19 March Tuesday
കസ്റ്റമർകെയർ തിരുവനന്തപുരത്ത്‌

അന്വേഷണത്തിന്‌ 8000 വിളി ; ഹൈസ്‌പീഡിൽ കെ ഫോൺ , വാണിജ്യകണക്‌ഷൻ അടുത്തമാസം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023


തിരുവനന്തപുരം
സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ ബ്രോഡ്‌ബാൻഡായ കെ ഫോണിനെക്കറിച്ച്‌ അറിയാൻ ആദ്യദിനമെത്തിയത്‌ 8000 വിളി. പറഞ്ഞ നിരക്കിലും വേഗത്തിലും കണക്‌ഷൻ ലഭ്യമാകുമോ എന്നാണ്‌ മിക്കവർക്കും അറിയേണ്ടത്‌. സംശയങ്ങൾ തീർന്നതോടെ മറുതലയ്‌ക്കലിൽനിന്ന്‌ തകർപ്പനെന്ന്‌ അഭിനന്ദനം. സംസ്ഥാനത്ത്‌ വിവിധ ജില്ലകളിലായി 30,00-0 കിലോമീറ്റർ കേബിൾ വലിച്ചിട്ടുണ്ട്‌. നഗരമായാലും ഗ്രാമമായാലും കണക്‌ഷൻ നൽകാൻ തയ്യാറാണ്‌ കെ ഫോൺ.

ജൂലൈ ആദ്യവാരം സ്വകാര്യ കണക്‌ഷൻ നൽകിത്തുടങ്ങുമെന്ന്‌ കമ്പനി എംഡി സന്തോഷ്‌ ബാബു പറഞ്ഞു. സ്വകാര്യടിവി കേബിൾ ഓപ്പറേറ്റർമാരും പങ്കാളികളാകും. ടെൻഡർ നടപടി പുരോഗമിക്കുകയാണ്‌. 40 ലക്ഷം കണക്‌ഷൻ നൽകാനുള്ള അടിസ്ഥാന സൗകര്യമാണ്‌ നിലവിലുള്ളത്‌. ഇത് രണ്ടാംഘട്ടത്തിൽ വർധിപ്പിക്കും.

ചൊവ്വാഴ്‌ച ആപ്പിലൂടെ രജിസ്റ്റർ ചെയ്‌തവരിൽ കണക്‌ഷൻ എടുക്കാൻ താൽപ്പര്യമുള്ളവരെ കണ്ടെത്തും. പേര്‌, മൊബൈൽ നമ്പർ, ഇ–- മെയിൽ ഐഡി, മേൽവിലാസം എന്നിവയോടെയാണ്‌ കണക്‌ഷനായി രജിസ്റ്റർ ചെയ്യേണ്ടത്‌. കണക്‌ഷൻ എപ്പോൾ നൽകാൻ കഴിയുമെന്ന്‌ അറിയിക്കും. മോഡം ഉൾപ്പെടെ സൗജന്യമായാണ്‌ നൽകുക. 20 എംബിപിഎസാണ്‌ അടിസ്ഥാന വേഗം. വിവിധ സർക്കാർ ഓഫീസുകൾക്കായി നൽകുന്നത്‌ 30,000 കണക്‌ഷനാണ്‌. ഇതിനു പുറമെ ആദ്യഘട്ടത്തിൽ വാണിജ്യ കണക്‌ഷൻ 1.30 ലക്ഷം കൊടുക്കും. ലൈസൻസ്‌ ലഭിക്കുന്നതിന്‌ അനുസരിച്ച്‌ അത്‌ അഞ്ചുലക്ഷമാക്കും. സപ്ലൈകോ ഔട്ട്‌ലെറ്റുകൾ, റേഷൻകടകൾ എന്നിവയ്‌ക്കും കണക്‌ഷൻ ലഭ്യമാക്കും. കേരള ബാങ്കും താൽപ്പര്യം അറിയിച്ചിട്ടുണ്ട്‌.

കസ്റ്റമർകെയർ തിരുവനന്തപുരത്ത്‌
വാണിജ്യ കണക്‌ഷൻ കൊടുക്കുന്നതിനുമുമ്പ്‌ തിരുവനന്തപുരത്തെ കെ ഫോൺ ആസ്ഥാനത്ത്‌ കസ്റ്റമർകെയർ സെന്റർ സ്ഥാപിക്കും. 24 മണിക്കൂറും പ്രവർത്തിക്കും. ഇ–- മെയിൽ, വാട്ട്‌സാപ്‌, എസ്‌എംഎസ്‌, ഫോൺകോൾ എന്നിവ മുഖേന പരാതി സ്വീകരിക്കും. കൊച്ചിയിലും കസ്റ്റമർകെയർ സെന്റർ സ്ഥാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top