28 March Thursday

'പെൻഷൻ കിട്ടി മോനെ, സന്തോഷമായി.. മോൻ ജയിക്കും, ജയിച്ച് ഇതിലെ വരണം'

അഞ‌്ജുനാഥ‌്Updated: Sunday Apr 7, 2019

കൊച്ചി> കൊന്നപ്പൂക്കൾകൊണ്ട‌് തീർത്ത ബൊക്കെ വി എൻ വാസവൻ കൈനീട്ടി വാങ്ങി. പിന്നാലെ സ‌്നേഹോപഹാരമായി കഴുത്തിൽ ഒരു ചുവന്ന ഷാൾ. അഭിവാദ്യം സ്വീകരിച്ച‌് സ്ഥാനാർഥി കൈവീശിയപ്പോൾ ആവേശം അണപൊട്ടിയൊഴുകി. ഉച്ചത്തിലുള്ള മുദ്രാവാക്യം വിളികളാൽ ജനങ്ങൾ എൽഡിഎഫിന്റെ കോട്ടയം മണ്ഡലം സാരഥിക്ക‌് സ്വാഗതമോതി. 

ശനിയാഴ‌്ച രാവിലെ എടയാർ ഓലക്കാട്ടെ സ്വീകരണ കേന്ദ്രത്തിലായിരുന്നു രംഗം. വി എൻ വാസവൻ മണ്ഡലപര്യടനം ആരംഭിച്ചിട്ട‌് എട്ട‌് ദിവസമായി. പിറവം മണ്ഡലത്തിൽ രണ്ടാംതവണയാണ‌്. എവിടെയും നിറയുന്ന ആവേശം. അനാഥമായ കോട്ടയം പാർലമെന്റ‌് മണ്ഡലത്തെ സനാഥമാക്കാനെത്തിയ എൽഡിഎഫ‌് സാരഥിക്ക‌് അഭിവാദ്യമർപ്പിക്കാൻ സ‌്ത്രീകളും കുട്ടികളും തൊഴിലാളികളും ഉൾപ്പെടെയുള്ളവർ തടിച്ചുകൂടി. വിഷുവിനെ വരവേൽക്കാൻ എവിടെയും നിറയെ പൂത്തൊരുങ്ങിയ കണിക്കൊന്നകൾ. സ്വീകരണകേന്ദ്രങ്ങളിൽ താരവും കണിക്കൊന്നതന്നെ. കൊന്നപ്പൂക്കൾകൊണ്ട‌് തീർത്ത ബൊക്കെയായും മാലയായുമൊക്കെ സ്ഥാനാർഥിക്ക‌് സമ്മാനമെത്തി. കൂടാതെ, പൂവൻപഴക്കുലയും പഴങ്ങളുമൊക്കെ നൽകി ജനങ്ങൾ വാസവനെ വരവേറ്റു. തുടർന്ന‌് പ്രചാരണ വാഹനത്തിലേക്ക‌്. സുവ്യക‌്തവും ലളിതവുമായ വാക്കുകളിൽ സ്വീകരണത്തിന‌് നന്ദി പറഞ്ഞുകൊണ്ട‌് പ്രസംഗം. വ്യക‌്തിപരമായ നേട്ടങ്ങൾക്കും സ്ഥാപിത താൽപ്പര്യങ്ങൾക്കുമായി നിങ്ങൾ എന്നിലർപ്പിക്കുന്ന വിശ്വാസം ദുരുപയോഗം ചെയ്യില്ലെന്നും ഒരിക്കലും മണ്ഡലത്തെ അനാഥമാക്കില്ലെന്നും സ്ഥാനാർഥിയുടെ ഉറപ്പ‌്. നിങ്ങളുടെ സ്വാധീനം ഉപയോഗിച്ച‌് കൂടുതൽ വോട്ടുകൾ സമാഹരിക്കണമെന്ന‌് അഭ്യർഥന.  തുടർന്ന‌് അടുത്ത കേന്ദ്രത്തിലേക്ക‌്.

