25 April Thursday

നയതന്ത്ര ഉച്ചകോടിയിൽ ചോദിക്കുന്നവർക്കൊക്കെ പങ്കെടുക്കാമോ: എ എ റഹിം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 6, 2020


കൊച്ചി
അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകർക്ക്‌ വിദേശമന്ത്രാലയത്തിന്റെ അനുമതിയോടെമാത്രം റിപ്പോർട്ട്‌ ചെയ്യാവുന്ന നയതന്ത്ര ഉച്ചകോടിയിൽ, ചോദിക്കുന്നവരെയൊക്കെ പങ്കെടുപ്പിക്കാനാകുമോയെന്ന്‌ കേന്ദ്രമന്ത്രി വി മുരളീധരൻ വ്യക്തമാക്കണമെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം. നയതന്ത്ര ഉച്ചകോടിയുടെ വേദിയിൽ ഒരു പിആർ ഏജന്റ്‌ എങ്ങനെ  എത്തിയെന്ന ചോദ്യത്തിന്‌ വ്യക്തമായ മറുപടി പറയാൻ കേന്ദ്രമന്ത്രിക്ക്‌ കഴിയുന്നില്ലെന്നും റഹിം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആ രാജ്യത്തുള്ള പത്രപ്രവർത്തകർക്കുപോലും പ്രത്യേക അനുമതിയുണ്ടെങ്കിൽമാത്രം പങ്കെടുക്കാവുന്ന ഈ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇവർ അപേക്ഷിച്ചതിന്‌ തെളിവ്‌ ഹാജരാക്കാമോ? ഗൾഫ്‌ രാജ്യങ്ങളിൽ ഇത്തരം ഉച്ചകോടികളുടെ റിപ്പോർട്ടിങ്‌ നിയന്ത്രിക്കുന്ന എമിറേറ്റ്‌സ്‌ മീഡിയ കൗൺസിൽ ഈ പിആർ ഏജന്റിന്‌ അനുമതി നൽകിയിട്ടുണ്ടോ? മന്ത്രി ഇപ്പോൾ ഈ വിഷയത്തിൽ കാണിക്കുന്നത്‌ സ്ഥലജലഭ്രമമാണ്‌. സത്യപ്രതിജ്ഞാലംഘനത്തിന്‌ മന്ത്രി മറുപടി പറയണം.

സ്വർണക്കടത്ത്‌ കേസ്‌ അട്ടിമറിക്കാൻ മന്ത്രി വി മുരളീധരൻ ശ്രമിക്കുന്നെന്ന ഡിവൈഎഫ്‌ഐയുടെ ആരോപണം ബലപ്പെടുത്തുന്നതാണ്‌ പുതിയ സംഭവങ്ങൾ. ഇപ്പോൾ പുറത്തുവന്ന മന്ത്രിയുടെ പ്രോട്ടോകോൾ ലംഘനം മഞ്ഞുമലയുടെ ഒരറ്റംമാത്രമാണ്‌. വിദേശത്തും സ്വദേശത്തുമുള്ള പ്രമുഖർക്ക്‌ ബന്ധമുണ്ടെന്ന്‌ എൻഐഎ പറഞ്ഞ കേസിൽ, തെളിവ്‌ എവിടെയെന്ന്‌ കോടതിക്ക്‌ ചോദിക്കേണ്ടിവന്നു. നയതന്ത്ര ബാഗേജല്ലെന്ന്‌ മന്ത്രി വീണ്ടും പറയുന്നു. വിദേശത്ത്‌ അന്വേഷണം നടത്താൻ വിദേശമന്ത്രാലയം അനുമതി നൽകുന്നില്ലെന്നും- റഹിം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top