26 April Friday

ബ്ലോക്ക്‌ പ്രസിഡന്റ്‌ സ്ഥാനം വീതംവയ്‌പ്‌ ; സതീശനെതിരെ
തുറന്നടിച്ച്‌ എ ഗ്രൂപ്പ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023


കൊച്ചി
വി ഡി സതീശനും കെ സുധാകരനും ചേർന്ന്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സ്ഥാനങ്ങൾ വീതംവച്ചതിനെതിരെ ജില്ലയിൽ  പരസ്യപ്രതികരണവുമായി എ ഗ്രൂപ്പ്‌. പ്രതിഷേധം അറിയിക്കാൻ ജില്ലയിൽ രണ്ടുദിവസമായി എ ഗ്രൂപ്പും ചെന്നിത്തല വിഭാഗവും രഹസ്യ ഗ്രൂപ്പ്‌ യോഗങ്ങൾ ചേരുന്നുണ്ട്‌. ഇതിന്റെ തുടർച്ചയായാണ്‌ എ ഗ്രൂപ്പ്‌ നേതാവ്‌ ബെന്നി ബഹനാൻ എംപി തുറന്നടിച്ചത്‌. ഗ്രൂപ്പിൽനിന്ന്‌ അടർത്തിയെടുത്ത്‌ പുതിയ ഗ്രൂപ്പ്‌ ഉണ്ടാക്കാനാണെങ്കിൽ പഴയ ഗ്രൂപ്പുകൾ സജീവമാക്കുമെന്ന്‌ ബെന്നി ബഹനാൻ പറഞ്ഞത്‌ വി ഡി സതീശനെ ലക്ഷ്യമിട്ടാണ്‌. എ ഗ്രൂപ്പിനുണ്ടായിരുന്ന 12 ബ്ലോക്ക്‌ പ്രസിഡന്റ്‌ സ്ഥാനം നൽകിയെന്നു വരുത്തിത്തീർത്തെങ്കിലും ഇതിൽ പകുതിയിലധികവും സതീശനോട്‌ കൂറുപുലർത്തുന്നവരെയാണ്‌ അവരോധിച്ചത്‌. ഇതാണ്‌ എ ഗ്രൂപ്പിനെ ചൊടിപ്പിച്ചത്‌. തൃക്കാക്കര ബ്ലോക്ക്‌ തട്ടിയെടുത്ത്‌ പകരം വൈറ്റില നൽകി രണ്ടിടത്തും സതീശനോടു കൂറുപുലർത്തുന്നവരെ നിയമിച്ചതും എ ഗ്രൂപ്പിനെ പ്രകോപിപ്പിച്ചു. ശനിയാഴ്‌ച ഡിസിസി യോഗവും എ ഗ്രൂപ്പ്‌ നേതാക്കൾ ബഹിഷ്‌കരിച്ചു. കടുത്ത നിലപാടില്ലെങ്കിൽ ജില്ലയിൽ എ ഗ്രൂപ്പ്‌  ഇല്ലാതാകുമെന്നും വിലയിരുത്തി. ഇതോടെയാണ്‌ പരസ്യപ്രതികരണത്തിന്‌ തയ്യാറായത്‌. എറണാകുളം ഗസ്‌റ്റ്‌ഹൗസിൽ ബെന്നി ബഹനാൻ പരസ്യമായി പ്രതികരിക്കുംമുമ്പ്‌ ഗ്രൂപ്പ്‌ നേതാവും യുഡിഎഫ്‌ ജില്ലാ ചെയർമാനുമായ ഡൊമിനിക്‌ പ്രസന്റേഷൻ, കെപിസിസി ജനറൽ സെക്രട്ടറി അബ്‌ദുൾ മുത്തലിബ്‌ എന്നിവരും കൂടിക്കാഴ്‌ച നടത്തിയിരുന്നു.

കഴിഞ്ഞതവണ 16 ബ്ലോക്ക്‌ പ്രസിഡന്റുമാരുണ്ടായിരുന്ന ഐ ഗ്രൂപ്പിൽ അഞ്ചുപേരെ മാത്രം ലഭിച്ച ചെന്നിത്തല വിഭാഗവും അതത്‌ ബ്ലോക്കുകളിൽ രഹസ്യയോഗം ചേർന്ന്‌ പ്രതിഷേധം അറിയിക്കുകയാണ്‌. ഈയാഴ്‌ച സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച്‌ വിപുലമായ യോഗവും എറണാകുളത്ത്‌ ചേരുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top