കൊച്ചി
ഫെയ്‌സ്ബുക് വഴി പരിചയപ്പെട്ട യുവ ജ്യോത്സ്യനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ഗുളിക കലക്കിയ പാനീയം നൽകി മയക്കിയശേഷം സ്വർണാഭരണങ്ങളും ഫോണും കവർന്ന കേസിൽ പ്രതി പിടിയിൽ. തൃശൂർ മണ്ണുത്തി നെച്ചിപ്പറമ്പിൽ അൻസിയെയാണ് (26) എളമക്കര പൊലീസ് പിടികൂടിയത്. അൻസിയുടെ കൂട്ടാളികളായ രണ്ടുപേർക്കായി തിരച്ചിൽ ഊർജിതമാക്കി.
കൊല്ലം അഴീക്കൽ സ്വദേശിയായ ജ്യോത്സ്യനാണ് തട്ടിപ്പിനിരയായത്. 13.5 പവൻ സ്വർണാഭരണങ്ങളും 30,000 രൂപയുടെ മൊബൈൽഫോണുമാണ് കവർന്നത്. സെപ്‌തംബർ 24നാണ് സംഭവം. ‘ആതിര' എന്ന പേരിൽ ഫെയ്‌സ്ബുക്കിൽ വന്ന യുവതിയുടെ ഫ്രണ്ട് റിക്വസ്റ്റ് ജ്യോത്സ്യൻ സ്വീകരിക്കുകയായിരുന്നു. യുവതി ജ്യോത്സ്യനുമായി സൗഹൃദം സ്ഥാപിച്ചു. തുടർന്ന് കൊച്ചിയിലെത്താൻ ആവശ്യപ്പെട്ടു. സ്വന്തം കാറിലാണ് ഇയാൾ എത്തിയത്.
ജ്യോത്സ്യനും ‘ആതിര’യും ഭാര്യഭർത്താക്കന്മാരെന്ന വ്യാജേനെ മുറിയെടുത്തു. ഇവിടെവച്ച് ആദ്യം പായസം നൽകിയെങ്കിലും ജ്യോത്സ്യൻ കഴിച്ചില്ല. തുടർന്ന് ഗുളികകൾ കലക്കിയ പാനീയം നൽകി. ഇയാൾ മയങ്ങിയപ്പോൾ മാല, ചെയിൻ, മോതിരം എന്നിവയും മൊബൈൽഫോണും ‘ആതിര’യും കൂട്ടാളിയും ചേർന്ന് കവർന്നു. ഭർത്താവ് ഉറങ്ങുകയാണെന്നും വൈകിട്ട് അന്വേഷിച്ചേക്കണമെന്നും റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെട്ടാണ് മുങ്ങിയത്.
എളമക്കര പൊലീസ് ഇൻസ്പെക്ടർ എസ് ആർ സനീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘമാണ് അൻസിയെ പിടികൂടിയത്. എസ്ഐമാരായ അയിൻബാബു, സജീവ്കുമാർ, മുഹമ്മദ് ബഷീർ, എഎസ്ഐമാരായ ലാലു ജോസഫ്, എസ്‌സിപിഒ പ്രഭലാൽ എന്നിവർ സംഘത്തിലുണ്ടായി.
ഉന്നം ജ്യോത്സ്യന്മാരും
പൂജാരികളും
അൻസിയും കൂട്ടാളികളും ഉന്നമിട്ടിരുന്നത് ജ്യോത്സ്യന്മാരെയും പൂജാരികളെയും. സ്വർണാഭരണങ്ങൾ കൂടുതൽ ധരിക്കുന്നതിനാലാണ് ഇവരെ ലക്ഷ്യമിട്ടിരുന്നതെന്ന് അൻസി വെളിപ്പെടുത്തി. ഫെയ്‌സ്‌ബുക് വഴി പരിചയപ്പെട്ട് സൗഹൃദം സ്ഥാപിക്കും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ദോഷം മാറ്റണമെന്നും നേരിൽ കാണണമെന്നും ആവശ്യപ്പെടും. നേരിട്ടെത്തുമ്പോൾ മുറിയെടുക്കും. തുടർന്നാണ് തട്ടിപ്പ്.
അൻസിയെ മൂവാറ്റുപുഴ മുളവൂർകവലയിൽനിന്നാണ് പിടികൂടിയത്. ഇവരിൽനിന്ന് 40,000 രൂപ പിടിച്ചെടുത്തു. കൊല്ലത്തെ ജ്യോത്സ്യനിൽനിന്ന് തട്ടിയെടുത്ത ആഭരണങ്ങൾ വിറ്റ് ലഭിച്ച തുകയിൽ ഉൾപ്പെട്ടതാണിത്. തുക ഉപയോഗിച്ച് ഫ്രിഡ്‌ജും വാഷിങ് മെഷീനും വാങ്ങി. കൂട്ടാളികൾവഴിയാണ് ആഭരണങ്ങൾ വിറ്റതെന്ന് അൻസി പറഞ്ഞു.
ആഭരണങ്ങളും ശേഷിക്കുന്ന തുകയും കണ്ടെടുക്കാൻ പൊലീസ് നടപടി ആരംഭിച്ചു. അന്വേഷണം തുടങ്ങിയതോടെ അൻസി താമസസ്ഥലം മാറിയിരുന്നു. ആരതി, ആതിര എന്നിങ്ങനെയുള്ള വ്യാജപേരുകളിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. ആധാറടക്കമുള്ള തിരിച്ചറിയൽ രേഖകൾ ലഭിച്ചതോടെയാണ് യഥാർഥപേര് വ്യക്തമായത്. കുടുംബാംഗങ്ങളെയും പൊലീസ് ബന്ധപ്പെട്ടു. വാട്‌സാപ് കോളുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അൻസിയെ കണ്ടെത്താനായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..