19 April Friday

മുസ്ലിംലീഗ് ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട്‌; വിമർശനവുമായി കാന്തപുരം വിഭാഗവും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020

ജമാഅത്തെ ഇസ്ലാമിയുമായുള്ള മുസ്ലിംലീഗ്- ബന്ധത്തെ എതിർത്ത് സമസ്‌ത കാന്തപുരം എപി വിഭാഗവും‌. ജമാഅത്തെ ഇസ്ലാമിക്ക്‌ മുഖ്യധാരാ രാഷ്‌ട്രീയത്തിൽ പ്രവേശനം നൽകുന്നതിന്‌ ലീഗ്‌‌ വലിയവില നൽകേണ്ടിവരുമെന്ന്‌ മുഖപത്രമായ ‘സിറാജി’ലെ ലേഖനത്തിൽ വ്യക്തമാക്കുന്നു‌. സംശയാസ്‌പദ രാഷ്‌ട്രീയപശ്ചാത്തലമുള്ള ജമാഅത്തെ ഇസ്ലാമിക്ക്‌ മുഖ്യധാരയിൽ ഇടംനൽകുന്നതിലൂടെ എന്ത് സന്ദേശമാണ് നൽകുന്നതെന്ന്‌ ലീഗ്‌ വ്യക്തമാക്കണം. പി കെ എം അബ്‌ദുർറഹ്മാൻ എഴുതിയ ‘കോട്ടക്കൽ കഷായത്തിൽ പരിശുദ്ധ നെയ്‌ചേർക്കുമ്പോൾ’ എന്ന ലേഖനത്തിൽ ലീഗ്‌ നേതാക്കൾ ജമാഅത്തിനെതിരായി ഉയർത്തിയ ആരോപണങ്ങളും നിരത്തിയിട്ടുണ്ട്‌.

പൊതുസമൂഹവും മുസ്ലിം സമുദായവും പലപ്പോഴും ലീഗ് തന്നെയും മാറ്റിനിർത്തിയ ഒരുവിഭാഗത്തെ ഏതാനും തദ്ദേശ വാർഡുകൾ മാത്രം മുന്നിൽക്കണ്ട് കൂടെക്കൂട്ടുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും. ലീഗ്–-വെൽഫെയർ പാർടി ബന്ധത്തെക്കുറിച്ച്‌ സംഘപരിവാർ സംഘടനകൾ എതിർപ്പ് ഉന്നയിക്കാത്തത് അവരുടെ നിഗൂഢ ആനന്ദമായി  തിരിച്ചറിയണമെന്നും ലേഖനത്തിൽ പറയുന്നു.

സമസ്‌ത കൂടി പരസ്യമായി  ജമാഅത്ത്‌ സഖ്യത്തെ വിമർശിച്ചതോടെ ഇരുവിഭാഗം സുന്നി സംഘടനകളും ലീഗിന്റെ അവിശുദ്ധ കൂട്ടിനെതിരെ രംഗത്തുവന്നിരിക്കയാണ്‌‌. മുജാഹിദ്‌ സംഘടന, കെഎൻഎം  മർക്കസുദ്ദവയും ഐഎസ്‌എമ്മും ജമാഅത്ത്‌ സഖ്യം പാടില്ലെന്ന നിലപാടിലാണ്‌‌.

ഇടനിലക്കാരൻ മുനവറലി: എൻവൈഎൽ
യുഡിഎഫ്–- -ജമാഅത്തെ ഇസ്ലാമി–- എസ്‌ഡിപിഐ കൂട്ടുകെട്ടിന്റെ ഇടനിലക്കാരൻ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളാണെന്ന് നാഷണൽ യൂത്ത് ലീഗ്(എൻവൈഎൽ) സംസ്ഥാന പ്രസിഡന്റ്‌ ഷമീർ പയ്യനങ്ങാടി ആരോപിച്ചു.കൂട്ടുകെട്ടിനെതിരെ യൂത്ത് ലീഗ് നിലപാട് എടുക്കുമ്പോഴും ജമാഅത്തെ ഇസ്ലാമിയെ തള്ളിപ്പറയാൻ മുനവറലി ശിഹാബ് തങ്ങൾ തയ്യാറായിട്ടില്ല. ബന്ധം തള്ളിപ്പറയുന്നില്ലെങ്കിൽ മുസ്ലീംയൂത്ത് ലീഗ് പ്രസിഡന്റ്‌ സ്ഥാനം രാജിവയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top