26 April Friday

കാലിത്തീറ്റ കുറഞ്ഞ ചെലവിൽ: മന്ത്രി ജെ ചിഞ്ചുറാണി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022


കൊച്ചി
പാലിന്റെ ഉൽപ്പാദനക്ഷമതയിൽ രാജ്യത്ത്‌ രണ്ടാംസ്ഥാനത്ത്‌ നിൽക്കുന്ന കേരളത്തെ ഒന്നാംസ്ഥാനത്തേക്ക്‌ എത്തിക്കാനുള്ള കർമപദ്ധതികൾ സർക്കാർ നടപ്പാക്കിവരികയാണെന്ന്‌ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. മിൽമ എറണാകുളം മേഖലാ ഓഫീസിനുമുന്നിൽ ഡോ. വർഗീസ്‌ കുര്യന്റെ പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു മന്ത്രി.

ക്ഷീരമേഖലയിലെ ഉൽപ്പാദനച്ചെലവ്‌ കുറയ്‌ക്കുകയാണ്‌ ലക്ഷ്യം. കിസാൻ റെയിൽവഴി കാലിത്തീറ്റ കേരളത്തിലേക്ക്‌ എത്തിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്‌. ഇത്‌ യാഥാർഥ്യമായാൽ കുറഞ്ഞ ചെലവിൽ കാലിത്തീറ്റ ക്ഷീരകർഷകർക്ക്‌ ലഭിക്കും. സൈലജ്‌ തീറ്റയുടെ പ്രധാന അസംസ്‌കൃതവസ്‌തുവായ ചോളം പാലക്കാട്‌ മുതലമടയിൽ കൃഷിചെയ്യുന്നുണ്ട്‌. ഇത്‌ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലേക്ക്‌ വ്യാപിപ്പിക്കും. എല്ലാ ബ്ലോക്കുകൾക്കും ആധുനികസംവിധാനമുള്ള മൃഗസംരക്ഷണ ആംബുലൻസുകൾ ഉടൻ വിതരണം ചെയ്യും. തൈരിനും സംഭാരത്തിനും ലസിക്കും ജിഎസ്‌ടി ഏർപ്പെടുത്തിയതിലും 50,000 രൂപയിലധികം വരുമാനമുള്ള ക്ഷീരസംഘങ്ങൾക്ക്‌ വരുമാനനികുതി ഏർപ്പെടുത്തിയതിലും കേന്ദ്രത്തെ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മിൽമ തൃപ്പൂണിത്തുറ പ്ലാന്റിൽ ആരംഭിക്കുന്ന സോളാർ പാനലിന്‌ കേന്ദ്രസഹമന്ത്രി ഡോ. എൽ മുരുകൻ കല്ലിട്ടു. പദ്ധതി പൂർത്തിയായാൽ പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ഡെയ്‌റിയായി തൃപ്പൂണിത്തുറ ഡെയ്‌റി മാറും. വ്യവസായമന്ത്രി പി രാജീവ്‌ ഓൺലൈനിൽ അധ്യക്ഷനായി.

മിൽമ എറണാകുളം ചെയർമാൻ ജോൺ തെരുവത്ത്‌, എംഡി ഡോ. പാട്ടീൽ സുയോഗ്‌ സുഭാഷ്‌റാവു, എംപിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ്‌ തോമസ്‌,  എൻഡിഡിബി ചെയർമാൻ മീനേഷ്‌ സി ഷാ,  മുനിസിപ്പൽ ചെയർപേഴ്‌സൺ സീമ കണ്ണൻ, ക്ഷീരവികസന ഡയറക്‌ടർ ഡോ. എ കൗശികൻ, കെസിഎംഎംഎഫ്‌ ചെയർമാൻ കെ എസ്‌ മണി, മിൽമ എറണാകുളം മേഖലാ എംഡി വിൽസൺ ജെ പുറവക്കാട്‌ എന്നിവർ സംസാരിച്ചു. ഡോ. വർഗീസ്‌ കുര്യന്റെ പ്രതിമ നിർമിച്ച ശിൽപ്പി ഉണ്ണി കാനായിയെ കേന്ദ്രമന്ത്രി ആദരിച്ചു. വർഗീസ്‌ കുര്യന്റെ ആത്മകഥയും ചടങ്ങിൽ പ്രകാശിപ്പിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top