06 July Sunday
അപകടത്തിൽപ്പെട്ടത്‌ വിദ്യാർഥികൾ സഞ്ചരിച്ച ബസ്

വടക്കഞ്ചേരിയിൽ കെഎസ്‌ആർടിസി ബസിനു പിന്നിൽ ടൂറിസ്റ്റ്‌ ബസിടിച്ചു : 9 മരണം

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

അപകടത്തിൽ മരിച്ച മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ്‌ വിദ്യാനികേതനിലെ വിദ്യാർഥികളും അധ്യാപകനും

പാലക്കാട്‌ > ടൂറിസ്റ്റ്‌ ബസ്‌ കെഎസ്‌ആർടിസി ബസിൽ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ അഞ്ച്‌ സ്കൂൾ വിദ്യാർഥികളടക്കം ഒമ്പതുപേർ മരിച്ചു.  48 പേർക്ക്‌ പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. തൃശൂർ – പാലക്കാട് ദേശീയപാതയിൽ അഞ്ചുമൂർത്തി മംഗലത്ത്‌ ബുധൻ രാത്രി പതിനൊന്നരയോടെയാണ്‌  അപകടം. എറണാകുളം വെട്ടിക്കൽ മാർ ബസിലിയേസ്‌ വിദ്യാനികേതനിലെ വിദ്യാർഥികളുമായി ഊട്ടിയിലേക്ക്‌ പോവുകയായിരുന്ന അസുര എന്ന ബസാണ്‌ കൊട്ടാരക്കരയിൽ നിന്ന്‌ കോയമ്പത്തൂരിലേക്ക്‌ പോയ കെഎസ്‌ആർടിസി ബസിന്റെ പിന്നിലിടിച്ചത്‌. ടൂറിസ്റ്റ്‌ ബസിലെ ആറു പേർക്കും കെസ്‌ആർടിസി ബസിലെ മൂന്നുപേർക്കും ജീവൻ നഷ്‌ടമായി.

സ്‌കൂളിലെ പ്ലസ്‌ ടു വിദ്യാർഥികളായ ഉദയംപേരൂർ വലിയകുളം അഞ്ജനം വീട്ടിൽ അഞ്ജന അജിത്ത്‌(17), ആരക്കുന്നം കാഞ്ഞിരിക്കപ്പിള്ളി ചിറ്റേത്ത്‌ സി എസ്‌ ഇമ്മാനുവൽ(17), പത്താം ക്ലാസ്‌ വിദ്യാർഥികളായ മുളന്തുരുത്തി പൈങ്ങാരപ്പിള്ളി പൊട്ടയിൽ വീട്ടിൽ ക്രിസ്‌ വിന്റർ ബോൺ തോമസ്‌(15), പൈങ്ങാരപ്പിള്ളി രശ്മി നിലയത്തിൽ ദിയ രാജേഷ്‌(15), തിരുവാണിയൂർ വണ്ടിപ്പേട്ട വെമ്പിള്ളിമഠത്തിൽ എൽന ജോസ്‌(15), സ്കൂളിലെ പി ടി അധ്യാപകൻ മുളന്തുരുത്തി ഇഞ്ചിമല വട്ടത്തറയിൽ വീട്ടിൽ വി കെ വിഷ്ണു(33), കെഎസ്‌ആർടിസി ബസിലുണ്ടായിരുന്ന കൊല്ലം വലിയോട്‌ ശാന്തിമന്ദിരത്തിൽ അനൂപ്‌ (22), കൊല്ലം പുനലൂർ മണിയാർ ധന്യാഭവനിൽ യു ദീപു(26), തൃശൂർ നടത്തറ ഗോകുലം വീട്ടിൽ ആർ രോഹിത്‌ രാജ്‌(24) എന്നിവരാണ്‌ മരിച്ചത്‌. ഗുരുതരമായി പരിക്കേറ്റവരിൽ ഒരാൾ നെന്മാറ അവൈറ്റിസ്‌ ആശുപത്രിയിലും കൊച്ചി മെഡിക്കൽ ട്രസ്‌റ്റ്‌ ആശുപത്രിയിലും  ചികിത്സയിലാണ്‌.

ടൂറിസ്റ്റ്‌ ബസിന്റെ അമിതവേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ്‌ അപകടത്തിനിയാക്കിയതെന്നാണ്‌ പ്രാഥമിക നിഗമനം. ഒരു കാറിനെയും കെഎസ്‌ആർടിസി ബസിനെയും ഒരേസമയം ടൂറിസ്റ്റ്‌ ബസ്‌ മറികടക്കാൻ ശ്രമിച്ചതാണ്‌ അപകടമുണ്ടാക്കിയതെന്ന്‌ കെഎസ്‌ആർടിസി ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട്‌. തലകീഴായി മറിഞ്ഞ ടൂറിസ്റ്റ്‌ ബസ്‌ 50 മീറ്ററോളം റോഡിലൂടെ നിരങ്ങി നീങ്ങി. കെഎസ്‌ആർടിസിയുടെ ഒരു വശം പൂർണമായി തകർന്നു. പൊലീസ്‌, അഗ്നിരക്ഷാസേന, നാട്ടുകാർ, കള്ളുമായി പോയ വാഹനങ്ങളിൽ ഉണ്ടായിരുന്നവർ എന്നിവരാണ്‌ രക്ഷാപ്രവർത്തനത്തിന്‌ നേതൃത്വം നൽകിയത്‌. പരിക്കേറ്റവർ തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും നെന്മാറയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്‌. 10, 11, 12 ക്ലാസുകളിലെ 42 വിദ്യാർഥികളും അഞ്ച്‌ അധ്യാപകരുമാണ്‌ ടൂറിസ്റ്റ്‌ ബസിലുണ്ടായിരുന്നത്‌.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top