20 April Saturday

വ്യാജ ജനന സർട്ടിഫിക്കറ്റ് : നഗരസഭാ ജീവനക്കാരിയെ ജോലിയിൽനിന്ന് നീക്കി

വെബ് ഡെസ്‌ക്‌Updated: Monday Feb 6, 2023


കളമശേരി
എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ വ്യാജ ജനന സർട്ടിഫിക്കറ്റുണ്ടാക്കിയ സംഭവത്തിൽ കളമശേരി നഗരസഭയിലെ കിയോസ്‌ക്‌ അസിസ്‌റ്റന്റ്‌ എ എൻ രഹ്നയെ ജോലിയിൽനിന്ന് നീക്കി. ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ്‌ നടപടി. മെഡിക്കൽ കോളേജ്‌ സൂപ്രണ്ടിന്റെ വ്യാജ സീലും ഒപ്പും നിർമിച്ച്‌ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്‌ എ അനിൽകുമാറിനെ സസ്‌പെൻഡ്‌ ചെയ്തിരുന്നു. മെഡിക്കൽ കോളേജിൽ നടക്കാത്ത പ്രസവത്തിന്റെ പേരുപറഞ്ഞ്‌ തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികൾക്കായി വ്യാജ ജനന സർട്ടിഫിക്കറ്റ്‌ നിർമിച്ചുനൽകിയെന്നാണ്‌ കേസ്‌. അനിൽകുമാറിന്റെ ആവശ്യപ്രകാരം നിർമിച്ച സർട്ടിഫിക്കറ്റിൽ പിന്നീട്‌ മെഡിക്കൽ കോളേജ്‌ സൂപ്രണ്ടിന്റെ വ്യാജ സീലും ഒപ്പും പതിച്ചു.

കളമശേരി നഗരസഭയിലെ താൽക്കാലിക ജീവനക്കാരിയായ രഹ്നയാണ്‌ മെഡിക്കൽ കോളേജിലുണ്ടാകുന്ന ജനന–-മരണ വിവരങ്ങൾ ശേഖരിച്ച് സർട്ടിഫിക്കറ്റ് നൽകുന്നത്‌. ജനന–-മരണങ്ങൾ രജിസ്റ്റർ ചെയ്യുന്നത് പഠിക്കാനെന്ന പേരിലാണ്‌ അനിൽകുമാർ രഹ്നയെ സമീപിച്ചത്‌. കഴിഞ്ഞ ബുധൻ പകൽ 12ന് കിയോസ്‌കിലെത്തിയ അനിൽകുമാർ, ഒരു ഫയൽ പ്രിന്റ്‌ എടുക്കാൻ രഹ്‌നയോട്‌ ആവശ്യപ്പെട്ടു. ബൈസ്റ്റാൻഡർ വന്ന് വിവരങ്ങൾ ബോധ്യപ്പെടുത്തിയാലേ സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യൂവെന്ന്‌ രഹ്ന അറിയിച്ചു. ഫയലുമായി മടങ്ങിയ അനിൽകുമാർ, ഉച്ചയ്‌ക്ക്‌ ബൈസ്റ്റാൻഡറുമായെത്തി. സർട്ടിഫിക്കറ്റ് നൽകിയാൽ അറിയിക്കണമെന്ന്‌ അനിൽകുമാർ ആവശ്യപ്പെട്ടതായും രഹ്‌ന പറഞ്ഞു. ജനന–-മരണ വിവരങ്ങൾ രേഖപ്പെടുത്താനും സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യാനുമുള്ള രഹസ്യകോഡ്‌ രഹ്‌നയാണ്‌ സൂക്ഷിക്കുന്നത്‌.  രഹ്‌നയുടെ അറിവോടെയോ സമ്മതത്തോടെയോ അല്ലാതെ പ്രിന്റ്‌ എടുക്കാനാകില്ല. പ്രസവം നടന്നുവെന്ന്‌ കൃത്രിമഫയൽ സൃഷ്ടിച്ചതായി ലേബർ റൂമിൽനിന്ന് ലഭിച്ച വിവരത്തെ തുടർന്ന്, വെള്ളിയാഴ്ച മെഡിക്കൽ സൂപ്രണ്ട് ഗണേഷ് മോഹൻ രഹ്നയെ വിളിച്ച് അന്വേഷിച്ചു. ആദ്യം അങ്ങനെ സംഭവമില്ലെന്നാണ്‌ രഹ്‌ന പറഞ്ഞത്‌. തെളിവ് നൽകിയതോടെ കുറ്റം സമ്മതിച്ചു.
രഹ്നയെ ജോലിയിൽനിന്ന് മാറ്റാൻ ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ്‌ അധികൃതർ നഗരസഭാ സെക്രട്ടറിക്ക്‌ കത്ത് നൽകിയതോടെയാണ്‌ നീക്കിയത്‌. അനിൽകുമാർ ചതിക്കുകയായിരുന്നെന്നും അയാളിൽനിന്ന്‌ സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് രഹ്ന കളമശേരി പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു.