സ്ഥാനാർഥിയുടെ പ്രചാരണവാഹനത്തിന‌് മുന്നിൽ അനൗൺസ‌്മെന്റ‌് വാഹനം. ജില്ലയുടെ കാർഷികമേഖലയായ പിറവം മണ്ഡലത്തിലെ ഗ്രാമീണ റോഡുകളിലൂടെ കടന്നുപോകുന്ന സ്ഥാനാർഥിയെ കാണാൻ വീടുകളിൽനിന്ന‌് ഓടിയെത്തുന്ന ജനങ്ങൾ. എല്ലാവർക്കും കൈവീശി സ്ഥാനാർഥിയുടെ അഭിവാദ്യം.
പീടികപ്പടിയിലെയും കണിമലപ്പടിയിലെയും ചെള്ളക്കപ്പടിയിലെയും സ്വീകരണകേന്ദ്രങ്ങൾ പിന്നിട്ട‌് വളപ്പിൽ എത്തിയതോടെ വെയിലിനു ചൂടേറി. എങ്കിലും ആവേശം ചോരാതെ ജനങ്ങൾ കാത്തുനിന്നു. മംഗലത്തുതാഴത്ത‌് എത്തിയപ്പോൾ മന്ത്രി സി രവീന്ദ്രനാഥ‌് അവിടെയുണ്ട‌്. രാമപുരത്തെ പൊതുയോഗത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്ന മന്ത്രി, വി എൻ വാസവനെ കണ്ട‌് വാഹനത്തിൽനിന്ന‌് ഇറങ്ങിവന്ന‌് അഭിവാദ്യം ചെയ‌്തു. തുടർന്ന‌് മറ്റ‌് സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ട‌് വാഹനം തിരുമാറാടിയിലേക്ക‌്.

ഉച്ചഭക്ഷണത്തിന്റെ ഇടവേളയിൽ പേപ്പതി മലബാർ ഗ്രൂപ്പ‌് ഓഫ‌് കമ്പനീസിലും  കാക്കൂർ ഗുഡ‌്ന്യൂസ‌് സ‌്നേഹഭവനിലും സ്ഥാനാർഥിയുടെ സന്ദർശനം. തുടർന്ന‌് പ്രളയദുരന്തത്തിന‌് ഇരയായവർക്ക‌് സഹായമെത്തിക്കുന്നതിനായി സ്വന്തം പേരിലുള്ള ‌‌35 സെന്റ‌് സ്ഥലം സിപിഐ എം ജില്ലാ സെക്രട്ടറിയുടെ പേരിൽ എഴുതി നൽകിയ കാക്കൂർ സർവീസ‌് സഹകരണബാങ്ക‌് മുൻ പ്രസിഡന്റ‌് കെ ചന്ദ്രശേഖരപ്പണിക്കരുടെ തിരുമാറാടിയിലെ വസതിയിൽ ചെറിയൊരു വിശ്രമം. ഇതിനുശേഷം കാണാനെത്തിയ മാധ്യമപ്രവർത്തകരോട‌് സംഭാഷണം. ‘എവിടെയും പ്രതീക്ഷാനിർഭരമായ സാഹചര്യമാണുള്ളത‌്. മണ്ഡലത്തിന്റെ എല്ലാ ഭാഗത്തും തികഞ്ഞ ആവേശത്തോടെയാണ‌് ജനങ്ങൾ സ്വീകരിക്കാനെത്തുന്നത‌്. റബർ കർഷകർ ധാരാളമുള്ള പ്രദേശമാണ‌് പിറവം. പക്ഷേ, ഇപ്പോൾ കർഷകർക്ക‌് വെട്ടുകൂലിപോലും കിട്ടുന്നില്ല എന്നതാണ‌് അവസ്ഥ. കുമരകം ഉൾപ്പെടെ മണ്ഡലത്തിലെ പ്രധാനപ്പെട്ട പല ടൂറിസം പദ്ധതികളുടെയും വികസനം മുരടിച്ചു. കോട്ടയം–--എറണാകുളം റെയിൽപ്പാതയുടെ ഇരട്ടിപ്പിക്കൽ ഇനിയും പൂർത്തിയായില്ല. ഇതിനൊക്കെ ജനങ്ങൾ പ്രതികരിക്കും’. അളന്നുമുറിച്ച വാക്കുകളിൽ വി എൻ വാസവന്റെ പ്രതികരണം.
തുടർന്ന‌് വീണ്ടും സ്വീകരണകേന്ദ്രങ്ങളിലേക്ക‌്. വൈകിട്ട‌് പാമ്പാക്കുട നെയ‌്ത്തുശാലപ്പടിയിൽ സ്വീകരണകേന്ദ്രത്തിൽ എത്തുമ്പോൾ സൂര്യൻ ചെങ്കതിർ വീശിത്തുടങ്ങിയിരുന്നു. രാവിലെ കണ്ട അതേ പ്രസരിപ്പോടെ വി എൻ വാസവൻ. കോട്ടയത്തെ ചുവപ്പണിയിക്കാനുള്ള ദൗത്യവുമായി എൽഡിഎഫിന്റെ പോരാളി മുന്നോട്ട‌്.

