29 March Friday

സംരംഭക വികസനം ലക്ഷ്യമിട്ട്‌ 27 യുവ സഹകരണ സംഘം ; രാജ്യത്ത്‌ ആദ്യം

വെബ് ഡെസ്‌ക്‌Updated: Monday Sep 6, 2021


തിരുവനന്തപുരം
സംസ്ഥാനത്ത്‌ രജിസ്‌റ്റർചെയ്‌ത യുവജന സഹകരണ സംഘങ്ങൾ തിങ്കളാഴ്‌ച പ്രവർത്തനം തുടങ്ങി. വട്ടിയൂർക്കാവ്‌ യൂത്ത്‌ ബ്രിഗേഡ് സംരംഭക സഹകരണ സംഘത്തിലെ ചടങ്ങിൽ ഓൺലൈനായി പങ്കെടുത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല പ്രവർത്തനോദ്‌ഘാടനം നിർവഹിച്ചു. സഹകരണ മന്ത്രി  വി എൻ വാസവൻ അധ്യക്ഷനായി.

രാജ്യത്ത്‌ ആദ്യമായാണ് യുവജനങ്ങൾക്കുമാത്രമായി സഹകരണ സംഘം രൂപീകരിച്ചത്‌.  675ൽപ്പരം യുവതീയുവാക്കൾ രൂപീകരണ നടപടികൾക്ക്‌ നേതൃത്വം നൽകി. സർക്കാരിന്റെ 100 ദിന പരിപാടിയിലാണ്‌ 25 സംഘത്തിന്റെ രജിസ്‌ട്രേഷൻ പ്രഖ്യാപിച്ചത്‌, 27 സംഘം പ്രവർത്തനംതുടങ്ങി. യുവശക്തിയെ ഗുണപരമായി ഉപയോഗിക്കുകയാണ്‌ ലക്ഷ്യം. ഇവയിൽ വായ്‌പാ  പ്രവർത്തനങ്ങളില്ല. സംരംഭക വികസനം ചുമതലയാകും. 18നും 45നുമിടയിൽ പ്രായമുള്ളവർക്കാണ്‌ അംഗത്വം.

മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു, വി കെ പ്രശാന്ത് എംഎൽഎ‌, മേയർ ആര്യാരാജേന്ദ്രൻ,  സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ കൃഷ്ണൻ നായർ, ഗുരു ഗോപിനാഥ്‌ നടന ഗ്രാമം വൈസ്‌ ചെയർമാൻ കെ സി വിക്രമൻ, കൗൺസിലർ മധുസൂദനൻ നായർ, സഹകരണ വകുപ്പ്‌ സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്‌ട്രാർ പി ബി നൂഹ്‌, അഡീഷണൽ രജിസ്‌ട്രാർ ബിനോയ്‌ കുമാർ തുടങ്ങിയവർ സംസാരിച്ചു. മറ്റ്‌ സഹകരണ സംഘങ്ങളുടെ ഉദ്‌ഘാടന വേദികളിൽ എംപി, എംഎൽഎമാർ ഉൾപ്പെടെ ജനപ്രതിനിധികളും പങ്കെടുത്തു.


 

വൈവിധ്യം പ്രവർത്തനത്തിലും
സിനിമ, ഇക്കോ ടൂറിസം, ജൈവ കൃഷി,  ഐടി, നിർമാണം, കാർഷികം, മാലിന്യ നിർമാർജനവും പുനരുപയോഗവും, വാണിജ്യം, ഉൽപ്പാദനം, വിപണനം മേഖലകളിലാണ് സംഘങ്ങൾ പ്രവർത്തിക്കുക. ചലച്ചിത്ര–-ദൃശ്യ–-മാധ്യമ മേഖലകൾക്ക്‌ സൗകര്യങ്ങൾ ഒരുക്കൽ, ജൈവ–-അജൈവ മാലിന്യം പുനരുപയോഗത്തിന് ഉതകുന്ന തരത്തിൽ മാറ്റിയെടുക്കൽ, കാറ്ററിങ്‌, തൊഴിൽ ഉപകരണ വിതരണം, അവശ്യ സാധനങ്ങൾ മൊബൈൽ ആപ്പിലെ രജിസ്‌ട്രേഷനിലൂടെ വീട്ടിലെത്തിക്കൽ, പുസ്തക പ്രസാധനവും അച്ചടിയും,  തൊഴിലാളികളെ ലഭ്യമാക്കൽ,  പണി ആയുധങ്ങൾ ലഭ്യമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലാണ്‌ നിലവിലെ സംഘങ്ങൾ ഏർപ്പെടുക. .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top