കുഞ്ഞിനെ ഹാജരാക്കാൻ സിഡബ്ല്യുസി ഉത്തരവിട്ടു
എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ വ്യാജ ജനനസർട്ടിഫിക്കറ്റ്‌ നിർമിച്ചതുമായി ബന്ധപ്പെട്ട കേസിൽ കുഞ്ഞിനെ ഹാജരാക്കാൻ ചൈൽഡ്‌ വെൽഫയർ കമ്മിറ്റി (സിഡബ്ല്യുസി) ഉത്തരവിട്ടു. കുഞ്ഞിനെ ദത്തെടുത്തത്‌  നിയമവിരുദ്ധമായാണെന്ന്‌ കണ്ടെത്തിയതോടെയാണ്‌ ഉത്തരവ്‌.
കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താൻ പൊലീസിന്‌ നിർദേശം നൽകി. മാതാപിതാക്കൾ പിന്മാറിയാൽ കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കുമെന്നും സിഡബ്ല്യുസി അറിയിച്ചു.

അനിൽകുമാർ 
മുൻകൂർജാമ്യം തേടി
എറണാകുളം ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ വ്യാജ ജനനസർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ പ്രതിയായ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്‌റ്റന്റ് അനിൽകുമാർ മുൻകൂർജാമ്യം തേടി. സംഭവം വിവാദമായതോടെ ഒളിവിൽപ്പോയ അനിൽകുമാർ, എറണാകുളം ജില്ലാ കോടതിയെയാണ്‌ മുൻകൂർജാമ്യത്തിനായി സമീപിച്ചത്‌.
ജാമ്യഹർജി തിങ്കളാഴ്ച പരിഗണിക്കും. ഏഴുവർഷംവരെ തടവ്‌ ലഭിക്കാവുന്ന ചതി, വ്യാജനിർമിതി, ഭീഷണി എന്നിവ ഉൾപ്പെടുന്ന 420, 468, 506 വകുപ്പുകൾ ചേർത്താണ്‌ കളമശേരി പൊലീസ്‌ കേസെടുത്തത്‌.

അനിൽകുമാർ മുമ്പും
വ്യാജരേഖ കേസിൽ 
ശിക്ഷിക്കപ്പെട്ടയാൾ
മെഡിക്കൽ കോളേജ് ജീവനക്കാരുടെ ഐഎൻടിയുസി സംഘടനാ നേതാവായിരുന്ന എ അനിൽകുമാർ മുമ്പും വ്യാജരേഖയുണ്ടാക്കി തട്ടിപ്പുനടത്തി പിടിയിലായയാൾ.  ട്രഷറിയിൽ അടയ്ക്കാൻ കൊണ്ടുപോയ പണം തട്ടിയതിന്‌ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്‌. ക്യാഷ് സെക്‌ഷനിൽ ജോലിയിലിരിക്കെയാണ്‌ പണം വ്യാജ സീൽ പതിച്ച് തട്ടിയെടുത്തത്. ഓഡിറ്റ് വിഭാഗം തട്ടിപ്പ് കണ്ടുപിടിച്ചതോടെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശപ്രകാരം അഡ്മിനിസ്ട്രേഷൻ സെക്‌ഷനിലേക്ക്  മാറ്റി. നിലവിൽ സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റാണ്.

