27 April Saturday

ട്രോളിങ്‌ നിരോധനം 
കർശനമാക്കും: കലക്ടര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023


കൊച്ചി
ട്രോളിങ് നിരോധനം ജില്ലയിൽ ശക്തമായി നടപ്പാക്കുമെന്ന് കലക്ടർ എൻ എസ്‌ കെ ഉമേഷ്. നിരോധന കാലയളവിൽ വൈപ്പിനുപുറമെ മുനമ്പം കേന്ദ്രീകരിച്ചും കലക്ടറേറ്റിൽ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലും കൺട്രോൾ റൂമുകൾ പ്രവർത്തിപ്പിക്കും. ഒരുക്കങ്ങൾ ചർച്ചചെയ്യാൻ ചേർന്ന ജില്ലാ കോ–-ഓർഡിനേഷൻ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതരസംസ്ഥാന ബോട്ടുകൾ നിരോധനത്തിനുമുമ്പ്‌ തീരം വിടണം. ഉദ്യോഗസ്ഥർ ഇക്കാര്യം ഉറപ്പാക്കണം. ചെറുമീൻപിടിത്തത്തിനെതിരെ കർശന നടപടി സ്വീകരിക്കും. നിയമാനുസൃത കണ്ണിവലിപ്പമുള്ള വലകൾമാത്രമെ മീൻപിടിത്തത്തിന് ഉപയോഗിക്കാവൂ.

വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിലും മുനമ്പം കൺട്രോൾ റൂമിലും പൊലീസ്‌ ഉദ്യോഗസ്ഥരെ നിയോഗിക്കും. രക്ഷാപ്രവർത്തനങ്ങളിൽ കോസ്റ്റ് ഗാർഡ് എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റൽ പൊലീസ് എന്നിവയുടെ സേവനം ഉറപ്പാക്കും.  രക്ഷാപ്രവർത്തനങ്ങൾക്കും പട്രോളിങിനുമായി ‘പ്രത്യാശ’ മറൈൻ ആംബുലൻസിനുപുറമെ രണ്ട് പട്രോൾ ബോട്ടുകൾ വാടകയ്ക്ക് എടുക്കും. 12 ലൈഫ് ഗാർഡുമാരെ നിയമിക്കും. സൗജന്യ റേഷൻ വിതരണത്തിന്‌ ജില്ലാ സപ്ലൈ ഓഫീസർക്ക്‌ നിർദേശം നൽകി.

നിരോധന സമയത്ത് കടലിൽ പോകുമ്പോൾ മത്സ്യത്തൊഴിലാളികൾ ആധാർ കാർഡ് കരുതണം. കളർ കോഡിങ്‌ പൂർത്തിയാക്കാത്ത ബോട്ടുകളും ഇൻബോർഡ് വള്ളങ്ങളും ട്രോളിങ്‌ നിരോധനം കഴിയുംമുമ്പ്‌ അത്‌ പൂർത്തിയാക്കണം. നിരോധന സമയത്ത് കടലിൽ പോകുന്ന ഒരു വലിയ വള്ളത്തോടൊപ്പം (ഇൻബോർഡ് വള്ളം) ഒരു കാരിയർ വള്ളംമാത്രമേ അനുവദിക്കൂ. കാരിയർ വള്ളത്തിന്റെ രജിസ്‌ട്രേഷൻ വിവരങ്ങൾ അതാത് ഫിഷറീസ് ഓഫീസുകളിൽ യാനം ഉടമകൾ നൽകണം.
സിഐഎഫ്എൻഇടി, സിഎംഎഫ്ആർഐ, സിഐആർഎഫ് എന്നീ സ്ഥാപനങ്ങളുടെ റിസർച്ച് വെസ്സലുകൾക്ക് ഇളവുണ്ടാകും. ഇൻബോർഡ് വള്ളങ്ങളിൽ മതിയായ ജീവൻരക്ഷാ ഉപകരണങ്ങളുണ്ടെന്ന് ഉറപ്പാക്കാൻ ഫിഷറീസ് വകുപ്പിന്റെ പരിശോധനയ്ക്ക് ഹാജരാക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top