19 March Tuesday

ഇന്ത്യയെ ബിജെപി 
‘ഹിന്ദു ഇന്ത്യ’യാക്കുമെന്ന്‌ ക്രൈസ്‌തവ സഭ ; കോൺഗ്രസിനും വിമർശം

വേണു കെ ആലത്തൂർUpdated: Tuesday Jun 6, 2023


തൃശൂർ
പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി ബിജെപിയെ നേരിടാനായില്ലെങ്കിൽ രൂപം കൊള്ളുക ന്യൂനപക്ഷങ്ങൾക്കോ പ്രതിപക്ഷ പാർടികൾക്കോ ഇടമില്ലാത്ത ‘ഹിന്ദു ഇന്ത്യ’യായിരിക്കുമെന്ന്‌ ക്രൈസ്‌തവസഭ മുഖപത്രം. ഇരിങ്ങാലക്കുട രൂപതയുടെ മുഖമാസികയായ ‘കേരളസഭ’യുടെ ജൂൺ ലക്കത്തിലാണ്‌ ഈ ആശങ്ക പങ്കുവച്ചിരിക്കുന്നത്‌. കർണാടക തെരഞ്ഞെടുപ്പ്‌ ഫലത്തെക്കുറിച്ചുള്ള വിശകലനത്തിലാണ്‌ ബിജെപിക്കെതിരെ ഒന്നിക്കേണ്ടതിന്റെ ആവശ്യം എടുത്തുപറയുന്നത്‌. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ അവസാന അവസരമായിരിക്കുമെന്ന്‌ തിരിച്ചറിഞ്ഞ്‌ കോൺഗ്രസും പ്രതിപക്ഷ പാർടികളും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ജനാധിപത്യ–- മതനിരപേക്ഷ–-ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതീക്ഷ കോൺഗ്രസ്‌ തല്ലിക്കെടുത്തരുതെന്നും പത്രം ഉപദേശിക്കുന്നു. പാർലമെന്റ്‌ മന്ദിരം ഉദ്‌ഘാടനം ക്ഷേത്രചടങ്ങാക്കിമാറ്റിയെന്നും തീവ്ര ഹിന്ദു ദേശീയവാദത്തിന്റെ ആചാര്യനായിരുന്ന സവർക്കറുടെ 140–-ാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം നിർവഹിച്ചത്‌ വിവാദങ്ങൾക്കിടെയാണെന്നും ഓർമപ്പെടുത്തുന്നു.

ക്രൈസ്‌തവരെ ആക്രമിച്ചതുകൊണ്ട്‌ ക്ഷേമ രാഷ്ട്രമോ, നല്ല നാളെയോ ഉണ്ടാകില്ലെന്ന്‌ തൃശൂർ അതിരൂപയുടെ മുഖമാസികയായ ‘കത്തോലിക്ക സഭ’യുടെ മുഖപ്രസംഗത്തിൽ പറയുന്നു. മണിപ്പുരിലെ അക്രമസംഭവങ്ങളിൽ ബിജെപിയുടെ പങ്കിനെക്കുറിച്ചെഴുതിയ മുഖപ്രസംഗത്തിൽ ഹിറ്റ്‌ലറുടെ നടപടിയോടാണ്‌ കേന്ദ്രസർക്കാറിനെ ഉപമിക്കുന്നത്‌. വെറുപ്പിന്റെ ആയുധമണിഞ്ഞ ഹിറ്റ്‌ലർ ഒരിക്കലും വിജയിച്ചിട്ടില്ല. ലോകം ആ നരാധമനേയും അദ്ദേഹത്തിന്റെ തത്വസംഹിതയേയും ബഹിഷ്‌കരിച്ചുവെന്നും ‘വിദ്വേഷം വിജയമല്ല’ എന്നും മുഖപ്രസംഗത്തിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top