വ്യാജ ജനനസർട്ടിഫിക്കറ്റ് നിർമിച്ച സംഭവത്തിൽ കൃത്രിമമായി ഫയൽ ഉണ്ടാക്കുകയും ഡ്യൂട്ടി ഡോക്ടറുടെ വ്യാജ ഒപ്പിടുകയും ചെയ്താണ് നഗരസഭാ ജീവനക്കാരിയെ തെറ്റിദ്ധരിപ്പിച്ചത്. പരിശീലന പരിപാടിയിൽ ക്ലാസെടുക്കാനുണ്ടെന്നും വിവരങ്ങൾ പഠിപ്പിച്ചുതരണമെന്നും ആവശ്യപ്പെട്ടാണ് ഇയാൾ ജീവനക്കാരിയെ സമീപിച്ചത്‌. സർട്ടിഫിക്കറ്റ് നൽകിയശേഷം ജീവനക്കാരി സംശയം ഉന്നയിച്ചപ്പോൾ മെഡിക്കൽ സൂപ്രണ്ടിന് വേണ്ടിയാണെന്നും ആരോടും  പറയരുതെന്നും താക്കീത് ചെയ്‌തു. പിന്നീട്  ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.

മെഡിക്കൽ കോളേജ്‌ സൂപ്രണ്ട് ഡോ. ഗണേഷ് മോഹനെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഡോ. ഗണേഷ് മോഹനെതിരെ ആരോപണമുന്നയിച്ച്‌ രക്ഷപ്പെടാൻ അനിൽകുമാർ ശ്രമിച്ചതിന്‌ പിന്നാലെയാണ്‌ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്‌. തട്ടിപ്പ്‌ പുറത്തായതോടെ ഡോ. ഗണേഷ് മോഹന്റെ ഓഫീസിലെത്തി മാപ്പ് പറയുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ്‌ പുറത്തുവന്നത്‌. ഗണേഷ് മോഹൻ ഓഫീസിൽനിന്ന്‌ അനിൽകുമാറിനെ തള്ളിപ്പുറത്താക്കുന്നതും ദൃശ്യത്തിലുണ്ട്.

കുടുങ്ങിയപ്പോൾ അനിൽകുമാർ 
കള്ളം പറയുന്നു: ഡോ. ഗണേഷ്‌ മോഹൻ
ജനന സർട്ടിഫിക്കറ്റ് നൽകുന്ന ഒരുഘട്ടത്തിലും ഇടപെടേണ്ടതില്ലാത്തതിനാൽ മെഡിക്കൽ കോളേജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്‌ എ അനിൽകുമാറിന്‌ താൻ ഒരു നിർദേശവും നൽകിയിട്ടില്ലെന്ന്‌ മെഡിക്കൽ സൂപ്രണ്ട് ഗണേഷ് മോഹൻ പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫിന്റെ മകൻ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആ ദിവസങ്ങളിലെ മെഡിക്കൽ സർട്ടിഫിക്കറ്റ് വിദ്യാഭ്യാസ ആവശ്യത്തിനായി നൽകിയിട്ടുണ്ട്. അത് വ്യാജമല്ല. ഇതാണ് അനിൽകുമാർ വ്യാജ സർട്ടിഫിക്കറ്റ് എന്ന് ആരോപിക്കുന്നത്. ക്യാന്റീൻ കരാറിൽ താൻ കൈക്കൂലി വാങ്ങിയെന്ന ആരോപണവും കളവാണ്. ഇ ടെൻഡറാണ് നടന്നതെന്നും കുരുക്ക് മുറുകിയെന്ന് ബോധ്യമായതോടെ അനിൽകുമാർ നടത്തുന്ന ജൽപ്പനങ്ങളാണ് ഇവയെന്നും അദ്ദേഹം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top