27 April Saturday

നിയമനങ്ങൾ സുതാര്യം, നുണപ്രചാരണം ആസൂത്രിതം : എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022

തിരുവനന്തപുരം
സർക്കാർ സ്ഥാപനങ്ങളിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് ആസൂത്രിത നുണപ്രചാരണം നടത്തുന്നതായി തദ്ദേശഭരണമന്ത്രി എം ബി രാജേഷ് പറഞ്ഞു. പ്രതിപക്ഷം വസ്തുതാവിരുദ്ധ കാര്യങ്ങൾ അതിശയോക്തിയോടെ അവതരിപ്പിക്കുന്നു. ഈ ആരോപണങ്ങളെല്ലാം  തെരഞ്ഞെടുപ്പിൽ ജനം തള്ളിയതാണന്നും മന്ത്രി പറഞ്ഞു. സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ താൽക്കാലിക നിയമനങ്ങളിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന്‌ മറുപടി പറയുകയായിരുന്നു മന്ത്രി.

വലിയ സന്നാഹത്തോടെ വസ്തുതകളുടെ പിൻബലമില്ലാതെയാണ്‌ സംഘടിത വ്യാജപ്രചാരണം. ആറു വർഷത്തിനിടയിൽ എൽഡിഎഫ്‌ സർക്കാർ 1,99,201 പേർക്ക് പിഎസ്‌സിവഴി നിയമനം നൽകി. യുഡിഎഫ്‌ സർക്കാരാകട്ടെ 1,49,386 പേർക്കുമാത്രം. ഇതിൽത്തന്നെ 4031 പേർക്ക്‌ എൽഡിഎഫ്‌ സർക്കാരാണ്‌ നിയമനം ഉറപ്പാക്കിയത്‌. രണ്ടാം പിണറായി സർക്കാർ ആദ്യവർഷംതന്നെ 37,840 പേരെയും നിയമിച്ചു. പിഎസ്‌സിയെ നോക്കുകുത്തിയാക്കിയെന്ന വ്യാജപ്രചാരണത്തിലെ പൊള്ളയാണ്‌ തെളിയുന്നത്‌.

കോവിഡിനെ നേരിടാനടക്കം 40,000 തസ്‌തിക സൃഷ്ടിച്ചു. 52 പൊതുമേഖലാ സ്ഥാപനത്തിലെ നിയമനംകൂടി പിഎസ്‌സിക്ക്‌ വിട്ടു. ലോക്‌ഡൗൺകാലത്ത്‌ 112 റാങ്ക്‌ ലിസ്റ്റിൽനിന്നായി 11,000 പേർക്ക്‌ നിയമനം നൽകി. 55 റാങ്ക്‌ ലിസ്റ്റും 35 തസ്‌തികയിൽ വിജ്ഞാപനവും പ്രസിദ്ധീകരിച്ചു. 181 പുതിയ ഐടി കമ്പനിയായി.  വ്യാജക്കത്തിന്റെ മറവിലാണ്‌ തിരുവനന്തപുരം കോർപറേഷനിൽ കുപ്രചാരണവും സമരവും. മൂന്നുവട്ടം അപേക്ഷ ക്ഷണിച്ചിട്ടും ആവശ്യത്തിന്‌ ഉദ്യോഗാർഥികളെ കിട്ടാത്തിടത്താണ്‌ പിൻവാതിൽ നിയമനം ആരോപിക്കുന്നത്‌. എല്ലാ തദ്ദേശ സ്ഥാപനത്തിലും അഴിമതിയാണെന്നു സ്ഥാപിക്കാനാണ്‌ യുഡിഎഫ്‌ ശ്രമം.  യുഡിഎഫ് നേതാക്കളുടെ കത്തുകളും മന്ത്രിസഭയിൽ വായിച്ചു. മന്ത്രിയുടെ മറുപടിയിൽ പ്രകോപിതരായ പ്രതിപക്ഷം ബഹളമുണ്ടാക്കാൻ തുടങ്ങിയതോടെ നടപടികൾ പൂർത്തിയാക്കി സഭ പിരിഞ്ഞു.

രാജസ്ഥാൻ മാതൃക ഇവിടെ വേണ്ട
തൊഴിലില്ലായ്‌മ പ്രശ്‌നത്തിൽ രാജസ്ഥാന്റെ മാതൃകയല്ല കേരളത്തിൽ നടപ്പാക്കുന്നതെന്ന്‌ മന്ത്രി വ്യക്തമാക്കി. കേരളത്തിൽ തൊഴിലില്ലായ്‌മ നിരക്ക്‌ കുറയുന്നുവെന്നാണ്‌ സെന്റർ ഫോർ മോണിറ്ററിങ്‌ ഇന്ത്യൻ എക്കോണമിയുടെ കണക്കിലും വ്യക്തമാകുന്നത്‌. കേരളത്തിൽ തൊഴിലില്ലായ്‌മ നിരക്ക്‌ 4.8 ശതമാനമാണ്‌. ദേശീയ ശരാശരി 7.8 ശതമാനവും. കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനിൽ അതിലും കൂടുതലാണ്‌. രാജസ്ഥാനിൽ 1.10 ലക്ഷം കരാർ ജീവനക്കാരെയാണ്‌ സ്ഥിരപ്പെടുത്തിയത്‌. ഇതാണ്‌ കോൺഗ്രസിന്റെ തൊഴിൽനയം. ഈ അനുഭവം വച്ചിട്ടാണ്‌ കേരളത്തിൽ പിൻവാതിൽ നിയമന പ്രസംഗം നടത്തുന്നത്‌. അവിടെ ആറു വർഷത്തിനുള്ളിൽ 62,243 പേർക്ക്‌ മാത്രമാണ്‌ നിയമനം നൽകിയത്‌. കേന്ദ്ര സർക്കാരിൽ 10 ലക്ഷത്തിലേറെ തസ്‌തിക ഒഴിഞ്ഞുകിടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top