25 April Thursday

ദേശീയപാത വികസനം തടസ്സപ്പെടുത്തൽ കേന്ദ്രനിലപാട‌് പുനഃപരിശോധിക്കണം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday May 6, 2019


ദേശീയപാതാവികസനം തടസ്സപ്പെടുത്തുന്ന തരത്തിൽ സ്ഥലമെടുപ്പ‌് നടപടി നിർത്തിവയ‌്ക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ ഉത്തരവ‌് പുനഃപരിശോധിക്കണമെന്ന‌് മന്ത്രി ജി സുധാകരൻ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ‌്കരിക്കും ദേശീയപാതാ അതോറിറ്റി തലവനും ഇ-മെയിൽ അയച്ചതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ പ്രതിഷേധം അറിയിച്ചതിനൊപ്പം തൽസ്ഥിതി തുടരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട‌്.  തുടർനടപടി ആലോചിക്കാൻ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കാസർകോട് ഒഴികെയുള്ള ജില്ലകളെ ദേശീയപാത വികസനത്തിന്റെ ഒന്നാം മുൻഗണനാപ്പട്ടികയിൽനിന്ന് ഒഴിവാക്കിയതായി മെയ‌് ഒന്നിനാണ‌് സൂചന ലഭിച്ചത‌്.

ഇക്കാര്യം അറിഞ്ഞപ്പോൾത്തന്നെ വേണ്ട ഇടപെടൽ നടത്തി. കേരള വികസനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ‌് കേന്ദ്രതീരുമാനം. കാസർകോട‌് ഒഴികെയുള്ള ജില്ലകളിലെ വികസനം രണ്ടാം മുൻഗണനാപ്പട്ടികയിലേക്ക‌് മാറ്റിയതിനാൽ രണ്ടുവർഷത്തേക്ക് തുടർനടപടികളുണ്ടാവില്ല. മുടങ്ങിക്കിടന്ന ദേശീയപാതാവികസനം 2021ൽ പൂർത്തീകരിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ട നടപടികളെല്ലാം വേഗത്തിൽ ചെയ്യുന്നുണ്ട‌്. ഇതെല്ലാം അട്ടിമറിക്കുന്ന കേന്ദ്രതീരുമാനം സംസ്ഥാനത്തിന‌് വലിയ തിരിച്ചടിയാകും.

വടക്കൻ ജില്ലകളിൽ 80 ശതമാനവും തെക്കൻമേഖലയിൽ 60 ശതമാനവും സ്ഥലമെടുപ്പ‌് പൂർത്തിയായി. പദ്ധതി വൈകിയാൽ ഭൂമിവില ഇനിയും വർധിക്കുന്നത‌് അധികബാധ്യത വരുത്തും. ഈസാഹചര്യത്തിൽ കേന്ദ്രതീരുമാനം തിരുത്താൻ തയ്യാറാകണമെന്നും മന്ത്രി കത്തിൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top