20 April Saturday

അതിതീവ്രമഴയുടെ ശക്തി കുറഞ്ഞു ; ഇന്ന് മഞ്ഞ അലർട്ട്

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022


തിരുവനന്തപുരം  
സംസ്ഥാനത്ത്‌ അതിതീവ്രമഴയുടെ ശക്തി കുറഞ്ഞു. ബുധൻവരെ റെഡ്‌ അലർട്ടില്ല. ഞായറാഴ്‌ച കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്‌, കോഴിക്കോട്‌,  വയനാട്‌,  കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ മഞ്ഞ അലർട്ടാണ്‌.വലിയ മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ട്‌. മലയോരമേഖലകളിൽ ജാഗ്രത തുടരണം. വനത്തിലും മലയോരങ്ങളിലും മഴ തുടരുന്നതിനാലും അണക്കെട്ടുകളിൽനിന്ന്‌ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക്‌ ഒഴുക്കുന്നതിനാലും നദികളിൽ ഒഴുക്ക്‌ ശക്തമായിരിക്കും. ജലാശയങ്ങളിൽ ഇറങ്ങരുത്‌.

ജൂലൈ 31 മുതൽ ആഗസ്‌ത്‌ ആറ്‌ വരെ സംസ്ഥാനത്ത്‌ 41 വീടുകൾ പൂർണമായും 411 എണ്ണം ഭാഗികമായും തകർന്നു. കണ്ണൂരാണ്‌ കൂടുതൽ വീടുകൾ പൂർണമായി തകർന്നത്‌–-19.  സംസ്ഥാനത്ത്‌ 3708 ഹെക്ടർ കൃഷി നശിച്ചു. 92 കോടിയുടെ നഷ്ടം. ഏറ്റവും കൂടുതൽ കൃഷി നാശം തിരുവനന്തപുരത്താണ്‌. 128.9 ഹെക്ടർ. ആലപ്പുഴയിൽ 169, ഇടുക്കിയിൽ 82.64 ഹെക്ടറും നശിച്ചു. 378 ക്യാമ്പുകളിലായി 14,723 പേർ കഴിയുന്നു. മൂന്നാർ–- വട്ടവട റോഡിൽ കുണ്ടള എസ്റ്റേറ്റ് പുതുക്കടി ഡിവിഷനിൽ ഉരുൾപൊട്ടി. ആളപായമില്ല. മൂന്ന് കട, റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ഓട്ടോറിക്ഷ, വിനായക ക്ഷേത്രം, ജലസംഭരണി എന്നിവ തകർന്നു. കോട്ടയത്ത്‌ മഴ കുറഞ്ഞു. കോഴഞ്ചേരിക്കു സമീപം എലിക്കാട്ട് കോളനിയിൽ വള്ളംമറിഞ്ഞ് ഒരാളെ കാണാതായി.

കണ്ണൂരിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പാനൂർ നരിക്കോട്ടുമലയിലെ 13 കുടുംബത്തെ മാറ്റി പാർപ്പിച്ചു.  ആലപ്പുഴയിൽ കിഴക്കൻ വെള്ളത്തിന്റെ വരവ്‌ തുടരുന്നതിനാൽ കുട്ടനാട്‌, അപ്പർ കുട്ടനാട്‌ മേഖലകൾ ആശങ്കയിലാണ്‌. ആറുകളിൽ ജലനിരപ്പുയർന്നതിനെത്തുടർന്ന്‌  ചെമ്പടി ചക്കങ്കരി പടശേഖരം, വെള്ളാര്‍കോണം പാടശേഖരം എന്നിവിടങ്ങളിൽ മടവീണു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top