20 April Saturday

മായില്ല‌, മനസ്സിൽ 
ഗാന്ധിജിയുടെ പുഞ്ചിരി

ശ്രീരാജ് ഓണക്കൂർUpdated: Sunday Aug 7, 2022


കൊച്ചി
ഗാന്ധിജി സമ്മാനിച്ച ചെറുപുഞ്ചിരി ഇന്നും നാരായണൻ നായരു‌ടെ മനസ്സിലുണ്ട്‌. അയൽവാസി പുതിയേടം കോവിലകത്തെ കൊച്ചുണ്ണി തമ്പുരാനുമൊത്ത്‌ 1937ൽ ആലുവ റെയിൽവേ സ്റ്റേഷനിൽവച്ച് 13–-ാം വയസ്സിലാണ്‌ ഗാന്ധിജിയെ കണ്ടത്‌. ട്രെയിനിൽനിന്ന്‌ മഹാത്മാഗാന്ധി ജനങ്ങളെ കൈവീശി അഭിവാദ്യം ചെയ്‌തത്‌ മറക്കാനാകാത്ത കാഴ്ചയാണെന്ന് തൊണ്ണൂറ്റിയെട്ടുകാരൻ കാഞ്ഞൂർ പുതിയേടം വാരനാട്ട്‌ വീട്ടിൽ നാരായണൻ പറയുന്നു. ആ ഓർമകളുടെ കരുത്തിൽ വീടിനുസമീപത്തെ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് ഇന്നും ഇദ്ദേഹം ദിനചര്യകൾ  ആരംഭിക്കുന്നത്.

1926 ജൂൺ 26ന് വാരനാട്ട് ഇച്ചിക്കുട്ടിയമ്മയുടെയും മംഗലത്ത് ശങ്കുണ്ണി നായരുടെയും മകനായി ജനനം. 1931ൽ സ്‌കൂളിൽ ചേർത്തു. 1944ൽ പെരുമ്പാവൂർ മുടിക്കലിലെ തീപ്പെട്ടിക്കമ്പനിയിൽ ദിവസം 10 അണ കൂലിക്ക് ജോലി ലഭിച്ചു. സ്വാതന്ത്ര്യസമരാവേശം നാടെങ്ങും അലയടിച്ചപ്പോൾ നാരായണൻനായരും അതിന്റെ ഭാഗമായതോടെ ജോലി പോയി. 1946 ജൂലൈയിൽ നിയമലംഘന പ്രസ്ഥാനത്തിൽ അണിചേർന്നു. നിരോധനാജ്ഞ ലംഘിച്ചതോടെ ഒളിവിൽപ്പോയി. 

കൊച്ചി രാജ്യപ്രജാമണ്ഡലം പ്രവർത്തകരായ കെ പി മാധവൻനായർ, ചൊവ്വര പരമേശ്വരൻ, കെ സി മായംകുട്ടി മേത്തർ, പി കെ കൃഷ്ണൻകുട്ടി മേനോൻ, വെണ്മണി നാരായണൻ നമ്പൂതിരിപ്പാട് എന്നിവർക്കൊപ്പം 1948 മുതൽ 1951 വരെ പ്രവർത്തിച്ചു. 1952ൽ പുതിയേടത്തുകാർക്ക് പൊതുവഴി നിർമിക്കാൻ മുന്നിൽനിന്നു. 1956ൽ ഖാദി പ്രസ്ഥാനത്തിനൊപ്പം ചേർന്നു.

ബുദ്ധിവികാസമെത്താത്ത കുഞ്ഞുങ്ങളുടെ പഠനത്തിനായി ബഡ്‌സ് സ്‌കൂൾ സ്ഥാപിക്കാൻ അഞ്ച് സെന്റ് വീടിനോടുചേർന്ന് സൗജന്യമായി വിട്ടുകൊടുത്തു. ദീപം ബഡ്സ് സ്‌കൂൾ പിറന്നത്‌ ഇങ്ങനെ. സ്‌കൂളിന് മുന്നിലൂടെ പോകുന്ന വഴിക്ക്‌ ഗാന്ധി ജന്മശതാബ്ദി റോഡ് എന്ന് പേരിട്ടു. സ്‌കൂളിൽ ഗാന്ധിപ്രതിമയും സ്ഥാപിച്ചു.ശ്രീമൂലനഗരം, ചൊവ്വര ഭാഗങ്ങളിൽ പതിമൂന്നോളം ചാരായഷാപ്പുകൾ അടച്ചുപൂട്ടിക്കാനുള്ള സമരത്തിന് നേതൃത്വം നൽകി. കൂവപ്പാടത്ത് അംഗീകൃത ചാരായഷാപ്പിനുമുന്നിൽ നടന്ന ആദ്യത്തെ സത്യഗ്രഹത്തിൽ എം പി മന്മഥനും ഗാന്ധി പീസ് ഫെഡറേഷൻ പ്രവർത്തകർക്കുമൊപ്പം പങ്കെടുത്തു. തുടർന്ന് നാലുദിവസം മട്ടാഞ്ചേരി പൊലീസ്‌ ലോക്കപ്പിലായി. 1995ൽ മലയാറ്റൂർ മലയടിവാരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പത്തുപേരടങ്ങിയ മദ്യനിരോധന പദയാത്രയ്ക്ക് നേതൃത്വം നൽകി. 1982ൽ വനവൽക്കരണത്തിന്റെ  ഭാഗമായി പാറപ്പുറം വല്ലംകടവുമുതൽ ശ്രീമൂലം സർക്കാർ ആശുപത്രിവരെ വൃക്ഷത്തൈകൾ നട്ടു. ചൊവ്വര പരമേശ്വരൻ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇളയമകൻ സുരേഷിനൊപ്പം വിശ്രമജീവിതം നയിക്കുന്നു. ഭാര്യ: ദേവകിയമ്മ. നന്ദകുമാർ, പ്രസാദ്, ഗീത, രാധാകൃഷ്ണൻ എന്നിവരാണ് മറ്റുമക്കൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top