20 April Saturday

സമസ്‌തയെ തള്ളി യുഡിഎഫ്‌; ജമാഅത്തെ ഇസ്ലാമിയെ ഒപ്പം കൂട്ടി

പി വി ജീജോUpdated: Sunday Sep 6, 2020


കോഴിക്കോട്‌
തദ്ദേശ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടിയും യുഡിഎഫും ഒന്നിച്ച്‌ മത്സരിക്കും. വെൽഫെയർ പാർടി സംസ്ഥാന ഭാരവാഹികൾ കോൺഗ്രസ്‌, മുസ്ലിംലീഗ്‌ നേതാക്കളുമായി ചർച്ച  നടത്തി. വിവിധ ജില്ലകളിൽ പ്രാദേശികമായാവും‌ സീറ്റ് ‌ധാരണ. വെൽഫെയർ ബന്ധം എതിർത്ത സമസ്‌തയടക്കമുള്ള സംഘടനകളെ തള്ളിയാണ്‌ കോൺഗ്രസും ലീഗും ജമാഅത്തിന്റെ രാഷ്ട്രീയകക്ഷിയുമായി കൈകോർക്കുന്നത്‌. 

മുസ്ലിംലീഗ്‌ നേതൃത്വത്തിന്റെ താൽപ്പര്യത്തിൽ കോൺഗ്രസ്‌ നേതാക്കളുമായടക്കം ചർച്ചചെയ്‌താണ്‌ യോജിച്ച്‌ മത്സരിക്കാനുള്ള തീരുമാനത്തിലെത്തിയത്‌. യോജിപ്പിന്‌ തത്വത്തിൽ തീരുമാനമായെന്നും സീറ്റ്‌ ചർച്ചകളും മറ്റും ജില്ലകളിൽ നടക്കുമെന്നും വെൽഫയർ പാർടി സംസ്ഥാന പ്രസിഡന്റ്‌ ഹമീദ്‌ വാണിയമ്പലം പറഞ്ഞു. നീക്കുപോക്കിന്‌ മേൽതട്ടിൽ ധാരണയായാൽ താഴേത്തട്ടിൽവരെ അത്‌ നടപ്പാകുമെന്നാണ്‌ സഖ്യം പ്രതീക്ഷിക്കുന്നത്‌.

മലപ്പുറത്ത്‌ മുസ്ലിംലീഗ്‌ നേതാക്കളുമായായിരുന്നു ആദ്യ ചർച്ച. തുടർന്ന്‌‌ തിരുവനന്തപുരത്ത്‌ കോൺഗ്രസ്‌ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും വെൽഫെയർപാർടി ‌ സംസ്ഥാന പ്രസിഡന്റ്‌ ഹമീദ്‌ വാണിയമ്പലം, ജനറൽ സെക്രട്ടറി കെ എ ഷഫീഖ്‌, വൈസ്‌ പ്രസിഡന്റ്‌ റസാഖ്‌ പാലേരി എന്നിവരുമായാണ്‌ ചർച്ച നടത്തിയത്‌. മുസ്ലിംലീഗ്‌ മുൻകൈയെടുത്തായിരുന്നു കോൺഗ്രസുമായുള്ള ചർച്ച. ലീഗുമായുള്ള ചർച്ചയിൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സെക്രട്ടറി ഇ ടി മുഹമ്മദ്‌ ബഷീർ, സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ്‌ എന്നിവരാണ്‌ പങ്കെടുത്തത്‌. ലോക്ക്‌ ഡൗണിന്‌ മുമ്പ്‌ മാർച്ച്‌ ആദ്യമായിരുന്നു പ്രാഥമിക ചർച്ച. തുടർന്ന്‌ ജില്ലാതലത്തിൽ യുഡിഎഫ്‌ നേതാക്കളുമായി  ചർച്ചയുണ്ടായി.‌ ഈ മാസം വാർഡ്‌ നറുക്കെടുപ്പ്‌ പൂർത്തിയായാൽ  സീറ്റ്‌ ചർച്ച ആരംഭിക്കും.

വെൽഫെയർ പാർടിയുമായി നീക്കുപോക്ക്‌:  കുഞ്ഞാലിക്കുട്ടി
വെൽഫെയർ പാർടി ഉൾപ്പെടെയുള്ള പാർടികളുമായി തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശിക നീക്കുപോക്കുണ്ടാക്കുമെന്ന് മുസ്ലിംലീഗ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി  വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫിന് പുറത്തുള്ള പാർടികളുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കില്ല. ഓരോ പ്രദേശത്തിന്റെയും സാഹചര്യമനുസരിച്ച് നീക്കുപോക്കുകളുണ്ടാക്കും.കേരള കോൺഗ്രസ് പിളർന്നതുകൊണ്ട് യുഡിഎഫിന് ഒരു തിരിച്ചടിയും ഉണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top