25 April Thursday

ഗവർണർ പരിധിക്ക് പുറത്ത് ; കേരളത്തിൽ ഇല്ലാതിരുന്നത്‌ 223 ദിവസം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022


തിരുവനന്തപുരം
വർഷത്തിൽ പകുതിയിലേറെ ദിവസവും ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ കേരളത്തിനു പുറത്ത്‌. രണ്ടു വർഷത്തിനിടെ   223 ദിവസം കേരളത്തിലുണ്ടായില്ല.  നവംബർവരെയുള്ള കണക്കനുസരിച്ച്‌ ഈ വർഷം   142 ദിവസം പുറത്തായിരുന്നു. കഴിഞ്ഞവർഷം 81 ദിവസവും.    നാടുചുറ്റാനായി ലക്ഷങ്ങളാണ്‌ ഗവർണർ ചെലവിട്ടത്‌.ഡൽഹിയിലേക്കും യുപിയിലേക്കും മഹാരാഷ്ട്രയിലേക്കുമാണ്‌ ഗവർണറുടെ യാത്രകളിലധികവും. രാഷ്ട്രപതി സ്ഥാനാർഥിത്വത്തിനായി ചരടുവലികൾ നടന്ന ജനുവരിമുതൽ ജൂൺവരെ  87 ദിവസം  കേരളത്തിൽനിന്ന്‌ വിട്ടുനിന്നു. ഈ യാത്രകൾക്ക് ഭീമമായ തുകയാണ് സർക്കാർ ഖജനാവിൽനിന്ന് ചെലവിടുന്നത്.

വിമാനയാത്രയ്‌ക്കായി തനിക്ക് സർക്കാർ അനുവദിച്ച 11,88,000 രൂപ പോരെന്നും അധികമായി 75 ലക്ഷം ഉടൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഗവർണറുടെ ഓഫീസയച്ച കത്ത്‌ നേരത്തേ പുറത്തുവന്നിരുന്നു. തുക സർക്കാർ അനുവദിക്കാത്തതിലൂടെ ഡിഒ ലെറ്ററിലൂടെ ഒരിക്കൽക്കൂടി കർശന സ്വരത്തിൽ പണം ആവശ്യപ്പെട്ട് കത്ത് നൽകി.  യാത്രകൾ ശരിയായി ക്രമീകരിക്കുന്നതിൽ രാജ്‌ഭവനും ഗവർണറും വരുത്തിയ വീഴ്‌ച ലക്ഷങ്ങളുടെ നഷ്ടമാണ് സർക്കാരിന് ഉണ്ടാക്കിയത്. മെയ് 12ന് മുംബൈയിലേക്ക് പോയ ഗവർണർ 14ന്‌ രാജ്‌ഭവനിൽ മടങ്ങിയെത്തി. ഒറ്റ ദിവസത്തെ ഇടവേളയ്‌ക്കുശേഷം 16ന്‌ വീണ്ടും ബംഗളൂരുവിലേക്കും ഗുജറാത്തിലേക്കും പോയി. 20ന് ദില്ലിയിൽനിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം വീണ്ടും ഒരു ദിവസം നിന്നശേഷം മടങ്ങി. യാത്രകൾ പലതും ഔദ്യോഗികാവശ്യങ്ങൾക്ക്‌ വേണ്ടിയായിരുന്നില്ല.

രാജ്ഭവനുമായി ബന്ധപ്പെട്ട കണക്കുകൾ  സാധാരണ സി ആൻഡ് എജിയോ മറ്റു ധനകാര്യ സംവിധാനങ്ങളോ പരിശോധനയ്ക്ക് വിധേയമാക്കാറില്ല എന്നതിന്റെ മറവിലാണ് കണക്കില്ലാത്ത ധൂർത്ത്. ബജറ്റിൽ അനുവദിക്കുന്ന രാജ്ഭവനിലെ സാമ്പത്തിക കാര്യങ്ങൾ പരിശോധിക്കാൻ ഓഡിറ്റ്‌ സംവിധാനം വേണമെന്ന ആവശ്യം ഉയരുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top