വിജയാശംസകളുമായി മലബാർ ഗ്രൂപ്പ‌് ഓഫ‌് കമ്പനീസ‌് 
കൂത്താട്ടുകുളം
പേപ്പതി മലബാർ ഗ്രൂപ്പ‌് ഓഫ‌് കമ്പനീസിൽ എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവൻ സന്ദർശനം നടത്തി. പിറവം മണ്ഡലത്തിലെ പര്യടനത്തിന‌ിടെ ശനിയാഴ‌്ച ഉച്ചയ‌്ക്കാണ‌് അദ്ദേഹം സ്ഥാപനത്തിൽ എത്തിയത‌്. എംഡി ജയിംസ‌് പോൾ, ഡയറക‌്ടർമാരായ ജോജി അഗസ‌്റ്റിൻ,  ഷിജി തോമസ‌്, സീനിയർ അഡ‌്മിനിസ‌്ട്രേഷൻ മാനേജർ എം പി ജോസഫ‌് എന്നിവർ ചേർന്ന‌്  വാസവനെ സ്വീകരിച്ചു. തുടർന്ന‌് അദ്ദേഹം തൊഴിലാളികളോട‌് സംസാരിച്ചു. ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും വെല്ലുവിളി നേരിടുന്ന കാലമാണിതെന്ന‌് അദ്ദേഹം പറഞ്ഞു. നാം എന്തു കഴിക്കണമെന്നും എന്തു ചെയ്യണമെന്നും മറ്റു പലരും തീരുമാനിക്കുന്ന സാഹചര്യമാണുള്ളത‌്. ഇതൊക്കെ അവസാനിപ്പിക്കണം. അതിനായി എല്ലാവരും വോട്ട‌് നൽകണമെന്ന‌് അദ്ദേഹം അഭ്യർഥിച്ചു.

 

കൈനീട്ടമായി പെൻഷൻ‌; സമ്മാനമായി പയർ 

കൂത്താട്ടുകുളം
‘‘പെൻഷൻ വീട്ടിൽ കിട്ടി മോനെ സന്തോഷമായി. വിഷു കൈനീട്ടം കിട്ടിയപോലെ തോന്നി. മോൻ ജയിക്കും. ജയിച്ച് ഇതിലെ വരണം’’ –-

തിരുമാറാടി പുന്നംകോട് വി എൻ വാസവനെ സ്വീകരിക്കാനെത്തിയ തടത്തിപ്പറമ്പിൽ കറമ്പി കുട്ടപ്പന്റെ വാക്കുകളാണിവ. കർഷക തൊഴിലാളിക്ഷേമ പെൻഷൻ കാക്കൂർ സർവീസ് സഹകരണ ബാങ്ക് വഴി വീട്ടിൽ കിട്ടിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയായിരുന്നു അവർ. പുരയിടത്തിൽ കൃഷിചെയ്ത ഒരുകെട്ട് പയർ സമ്മാനിച്ചാണ് സ്ഥാനാർഥിയെ അവർ യാത്രയാക്കിയത്.

 

 

എൽഡിഎഫ് വന്നു; വീടും ലഭിച്ചു

കൂത്താട്ടുകുളം
പിണറായി സർക്കാർ നടപ്പാക്കിയ ലൈഫ് ഭവന പദ്ധതിവഴി വീട് ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു തിരുമാറാടി പഞ്ചായത്ത്‌ കവലയിലെ സ്വീകരണത്തിനെത്തിയ സിനി കണ്ണൻ.

തിരുമാറാടി പഞ്ചായത്തിൽ സ്ഥലമുണ്ടായിട്ടും വീട‌് നിർമിക്കാൻ കഴിയാതിരുന്നവരുടെ പട്ടികയിലായിരുന്നു സിനി. ഇവർക്ക‌് രണ്ടാംഘട്ടത്തിലാണ് വീട് ലഭിച്ചത്.

‘എൽഡിഎഫ് വന്നു; വീടും ലഭിച്ചു. പാവങ്ങളുടെ പ്രതീക്ഷയാണ് എൽഡിഎഫ്. അതുകൊണ്ട് വാസവൻ വിജയിക്കണം.’–- 

സിനി പറഞ്ഞു.

കൊന്നപ്പൂക്കൾ നൽകിയാണ് അവർ സ്ഥാനാർഥിയെ സ്വീകരിച്ചത്.

 

അമരക്കാരന് ഹൃദയാഭിവാദ്യം

അരുൺ തിരുമാറാടി
കൂത്താട്ടുകുളം
അക്ഷരനഗരിയുടെ അമരക്കാരന് പിറവം മണ്ഡലത്തിലെങ്ങും ആവേശം അലതല്ലിയ സ്വീകരണം. കോട്ടയം പാർലമെന്റ‌് മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി വി എൻ വാസവന്റെ മണ്ഡലപര്യടനം ശനിയാഴ്ച രാവിലെ   ഓലക്കാടുനിന്നാണ‌്‌  ആരംഭിച്ചത‌്. പൊതുമേഖലാ സ്ഥാപനമായ എംപിഐ ജീവനക്കാരടക്കം വൻ ജനാവലി  സ്വീകരിക്കാനെത്തി. 

