ന്‌ സംശയിക്കേണ്ടിവരും. ആരുടെ നാവായാണ് ഇവർ പ്രവർത്തിക്കുന്നതെന്ന്‌ ജനങ്ങൾ സംശയിക്കും. 2014ൽത്തന്നെ യുഡിഎഫ്‌ സർക്കാരും ഇതേസംശയം മുന്നോട്ടുവച്ചിട്ടുണ്ട്‌. തുറമുഖത്തിനെതിരെ ഏതെങ്കിലും ശക്തികൾ പ്രവർത്തിക്കുന്നുണ്ടോയെന്ന്‌ അന്വേഷിക്കണമെന്ന്‌ കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ അന്നത്തെ തുറമുഖ മന്ത്രി കെ ബാബു നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അടിയന്തരപ്രമേയ ചർച്ചയ്‌ക്ക്‌ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞത്ത്‌ കുഴപ്പമുണ്ടാക്കാൻ ചിലർ വല്ലാതെ പരിശ്രമിച്ചിട്ടും സർക്കാർ സംയമനം പാലിക്കുകയാണ്‌. അക്രമങ്ങളുണ്ടായാൽ ആരെ കേസിൽ ഉൾപ്പെടുത്തണമെന്ന്‌ തീരുമാനിക്കുന്നത്‌ ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥരാണ്‌. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകളും ബാധകമാണ്‌. സമരത്തെ അടിച്ചമർത്താൻ കേന്ദ്രസേനയെന്നത്‌ വ്യാജ പ്രചാരണമാണ്. 2015ൽ അന്നത്തെ യുഡിഎഫ്‌ സർക്കാർ ഒപ്പിട്ട നിർമാണ കരാർപ്രകാരം തുറമുഖ നിർമാണത്തിന് കരാർ കമ്പനി ആവശ്യപ്പെടുന്ന മുറയ്ക്ക് സുരക്ഷ ഒരുക്കണം. ഇതനുസരിച്ച്‌ കേന്ദ്രസേനയെ തുറമുഖ നിർമാതാക്കൾ ഹൈക്കോടതിയിൽ ആവശ്യപ്പെടുമ്പോൾ എതിർക്കാനാകില്ല.

സമരം ഒത്തുതീർപ്പിലെത്തിക്കാൻ ഇടപെട്ടില്ലെന്നത്‌ കണ്ണടച്ച് ഇരുട്ടാക്കലാണ്‌. സമരം ആരംഭിക്കുന്നത്‌ ആഗസ്റ്റ്‌ 16നാണ്‌.  പ്രത്യേകം ചുമതലപ്പെടുത്തിയ മന്ത്രിസഭാ ഉപസമിതി ആഗസ്ത്‌ 19, 24, സെപ്തംബർ അഞ്ച്‌,  23 തീയതികളിൽ ഔദ്യോഗിക ചർച്ച നടത്തി. നിരവധി അനൗപചാരിക ചർച്ചകളും നടന്നു. ചീഫ് സെക്രട്ടറിതലത്തിലും പലവട്ടം ചർച്ചയുണ്ടായി. ചർച്ചയ്‌ക്കും ആശയവിനിമയത്തിനും എല്ലാ വാതിലും തുറന്നിട്ടിരിക്കുകയാണ്‌.

കോടതിയലക്ഷ്യഹർജിയുടെ ഭാഗമായാണ് വൈദികർ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ്‌ കേസെടുത്തത്‌. അദാനി ഗ്രൂപ്പിന്റെ ഹർജിയിൽ സഭാ നേതാക്കൾ എതിർകക്ഷികളാണ്. സമരാഹ്വാനം ചെയ്തവരിൽ ചിലരെമാത്രം ഒഴിവാക്കാനാകില്ല. വ്യക്തികളുടെ മുഖംനോക്കി നിയമവും കോടതിയും പ്രവർത്തിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ്‌ സ്‌റ്റേഷൻ ആക്രമണം ആസൂത്രിതം
വിഴിഞ്ഞം പൊലീസ്‌ സ്റ്റേഷൻ ആക്രമണം പൊടുന്നനെ ഉണ്ടായതല്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. അക്രമം ലക്ഷ്യമിട്ടുള്ള സെക്രട്ടറിയറ്റ് മാർച്ചും ബോട്ടുകത്തിക്കലുമടക്കമുള്ള പദ്ധതിയുടെ തുടർച്ചയായിരുന്നു ഇത്‌. ഹൈക്കോടതിയിൽ നൽകിയ ഉറപ്പ്‌ ലംഘിച്ച സമരാനുകൂലികൾ നവംബർ 26ന് നിർമാണ സാമഗ്രികളുമായെത്തിയ ലോറികൾ തടഞ്ഞു.

