24 April Wednesday

സ്വർണക്കടത്ത്‌ കേസിൽ കസ്‌റ്റംസിന്‌ തടയിട്ട്‌ ബിജെപി ; അനിൽ നമ്പ്യാരുടെ അറസ്‌റ്റ്‌ വിലക്കി

വെബ് ഡെസ്‌ക്‌Updated: Monday Sep 7, 2020


സ്വന്തം ലേഖകൻ
സ്വർണക്കടത്ത്‌ കേസിൽ അന്വേഷണം തങ്ങളിലേക്ക്‌ തന്നെ വന്നതോടെ  കസ്‌റ്റംസ്‌ സംഘത്തെ വരുതിയിലാക്കി ബിജെപിയും കേന്ദ്രസർക്കാരും. പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി ചോർന്നത് വിവാദമാക്കി തടിയൂരാനാണ്‌ ഇപ്പോൾ ശ്രമം. ആർഎസ്‌എസ്‌ ചാനൽ തലവൻ അനിൽ നമ്പ്യാരിലൂടെ സ്വർണക്കടത്ത്‌ കേസ്‌‌ ബിജെപിയിലേക്ക്‌ എത്തിയപ്പോഴാണ്‌ മൊഴി ചോർച്ച വിവാദമാക്കിയത്‌. കസ്‌റ്റംസ്‌ പ്രിവന്റീവ്‌ വിഭാഗത്തിൽനിന്ന്‌ മൊഴി ചോർന്നിട്ടില്ലെന്ന ഔദ്യോഗിക സ്ഥിരീകരണത്തിന്‌ ശേഷവും അന്വേഷണസംഘത്തിനെതിരെ ബിജെപിയും അനുകൂല മാധ്യമങ്ങളും  പ്രചാരണം തുടരുകയാണ്‌. 

സ്വർണക്കടത്ത്‌ ഗൂഢാലോചനയിൽ പങ്കാളിയായ അനിൽ നമ്പ്യാരുടെ തുടർ ചോദ്യം ചെയ്യലിന്‌ തടയിടാനും വിവാദമുയർത്തിയതോടെ ബിജെപിക്കായി. 27ന്‌ ചോദ്യം ചെയ്‌തശേഷം അനിൽ നമ്പ്യാർ കൊച്ചിയിൽ കസ്‌റ്റംസിന്റെ  നിരീക്ഷണത്തിലായിരുന്നു. നഗരത്തിലെ ഹോട്ടലിലാണ്‌ പാർപ്പിച്ചിരുന്നത്‌. മൊഴി ചോർച്ച വിവാദമുയർന്നതോടെ തുടർ ചോദ്യം ചെയ്യൽ ഉപേക്ഷിച്ച്‌ അനിൽ നമ്പ്യാരെ കൊച്ചിയിൽനിന്ന്‌ വിട്ടയച്ചതായാണ്‌ വിവരം.

സ്വപ്‌നയുടെ മൊഴി ചോർന്നത്‌ കസ്‌റ്റംസ്‌ പ്രിവന്റീവ്‌ വിഭാഗത്തിൽ നിന്നല്ലെന്ന്‌ ആഭ്യന്തര അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി പ്രിവന്റീവ്‌ കമീഷണർ വെളിപ്പെടുത്തിയിരുന്നു. മൊഴി ചോർച്ച കേന്ദ്ര ഇന്റലിജന്റ്‌സ്‌ വിഭാഗം അന്വേഷിക്കുന്നതായുള്ള വാർത്തകളും അദ്ദേഹം നിഷേധിച്ചതാണ്‌. എന്നിട്ടും കസ്‌റ്റംസ്‌ ഉദ്യോഗസ്ഥർക്ക്‌ രാഷ്‌ട്രീയ പക്ഷപാതിത്വം ആരോപിച്ച്‌ ബിജെപി നേതൃത്വം രംഗത്തുവന്നു.ബിജെപി നേതാക്കളുടെ ആരോപണവും ഭീഷണിയും അന്വേഷണസംഘത്തെ കടുത്ത സമ്മർദത്തിലാക്കിയിട്ടുണ്ട്‌. അന്വേഷണ സംഘത്തിൽ വീണ്ടുമൊരു അഴിച്ചുപണികൂടി പ്രതീക്ഷിക്കുന്ന ഉയർന്ന ഉദ്യോഗസ്ഥർ കടുത്ത പ്രതിഷേധത്തിലുമാണ്‌.

മൊഴി ചോർച്ച വിവാദമായ ഉടനെ അന്വേഷണ സംഘത്തിലെ അസിസ്‌റ്റന്റ്‌ കമീഷണർ എൻ എസ്‌ ദേവിനെ കസ്‌റ്റംസ്‌ നിയമ വിഭാഗത്തിലേക്ക്‌ മാറ്റിയിരുന്നു. അതിനുമുമ്പ്‌ സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ ഇടപെടലിലൂടെ ജോയിന്റ്‌ കമീഷണർ അനീഷ്‌ പി രാജനെ നാഗ്‌പുരിലേക്ക്‌ സ്ഥലം മാറ്റി. അന്വേഷണ സംഘത്തിലെ രണ്ട്‌ സൂപ്രണ്ടുമാർ ഉൾപ്പെടെ എട്ടുപേരെയും പ്രിവന്റീവ്‌ വിഭാഗത്തിൽനിന്ന്‌ മാറ്റി.

അനിൽ നമ്പ്യാരുടെ അറസ്‌റ്റ്‌ വിലക്കി
ബിജെപി നേതൃത്വത്തിന്റെ ഇടപെടലിലൂടെ അനിൽ നമ്പ്യാർ രക്ഷപ്പെട്ടത്‌ സ്വർണക്കടത്ത്‌ കേസിൽ പ്രതി ചേർത്ത്‌ അറസ്‌റ്റ്‌ രേഖപ്പെടുത്താനിരിക്കെ. കസ്‌റ്റംസ്‌ നിയമം 108–-ാം വകുപ്പുപ്രകാരം സ്വപ്‌ന സുരേഷ്‌ നൽകിയ മൊഴിയിൽ അനിൽ നമ്പ്യാർക്കെതിരെ ഗുരുതരപരാമർശങ്ങളാണുള്ളത്‌. 108–-ാം വകുപ്പുപ്രകാരമുള്ള മൊഴി തെളിവായി എടുത്തുതന്നെ അനിൽ നമ്പ്യാരെ കസ്‌റ്റംസിന്‌ അറസ്‌റ്റ്‌ ചെയ്യാം. 108 പ്രകാരമുള്ള മൊഴിയുടെ സവിശേഷത കസ്‌റ്റംസ്‌ അന്വേഷണസംഘം പലതവണ കോടതിയെ അറിയിച്ചതാണ്‌. കേസിൽ ആദ്യം അറസ്‌റ്റിലായ പി എസ്‌ സരിത്‌ നൽകിയ മൊഴിപ്രകാരമാണ്‌ സ്വപ്‌നയെ പ്രതിയാക്കിയത്‌. പിന്നീടും അറസ്‌റ്റിലായവർ നൽകിയ മൊഴിയാണ്‌ തുടർന്നുള്ള കൂട്ടുപ്രതികളെ കുടുക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top