28 March Thursday

ആവേശത്തിമിര്‍പ്പില്‍ കലാശക്കൊട്ട്

സ്വന്തം ലേഖികUpdated: Monday Dec 6, 2021


കൊച്ചി
വീറും വാശിയും നിറഞ്ഞ പ്രചാരണദിവസങ്ങൾക്ക് ആവേശം കൊടുമ്പിരികൊണ്ട കൊട്ടിക്കലാശത്തോടെ സമാപനം. ഇനി നിശബ്ദപ്രചാരണത്തിന്റെ  മണിക്കൂറുകൾ. ചൊവ്വാഴ്ച ജനം ബൂത്തിലെത്തി വിധിയെഴുതും. കെ കെ ശിവന്റെ  ഓര്‍മകളുമായി നാടിന്റെ  വിവിധഭാഗങ്ങളിൽനിന്ന് എൽഡിഎഫ് കലാശക്കൊട്ടിലേക്ക്  ജനം ഒഴുകിയെത്തിയതോടെ കൊച്ചി കോര്‍പറേഷന്‍ 63–--ാംഡിവിഷന്‍ ​ഗാന്ധിന​ഗര്‍ ചെങ്കടലായി. ചെങ്കൊടികള്‍ ഉയര്‍ത്തി, മുദ്രാവാക്യം മുഴക്കി പ്രവര്‍ത്തകര്‍ ജനങ്ങളെ ആവേശംകൊള്ളിച്ചു. ഇതോടെ പാട്ടും ആട്ടവുമായി ജനസാ​ഗരം എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. ബിന്ദു ശിവനെ വിജയപ്പിക്കണമെന്നെഴുതിയ ബൊമ്മകളും ബലൂണുകളും പ്ലക്കാര്‍ഡുകളും കലാശക്കൊട്ടില്‍ ഉയര്‍ന്നു. ബാന്‍ഡുമേളവും ചെണ്ടമേളവും ജനാവേശത്തെ ഉച്ഛസ്ഥായിലെത്തിച്ചു. പ്രായ, ലിം​ഗഭേദമന്യേ ജനം ഒഴുകിയെത്തി.


 

സിറ്റിങ് സീറ്റ് നിലനിർത്താനാകുമെന്ന ഉറപ്പോടെ പ്രചാരണത്തിൽ  ബഹുദൂരം മുന്നിലെത്തിയ എൽഡിഎഫ് കൊട്ടിക്കലാശത്തിലും മേൽകൈ നിലനിർത്തി. ബൂത്തുകളിൽനിന്ന്‌ ആരംഭിച്ച പ്രകടനജാഥകൾ ആവേശത്തിമിർപ്പോടെ ​ഗാന്ധിന​ഗര്‍ ജങ്ഷനില്‍ ഒത്തുചേർന്നു. ആവേശം അലയടിക്കുമ്പോഴും ​ഗതാ​ഗതതടസ്സമുണ്ടാകാതിരിക്കാന്‍ പ്രവര്‍ത്തകരും പൊലീസും ശ്രദ്ധിച്ചു.

വാഹനജാഥയുടെ അകമ്പടിയോടെ ​ഗാന്ധിന​ഗര്‍ ജങ്ഷനിലേക്ക് എല്‍ഡിഎഫ് സ്ഥാനാർഥി ബിന്ദു ശിവൻകൂടി എത്തിയതോടെ ആവേശം അണപൊട്ടി. സ്ഥാനാര്‍ഥി കൈകള്‍ ഉയര്‍ത്തിയപ്പോള്‍ ഹര്‍ഷാരവങ്ങളും കൈയടികളും ഉയര്‍ന്നു. കെ കെ ശിവന്‍ തുടങ്ങിവച്ച വികസനപദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നും ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കുമെന്നും ബിന്ദു ശിവന്‍ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. 10 വര്‍ഷം യുഡിഎഫ് ഭരിച്ചിട്ടും നടപ്പാക്കാതിരുന്ന വികസനപ്രവര്‍ത്തനങ്ങള്‍ അധികാരത്തിലേറി മാസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കാനായെന്ന് മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു. വിശക്കുന്നവന് 10 രൂപയ്ക്ക് ഊണ് നല്‍കുന്ന പദ്ധതിയും വെള്ളക്കെട്ടുനിവാരണവുമെല്ലാം ഇടതുപക്ഷ കൗണ്‍സിലിന്റെ നേട്ടങ്ങളാണ്. പി ആന്‍ഡി ടി കോളനിവാസികളുടേതടക്കമുള്ള ഭവനപദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ഞായർ രാവിലെ  പ്രചാരണത്തിന്റെ ഭാ​ഗമായി ഡിവൈഎഫ്ഐ ബൈക്ക് റാലി നടത്തി. എസ്എഫ്ഐ സ്ക്വാഡ് ഭവനസന്ദര്‍ശനം നടത്തി. എംഎല്‍എമാരായ കെ എന്‍ ഉണ്ണിക്കൃഷ്ണന്‍, കെ ജെ മാക്സി, പി വി ശ്രീനിജിന്‍, ആന്റണി ജോണ്‍, മേയ എം അനില്‍കുമാര്‍ എന്നിവര്‍ വീടുകളിലെത്തി വോട്ടഭ്യര്‍ഥിച്ചു. യുഡിഎഫിനുവേണ്ടി പി ഡി മാര്‍ട്ടിനും ബിജെപിക്കുവേണ്ടി പി ജി മനോജ് കുമാറുമാണ് മത്സരിക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top