25 April Thursday

റിപ്പോർട്ടിൽ ദുരൂഹതകളേറെ: ഫൈസലും റബിൻസും പിടിയിലായിരുന്നു: എൻഐഎ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 6, 2020

കൊച്ചി> സ്വർണം കടത്തിയ കേസിലെ പ്രധാന കണ്ണികളായ ഫൈസൽ ഫരീദും റബിൻസ്‌ ഹമീദും യുഎഇയിൽ പിടിയിലായ വിവരം കോടതിയിൽ നിന്ന്‌ മറച്ചുവെച്ച എൻഐഎ നടപടിയിൽ ദുരൂഹത. രണ്ടുമാസംമുമ്പ്‌ യുഎഇ സന്ദർശിച്ചപ്പോൾ ലഭിച്ചെന്നു പറയുന്ന വിവരമാണ് എൻഐഎ‌ ചൊവ്വാഴ്‌ച കോടതിയെ അറിയിച്ചത്‌.

ഇക്കാലയളവിൽ കോടതിയിൽ പലതവണ സമർപ്പിച്ച റിപ്പോർട്ടുകളിൽ യുഎഇയിലുള്ള ആറു പ്രതികളെ കണ്ടെത്താനുള്ള നടപടി പുരോഗമിക്കുന്നുവെന്നാണ്‌ അറിയിച്ചിരുന്നത്‌. ആഗസ്‌ത്‌ 11, 12 തീയതികളിലാണ്‌ എൻഐഎ സംഘം യുഎഇയിൽ പോയത്‌. അതിനുശേഷം ഏറ്റവുമൊടുവിൽ കഴിഞ്ഞമാസം 18ന്‌ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലും ഇവരെ തേടുന്നതായാണ്‌ അറിയിച്ചത്‌.    

പ്രധാന ഗൂഢാലോചനക്കാരായ ഫൈസൽ ഫരീദിനെയും റബിൻസ് ഹമീദിനെയും അറസ്റ്റ് ചെയ്‌തെന്നും ഇന്ത്യയും യുഎഇയും തമ്മിലെ സൗഹൃദബന്ധം തകർക്കാൻ ശ്രമിച്ച പ്രതികൾക്കെതിരെ കർശന നടപടി എടുക്കുമെന്നും യുഎഇ അധികൃതർ അറിയിച്ചെന്നുമാണ്‌ റിപ്പോർട്ടിലുള്ളത്‌. അതേസമയം, പ്രതികൾ ഇരുവരും നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലാണോ അറസ്‌റ്റിലായതെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. എന്നാണ് അറസ്‌റ്റിലായതെന്നും ഇവരെ കാണാനോ ചോദ്യം ചെയ്യാനോ കഴിഞ്ഞതായും പറയുന്നില്ല.  

സ്വർണക്കടത്തിലെ തീവ്രവാദബന്ധം തെളിയിക്കാനും പ്രതികൾക്കെതിരെ ചുമത്തിയ കുറ്റകൃത്യങ്ങൾ സ്ഥാപിക്കാനാവശ്യമായ തെളിവുകൾ ഹാജരാക്കാനും കഴിഞ്ഞദിവസം കോടതി ആവശ്യപ്പെട്ടിരുന്നു.
അതിനുപിന്നാലെയാണ്‌  റിപ്പോർട്ട്‌ എൻഐഎ കോടതിയിൽ സമർപ്പിച്ചത്‌.  നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയതിനുപിന്നിലെ പ്രധാന ഗൂഢാലോചനയും കുറ്റകൃത്യങ്ങളും യുഎഇ കേന്ദ്രീകരിച്ചാണ്‌ നടന്നതെന്ന്‌ റിപ്പോർട്ടിൽ പറയുന്നു.   യുഎഇയിൽ കൂടുതൽ അന്വേഷണവും തെളിവെടുപ്പും ആവശ്യമാണ്‌. അതിൽ സഹകരിക്കാമെന്ന്‌ അധികൃതർ ഉറപ്പുനൽകിയെന്നും എൻഐഎ കോടതിയെ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top