തിരുവനന്തപുരം
രാഷ്‌ട്രീയ തന്ത്രം മെനയാൻ കർണാടകത്തിൽ നിന്നെത്തിയ ‘വിദഗ്ധൻ ’ സുനിൽ കനിഗോലുവിന്റെ ഉപദേശ നിർദേശം അതേപടി ഏറ്റുവാങ്ങി മുതിർന്ന നേതാക്കൾ അടങ്ങുന്ന കോൺഗ്രസ് രാഷ്‌ട്രീയകാര്യസമിതി യോഗം. കേരളത്തിലെ ‘ പ്ലസ്‌പോയിന്റ് ’ ആയി കനിഗോലു വിശേഷിപ്പിക്കുന്നത് മറ്റിടങ്ങളിൽ കിട്ടാത്ത മാധ്യമ സഹായം ആണ്. സിറ്റിങ് എംപിമാർ മത്സര രംഗത്തുണ്ടാകണമെന്ന് നിർദേശിച്ചെങ്കിലും കെപിസിസി അധ്യക്ഷനെ ഒഴിവാക്കും. ഇനി കേരളത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്ന സുധാകരന്റെ താൽപ്പര്യവും പരിഗണിച്ചാണിത്. എന്നാൽ, മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ച കെ മുരളീധരൻ, ടി എൻ പ്രതാപൻ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി തുടങ്ങിയവരെ നിർബന്ധിച്ച് മത്സരിപ്പിക്കേണ്ടതുണ്ടോ എന്നതിലും ആശയക്കുഴപ്പമുണ്ട്.
വകോൺഗ്രസ് നേതാക്കൾ വിവിധ മണ്ഡലങ്ങൾ കണ്ടുവച്ചിട്ടുമുണ്ട്. പുതിയ നിരയെന്ന ആശയവും കനിഗോലുവിനുണ്ട്. പക്ഷെ, സ്ഥാനാർഥിയാകാനുള്ള അടി ഭീകരമായിരിക്കുമെന്നതാണ് വെല്ലുവിളി. കണ്ണൂരിൽ സുധാകരൻ മാറുമെന്ന് ധാരണയായതിനു പിന്നാലെ ജനറൽ സെക്രട്ടറി കെ ജയന്ത് മത്സരിക്കുമെന്ന് വാർത്ത പ്രചരിച്ചു. സംസ്ഥാന സർക്കാരിന്റെ നവകേരള ജനസദസ്സിന് പകരം കെ സുധാകരന്റെ നേതൃത്വത്തിൽ ജനുവരിയിൽ ജാഥ നടത്താൻ യോഗത്തിൽ ധാരണയായി. വ്യാഴാഴ്‌ച ചേരുന്ന കെപിസിസി എക്സിക്ക്യൂട്ടീവിൽ വിശദ ചർച്ച നടക്കും. സഹകരണ, ഇഡി വിഷയങ്ങളും ചർച്ചയ്ക്കു വരും. ആറിന് യുഡിഎഫ് യോഗവുമുണ്ട്. കേരളത്തിൽ കനിഗോലുവിന്റെ കമ്പനി ‘ മൈൻഡ് ഷെയർ അനലക്ടിക്സ് ’ നടത്തിയ സർവേ പ്രകാരം പല സിറ്റിങ് സീറ്റുകളും ഇക്കുറി എളുപ്പമല്ല. രാഹുൽ ഗാന്ധിയുടെ മത്സരം പറഞ്ഞ് ഇനി വോട്ട്‌നോടാനാകില്ല. കർണാടകത്തിൽ ബിജെപിയുടേത് ‘കമ്മീഷൻ ’ സർക്കാരായിരുന്നതിനാൽ ആ പ്രചാരണം ഏറ്റു. എന്നാൽ, കേരളത്തിൽ സംഭവങ്ങൾ ഉണ്ടാക്കുകയെന്ന തന്ത്രം പയറ്റാമെന്നും പ്രചാരണ കമ്പനി കണക്കുകൂട്ടുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..