പ്രചാരണം  എൽഡിഎഫ് പിറവം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ എൻ ഗോപി ഉദ‌്ഘാടനം ചെയ്തു. തുടർന്ന് നാസിക് ഡോലിന്റെയും ഡിവൈഎഫ്ഐ പ്രവർത്തകരുടെ ടൂവീലർ റാലിയുടെയും അകമ്പടിയോടെ സ്വീകരണകേന്ദ്രങ്ങളിലേക്ക്. കർഷകരും തൊഴിലാളികളും വീട്ടമ്മമാരും കുട്ടികളുമായിരുന്നു സ്വീകരണകേന്ദ്രങ്ങളിൽ അധികവും. കുറ്റിപ്പയർ, ഇളനീർ, തണ്ണിമത്തൻ, വെള്ളരിക്ക, വാഴക്കുലകൾ എന്നിവ നൽകിയാണ്  അവർ പ്രിയ നേതാവിനെ വരവേറ്റത‌്.

സ്വീകരണകേന്ദ്രങ്ങളിലേതുകൂടാതെ  വഴിയിൽ കാത്തുനിന്നവരും വി എൻ വാസവനെ പൂച്ചെണ്ട‌് നൽകിയും ഷാൾ അണിയിച്ചും സ്വീകരിച്ചു.  ചെള്ളക്കപ്പടിയിലെ സ്വീകരണകേന്ദ്രത്തിൽ രണ്ടരവയസ്സുകാരൻ ശ്രീഹാൻ വി എൻ വാസവന‌് മാലയിടാൻ എത്തി. വലിയച്ഛൻ ടി ഇ രാജനൊപ്പമാണ‌് ശ്രീഹാൻ എത്തിയത‌്. തിരുമാറാടി പുന്നംകോട്  സ്വീകരണകേന്ദ്രത്തിൽ പഞ്ചായത്ത്‌ അംഗംകൂടിയായ ഗരുഡൻ തൂക്കം കലാകാരൻ പ്രശാന്ത് പ്രഭാകരൻ ഗരുഡൻ പറവയുടെ കിരീടം അണിയിച്ചാണ് വാസവനെ വരവേറ്റത്.

വർധിപ്പിച്ച ക്ഷേമപെൻഷനുകൾ വീട്ടിൽ ലഭിച്ചതിന്റെയും ലൈഫ് ഭവനം ലഭിച്ചതിന്റെയുമടക്കം എൽഡിഎഫ് സർക്കാർ നൽകിയ സൗഭാഗ്യങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ട് നിരവധിപ്പേർ സ്വീകരണകേന്ദ്രങ്ങളിൽ എത്തി. കൂത്താട്ടുകുളം, തിരുമാറാടി, പാമ്പാക്കുട, രാമമംഗലം എന്നിവിടങ്ങളിലായിരുന്നു പര്യടനപരിപാടികൾ. രാമമംഗലം  ശിവലിയിലായിരുന്നു സമാപനം. എൽഡിഎഫ് പിറവം മണ്ഡലം സെക്രട്ടറി ഷാജു ജേക്കബ്, എം ജെ ജേക്കബ്, എം സി സുരേന്ദ്രൻ, സദാമണി, കെ ചന്ദ്രശേഖരൻ, സോജൻ ജോർജ്, കെ എൻ സുഗതൻ എന്നിവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു.

വിജയാശംസകളുമായി ഫാ. സേവ്യർ മാമൂട്ടിൽ
കൂത്താട്ടുകുളം

വി എൻ വാസവന് ആശംസകൾ നേർന്നുകൊണ്ട് കാണക്കാരി പള്ളി വികാരി ഫാ. സേവ്യർ മാമൂട്ടിൽ എത്തിയത് സ്വീകരണത്തിന് ആവേശം പകർന്നു.

കൂത്താട്ടുകുളത്തെ പ്രചാരണപരിപാടികളുടെ ഭാഗമായി ചോരക്കുഴിയിലെ സ്വീകരണകേന്ദ്രത്തിലേക്ക് പോകവെ സ്ഥാനാർഥിയുടെ വാഹനം കണ്ട് ഫാദർ കൈ കാണിച്ച്  നിർത്തിക്കുകയായിരുന്നു. ഹസ‌്തദാനം നൽകി 

‘കോട്ടയത്തിന്റെ നാഥന് വിജയാശംസകൾ’ നേർന്നാണ‌് വി എൻ വാസവനെ യാത്രയാക്കിയത‌്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top