24 April Wednesday

തുറമുഖ നിർമാണ അട്ടിമറിക്കാരെ കണ്ടെത്തൽ ; കേന്ദ്രത്തെ ക്ഷണിച്ചത്‌ യുഡിഎഫ്‌

സുജിത്‌ ബേബിUpdated: Tuesday Dec 6, 2022


തിരുവനന്തപുരം
വിഴിഞ്ഞം പദ്ധതിക്കെതിരെ പ്രവർത്തിക്കുന്ന ശക്തികളെക്കുറിച്ച്‌ അന്വേഷണം തുടങ്ങിവച്ചത്‌ യുഡിഎഫ്‌ ഭരണകാലത്ത്‌. തുറമുഖ പദ്ധതിക്കെതിരെ ഹർജി നൽകിയവരുടെ പിന്നിലെ ശക്തികളെ കണ്ടെത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്ര സർക്കാരിനോട്‌ യുഡിഎഫ്‌ ഭരണകാലത്ത്‌ അഭ്യർഥിച്ചിരുന്നു. തുറമുഖമന്ത്രിയായിരുന്ന കെ ബാബു 2014 ഡിസംബർ എട്ടിന്‌ നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌.യുഡിഎഫ്‌ എംഎൽഎമാരായിരുന്ന എ ടി ജോർജ്‌, കെ ശിവദാസൻനായർ, കെ മുരളീധരൻ, ആർ സെൽവരാജ്‌ എന്നിവരുടെ നക്ഷത്രചിഹ്നമിട്ട ചോദ്യത്തിനാണ്‌ കെ ബാബു മറുപടി നൽകിയത്‌.

ചോദ്യം ഇങ്ങനെ: ‘വിഴിഞ്ഞം പദ്ധതിക്കെതിരെ ഏതെങ്കിലും ശക്തികൾ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ, എങ്കിൽ അതിനെതിരെ സ്വീകരിച്ച നടപടികൾ വിശദമാക്കുമോ?’ കെ ബാബുവിന്റെ മറുപടി: ‘വിഴിഞ്ഞം പദ്ധതിയുടെ പാരിസ്ഥിതികാനുമതിക്ക്‌ എതിരെ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചിൽ രണ്ടു ഹർജി സമർപ്പിക്കപ്പെട്ടിട്ടുണ്ട്‌. ഡൽഹി ബെഞ്ചിൽ വിഴിഞ്ഞം പദ്ധതിക്കും പാരിസ്ഥിതികാനുമതിക്കും എതിരെയും 2011ലെ സിആർഇസഡ്‌ നിയമം ചോദ്യം ചെയ്‌തും ഓരോ ഹർജി വീതം നൽകിയിട്ടുണ്ട്‌. ഇതിനെതിരെ നിയമപരമായ നടപടികൾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയും സംസ്ഥാന സർക്കാരും സ്വീകരിച്ചുവരുന്നു. കേസ്‌ ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്‌. ഇവർക്കു പിന്നിൽ ഏതെങ്കിലും ശക്തികൾ പ്രവർത്തിക്കുന്നുണ്ടോയെന്ന്‌ അന്വേഷണം നടത്തണമെന്ന്‌ കേന്ദ്ര സർക്കാരിനോട്‌ അഭ്യർഥിച്ചിട്ടുണ്ട്‌’.

വിഴിഞ്ഞം പദ്ധതിക്കെതിരായി നടക്കുന്ന അക്രമസമരങ്ങളെയടക്കം ന്യായീകരിക്കുന്ന നിലപാടിലാണ്‌ ഇപ്പോൾ യുഡിഎഫ്‌. അധികാരത്തിൽ ഇരുന്നപ്പോഴുള്ള നയം മറച്ചുവച്ചുള്ള മലക്കംമറിച്ചിൽ വീണ്ടും ചർച്ചയാവുകയാണ്‌. യുഡിഎഫ്‌ സർക്കാരിന്റെ താൽപ്പര്യ പ്രകാരമാണ്‌ ഇക്കാര്യത്തിൽ രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചതും ഓരോ ഘട്ടത്തിലും സർക്കാരിന്‌ റിപ്പോർട്ടുകൾ കൈമാറുന്നതും. ഇതിന്റെ ഭാഗമായി വിഴിഞ്ഞം അട്ടിമറിക്കു പിന്നിൽ പ്രവർത്തിക്കുന്ന ഗൂഢസംഘത്തെക്കുറിച്ചുള്ള റിപ്പോർട്ടും ഇന്റലിജൻസ്‌ സർക്കാരിന്‌ നൽകി.  ഇത്‌ മറച്ചാണ്‌ ചില മാധ്യമങ്ങൾ പ്രതിപക്ഷത്തോടൊപ്പം ചേർന്ന്‌ സർക്കാരിനെതിരെ തിരിയുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top