തിരുവനന്തപുരം
പുതുപ്പള്ളി വോട്ടെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തി കെ മുരളീധരൻ എംപി. തഴയൽ തുടരുകയാണെന്നാണ് ഒരു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മുരളീധരൻ തുറന്നുപറഞ്ഞത്. അതേസമയം, പുതുപ്പള്ളി കഴിഞ്ഞാൽ തനിക്ക് ചിലത് പറയാനുണ്ടെന്ന് പറഞ്ഞ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൗനം തുടരുകയാണ്.
പുതുപ്പള്ളിയിൽ സ്റ്റാർ ക്യാമ്പയിനർ പട്ടികയിൽനിന്ന് തന്നെ ഒഴിവാക്കിയതിലുള്ള അതൃപ്‌തിയും മുരളീധരൻ പ്രകടിപ്പിക്കുന്നുണ്ട്. കോൺഗ്രസ് പ്രവർത്തക സമിതിയിൽ ക്ഷണിതാവായിപ്പോലും ഉൾപ്പെടുത്താത്തതിലെ നീരസവും അദ്ദേഹം മറച്ചുവച്ചില്ല. സജീവമായി പ്രവർത്തിച്ചിട്ടും പരിഗണനാ പട്ടികയിൽപ്പോലും ഉൾപ്പെട്ടില്ല. അടുത്തിടെ പാർടിയിലെത്തിയ കനയ്യ കുമാറടക്കം പ്രവർത്തക സമിതിയിൽ എത്തിയിട്ടും പാർടി വിട്ട് തിരിച്ചുവന്നവർക്ക് സ്ഥാനമാനങ്ങൾ നൽകി സ്വീകരിച്ചിട്ടും തുടർച്ചയായി തഴയപ്പെടുന്നതിൽ കെ മുരളീധരൻ രോഷാകുലനാണ്. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലംകൂടി വിലയിരുത്തിയശേഷം മാധ്യമങ്ങളെ കാണാനാണ് രമേശ് ചെന്നിത്തലയുടെ ആലോചനയെന്നാണ് വിവരം. പരാജയമോ നേരിയ ജയമോ ആണ് ഫലമെങ്കിൽ നേതൃത്വത്തെ മുൾമുനയിൽ നിർത്തി കടന്നാക്രമണമുണ്ടാകും. ചാണ്ടി ഉമ്മന് മികച്ച വിജയമുണ്ടായാൽ ചെന്നിത്തലയുടെ പ്രതികരണത്തിന് ശക്തി കുറഞ്ഞേക്കും. നേതൃത്വം നൽകുന്ന സ്ഥാനം ഏറ്റെടുത്ത് അതൃപ്‌തി ഉള്ളിലൊതുക്കുക മാത്രമാകും പിന്നെ അദ്ദേഹത്തിനു മുന്നിലുള്ള ഏക മാർഗം.
പ്രതിപക്ഷ നേതൃസ്ഥാനവും കെപിസിസി പ്രസിഡന്റ് പദവിയുമില്ലാതെ വെറും എംഎൽഎ ആയിരിക്കുന്നതിലും ഭേദം കെ സി വേണുഗോപാലടക്കമുള്ള നേതൃത്വം കനിഞ്ഞുനൽകുന്ന പദവി ഏറ്റെടുത്ത് പിടിച്ചുനിൽക്കാനാകും ചെന്നിത്തലയുടെ ശ്രമം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..