തുറമുഖത്തെ അനുകൂലിക്കുന്ന ജനകീയ മുന്നണിയുടെ സമരപ്പന്തലിലേക്ക്‌ തുറമുഖ വിരുദ്ധർ മാർച്ച് നടത്തി. പന്തൽ പൊളിച്ചു.
സമാധാനശ്രമത്തിന് ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച്‌ പരിക്കേൽപ്പിച്ചു. സമീപ വീടുകളുടെ ജനാലകൾ തകർത്തു. മുല്ലൂർ പനവിള ക്ഷീരോൽപ്പാദക സഹകരണ സംഘവും ആക്രമിച്ചു. ഇതിൽ ഒരു കേസിലെ പ്രതിയെ അടുത്ത ദിവസം ഉച്ചയ്ക്കും മറ്റൊന്നിൽ പ്രതികളായ നാലുപേരെ വൈകിട്ടും സിറ്റി ഷാഡോ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചു പ്രതികളെയും വിട്ടയക്കാൻ ആവശ്യപ്പെട്ടാണ്‌ വൈകിട്ടോടെ സ്ത്രീകളടങ്ങിയ ജനക്കൂട്ടം പൊലീസ് സ്റ്റേഷൻ വളഞ്ഞത്‌. നിരവധി വാഹനങ്ങൾ നശിപ്പിച്ചു. സ്റ്റേഷനിലെ സാധനങ്ങളും കേസ് രേഖകളും  നശിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ വനിതയടക്കം 54 ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്നതും തടഞ്ഞു. ഡിസിപി  ഉൾപ്പെടെയുള്ളവരെ ബന്ദികളാക്കിയ അക്രമിസംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സ്ഥലത്തെ വ്യാപാരസ്ഥാപനങ്ങളിലെ സിസിടിവി  ക്യാമറകൾ മുൻകൂട്ടി കേടുവരുത്തിയിരുന്നു.

ആഗസ്‌ത്‌ എട്ടിന് തുടങ്ങിയതാണ്‌ അക്രമപരമ്പര. അന്ന്‌ കാൽനട യാത്രക്കാരെയും വാഹനങ്ങളെയും തടഞ്ഞു. ഇത്‌ തുടർദിവസങ്ങളിലും ആവർത്തിച്ചു. 20ന് പൊലീസ്‌ ബാരിക്കേഡുകളും ഫൈബർ ലാത്തികളും ഹെൽമെറ്റുകളും നശിപ്പിച്ചു. 22ന് പൂട്ട് തകർത്ത്‌ തുറമുഖ പ്രദേശത്തെ ടവറിനുള്ളിലെത്തി. അടുത്തദിവസം വീണ്ടും പൂട്ട് പൊളിച്ച് ഉള്ളിലെത്തിയവർ കസേരകളും ഹാലജൻ ലൈറ്റുകളും നശിപ്പിച്ചു. 31ന് ലോറിയുടെ ഗ്ലാസ് തകർത്തു. സെപ്‌തംബർ ഒന്നിന് പൊലീസ്‌ ഡ്രോൺ നശിപ്പിച്ചു. പൊലീസുകാരനെ പരിക്കേൽപ്പിച്ചു. ബാരിക്കേഡുകൾ അടക്കമുള്ള പൊതുമുതൽ നശീകരണം പതിവാക്കി. ഒമ്പതിന് വനിതാ പൊലീസുകാരെ ആക്രമിച്ചു.  പ്രധാന റോഡിൽ ഷെഡ്‌ കെട്ടി പ്രവർത്തനം തടസ്സപ്പെടുത്തി. ഒക്‌ടോബർ പത്തിന് പൊലീസിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറെ ആക്രമിച്ചു.

നിയമം കൈയിലെടുക്കാൻ അനുവദിക്കില്ല
ക്രമസമാധാനപാലനം പൊലീസിന്റെയും സർക്കാരിന്റെയും ഉത്തരവാദിത്വമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. നിയമം കൈയിലെടുക്കുന്നവരെ പൊലീസ്‌ നിയന്ത്രിക്കും.വിഴിഞ്ഞം തുറമുഖവിരുദ്ധ സമരത്തിന്റെ മറവിൽ പ്രകോപന പ്രസംഗങ്ങൾമുതൽ കടലിൽ ബോട്ട് കത്തിക്കുന്നതുവരെയുള്ള രീതികളുണ്ടായി. പരീക്ഷ എഴുതാൻ പോയവരെയും ആംബുലൻസിൽ പോയ ഗർഭിണികളെയുംവരെ തിരുവനന്തപുരം നഗരത്തിൽ തടഞ്ഞുവച്ചു. സെക്രട്ടറിയറ്റിനുമുന്നിൽ ബോട്ട് കത്തിക്കാൻ ഒരുങ്ങി നടക്കാതായപ്പോൾ കടലിലിട്ട് കത്തിച്ചു. സമരത്തെ സംയമനത്തോടെയാണ് കാണുന്നതെന്നും അടിയന്തര പ്രമേയ ചർച്ചയുടെ മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളി മേഖലയിൽ പ്രശ്‌നമുണ്ടാകരുതെന്ന് സർക്കാരിന് നിർബന്ധമുണ്ട്. ചിലരുടെ പ്രവർത്തനം സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്‌. ഏതുവിധേനയും സംഘർഷമുണ്ടാക്കണമെന്ന രീതിയുണ്ടാകുന്നു.  പദ്ധതിയുടെ ഭാഗമായി യുഡിഎഫ് കാലത്ത്‌ 475 കോടി രൂപയുടെ പുനരധിവാസ പദ്ധതി രൂപീകരിച്ചെങ്കിലും ബജറ്റിൽ തുക വകയിരുത്തുകയോ വാർഷിക പദ്ധതിയിൽ ഉൾക്കൊള്ളിക്കുകയോ ചെയ്യാതെ ഉത്തരവുമാത്രമിറക്കി. പുനരധിവാസ പാക്കേജെന്ന അവകാശം ഇപ്പോൾ ഉന്നയിക്കുന്നതിൽ കഴമ്പില്ല. പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top