26 April Friday

'ആഗ്രഹം സഫലീകൃതമാക്കും; നല്ലതുപോലെ പഠിച്ച്‌ മുന്നേറണം '

വെബ് ഡെസ്‌ക്‌Updated: Tuesday Jun 6, 2023

വയനാട് കണിയാമ്പറ്റ പഞ്ചായത്തിലെ പന്തലാടിക്കുന്ന്‌ കോളനിയിലെ പി എസ് ആദർശ്‌ 
മുഖ്യമന്ത്രി പിണറായി വിജയനുമായി ഓൺലൈനിലൂടെ സംസാരിക്കുന്നു


കൽപ്പറ്റ
‘നിങ്ങളുടെ ആഗ്രഹം അതേപോലെ സഫലീകൃതമാക്കും.  നല്ലതുപോലെ പഠിച്ച്‌ മുന്നേറണം’–-മുഖ്യമന്ത്രിയുടെ വാക്കുകൾ വയനാട്‌ പന്തലാടിക്കുന്ന്‌ കോളനിയിലെ പ്ലസ്‌ ടു വിദ്യാർഥി ആദർശിനും കൂട്ടുകാർക്കും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. കെ ഫോൺ നാടിന്‌ സമർപ്പിച്ച്‌ കോളനിക്കാരുമായി കെ ഫോൺ ഇന്റർനെറ്റ്‌ കണക്‌ഷനിലൂടെ സംവദിക്കുമ്പോഴായിരുന്നു  മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർഥികളുടെ ആഗ്രഹം സാക്ഷാത്‌കരിക്കുമെന്ന്‌ ഉറപ്പുനൽകിയത്‌. 

ആദർശാണ്‌  മുഖ്യമന്ത്രിയുമായി സംവദിച്ചത്‌. ‘ഞാൻ പ്ലസ്‌ ടു വിദ്യാർഥിയാണ്‌. കഴിഞ്ഞ ഡിസംബറോടെയാണ്‌  കെ ഫോൺ കണക്‌ഷൻ ലഭിച്ചത്‌. പ്ലസ്‌ വൺ പരീക്ഷയ്‌ക്ക്‌ കെ ഫോൺ നെറ്റ്‌ ഉപയോഗിച്ചാണ്‌ പഠിച്ചത്‌. ഇനിയും ഒരുപാട്‌ സ്ഥലങ്ങളിൽവന്നാൽ വിദ്യാർഥികൾക്ക്‌ ഉപകാരപ്പെടും’–-ആദർശിന്റെ വാക്കുകൾ പൂർണമായും ഉൾക്കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

‘എല്ലായിടങ്ങളിലും വരും. ആശങ്കപ്പെടേണ്ടതില്ല. നിങ്ങൾക്ക്‌ ലഭിച്ചതുപോലെതന്നെ എല്ലാ സ്ഥലത്തും കണക്‌ഷൻ  ലഭ്യമാക്കും. ഇപ്പോൾ ഒരുപാട്‌ സ്ഥലങ്ങളിൽ എത്തിക്കഴിഞ്ഞു. ഇനി എത്തേണ്ടിടത്തെല്ലാം അതിവേഗത്തിലെത്തും. നിങ്ങളുടെ ആഗ്രഹം അതേപോലെ സഫലീകൃതമാകും. നല്ലതുപോലെ പഠിച്ച്‌ മുന്നേറണം’.
 കോളനിയിലെ അമൃതയും അമൽജിത്തുമെല്ലാം മുഖ്യമന്ത്രിയുടെ വാക്കുകൾ കൈയടിയോടെയാണ്‌ സ്വീകരിച്ചത്‌.

കോളനിയും പരിസരവും കെ ഫോൺ നെറ്റ്‌വർക്കിൽ കണക്ടഡാണ്‌. 100 എംബിപിഎസ്‌ സ്‌പീഡുണ്ട്‌. കോളനിക്കാർ എല്ലാവരും ആഹ്ലാദത്തോടെയാണ്‌ കെ ഫോൺ ഉദ്‌ഘാടനം വീക്ഷിച്ചതും മുഖ്യമന്ത്രിയുമായി സംവദിച്ചതും. കേരളത്തിന്റെ സ്വപ്‌നം വിരൽത്തുമ്പിലായപ്പോൾ എറ്റവും പിന്നാക്കക്കാരായവരെ അതിന്റെ ഗുണഭോക്താക്കളാക്കിയാണ്‌ സർക്കാർ ചരിത്രം രചിച്ചത്‌. പ്രാദേശിക ചടങ്ങ്‌ മുൻ എംഎൽഎ സി കെ ശശീന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top