19 April Friday

ജിഎക്‌സ്‌ കേരള 23 ; ആഗോള ശുചിത്വ എക്‌സ്‌പോയ്‌ക്ക്‌ സമാപനം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023


കൊച്ചി
കേരളത്തെ സമ്പൂർണ മാലിന്യവിമുക്ത സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണവകുപ്പും ശുചിത്വമിഷനും ചേർന്ന് സംഘടിപ്പിച്ച ത്രിദിന ഗ്ലോബൽ എക്സ്പോ ‘ജി എക്‌സ്‌ കേരള’ സമാപിച്ചു. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽനിന്ന്‌ തെരഞ്ഞെടുത്ത ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിവിധ വകുപ്പുതലവന്മാരും സംരംഭകരും വിദഗ്‌ധരും ഉൾപ്പെടെ 20,000 പേർ മൂന്നുദിവസത്തെ എക്‌സ്‌പോയിൽ പങ്കെടുത്തു. പഠന, ചർച്ചാ സമ്മേളനവും പ്രദർശനവുമാണ്‌ നടന്നത്‌. മാലിന്യസംസ്‌കരണത്തിലെ ലോകോത്തര സങ്കേതങ്ങളും ആശയങ്ങളും എക്‌സ്‌പോയുടെ ഭാഗമായി അവതരിപ്പിച്ചു.

എക്‌സ്‌പോയുടെ പ്രചാരണത്തിന്‌ നഗരത്തിൽ സ്ഥാച്ചിരുന്ന ഫ്ലക്‌സുകൾ ശേഖരിച്ച്‌ പുനരുൽപ്പാദിപ്പിച്ചുകൊണ്ടായിരുന്നു സമാപനം. വേദിക്കുപുറത്ത്‌ പ്രദർശിപ്പിച്ചിരുന്ന പ്ലാസ്‌റ്റിക്‌ സംസ്‌കരണയന്ത്രത്തിൽ മേയർ എം അനിൽകുമാർ പ്രചാരണസാമഗ്രികൾ നിക്ഷേപിച്ചു. ഇങ്ങനെ പൊടിച്ചെടുക്കുന്ന പ്ലാസ്‌റ്റിക്‌ പിന്നീട്‌ ചെടിച്ചട്ടി ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളാക്കിമാറ്റുകയാണ്‌.

പ്ലാനിങ് ബോർഡ്‌ വൈസ്‌ ചെയർമാൻ പ്രൊഫ. വി കെ രാമചന്ദ്രൻ, ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ്‌ തോമസ്‌, കലക്ടർ രേണു രാജ്‌, തദ്ദേശവകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി എം ജി രാജമാണിക്യം, ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ കെ ടി ബാലഭാസ്‌കരൻ തുടങ്ങിയവർ സംസാരിച്ചു.
‘ദ്രവമാലിന്യസംസ്‌കരണം–- ജനകീയ പങ്കാളിത്തം’ എന്ന പാനൽ ചർച്ചയിൽ ശുചിത്വമിഷൻ കൺസൾട്ടന്റ്‌ എൻ ജഗജീവൻ മോഡറേറ്ററായി. ‘ദ്രവമാലിന്യം–- നിരീക്ഷണത്തിന്റെ ആവശ്യകത’ എന്ന സെഷനിൽ ശുചിത്വമിഷൻ ഡയറക്ടർ കെ എസ്‌ പ്രവീൺ മോഡറേറ്ററായി. ‘പ്ലാസ്‌റ്റിക്‌ പാക്കേജിങ്’ എന്ന പാനൽ ചർച്ചയിൽ ജ്യോതിഷ്‌ ചന്ദ്രൻ മോഡറേറ്ററായി. ‘മറൈൻ ലിറ്ററിങ്–- പ്രതിരോധ പരിഹാരമാർഗങ്ങളും സാങ്കേതികവിദ്യകളും’ എന്ന സെമിനാറോടെയാണ്‌ എക്‌സ്‌പോ സമാപിച്ചത്‌. മത്സ്യഫെഡ്‌ മാനേജിങ്‌ ഡയറക്ടർ ദിനേശൻ ചെറുവത്ത്‌ അധ്യക്ഷനായി.

നൂറ്റഞ്ച്‌ പ്രദർശന സ്റ്റാളുകളിലായി മാലിന്യസംസ്‌കരണത്തിലെ മികച്ച മാതൃകകളും പ്രദർശിപ്പിച്ചിരുന്നു. 22 സെഷനുകളിലായി 150 വിദഗ്ധർ പങ്കെടുത്തു. ഗ്ലോബൽ എക്‌സ്‌പോയുടെ രണ്ടാംഘട്ടമായി കർമപദ്ധതി രൂപീകരിക്കും. മാലിന്യസംസ്കരണരംഗത്ത് ദേശീയ–-അന്തർദേശീയ തലത്തിൽ അംഗീകാരം ലഭിച്ച തദ്ദേശസ്ഥാപനങ്ങൾ നടപ്പാക്കിയ മികച്ച മാതൃകകളും എക്സ്പോയിൽ പ്രദർശിപ്പിച്ചു. കേരളത്തെ സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമാക്കാനുള്ള കർമപദ്ധതി പ്രഖ്യാപിച്ചു. മാലിന്യം നീക്കുന്ന വാഹനങ്ങളിൽ പതിക്കുന്ന ഹോളോഗ്രാം പ്രകാശിപ്പിക്കൽ, ഹരിതമിത്രം ആപ്പിന്റെ രണ്ടാംഘട്ടം ഉദ്‌ഘാടനം എന്നിവയും നടന്നു. സെന്റ് തെരേസാസ് കോളേജിൽനിന്ന് ഗ്ലോബൽ എക്‌സ്‌പോയിൽ വളന്റിയർമാരായി പങ്കെടുത്ത വിദ്യാർഥിനികളെ അനുമോദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top