18 December Thursday

സഞ്‌ജു, നിധിൻ ; കേരളത്തിന്റെ 
പ്രതിരോധക്കോട്ട

ജെയ്‌സൻ ഫ്രാൻസിസ്‌Updated: Thursday Oct 5, 2023


കൊച്ചി
സന്തോഷ്‌ ട്രോഫിയിൽ കേരളത്തിനായി പ്രതിരോധക്കോട്ട തീർക്കാൻ ‘കൊച്ചി’യുടെ യോദ്ധാക്കൾ. അശോകപുരം നൊച്ചിമ സ്വദേശി ജി സഞ്‌ജുവും പെരുമ്പാവൂരുകാരൻ നിധിൻ മധുവുമാണ്‌ സന്തോഷ്‌ ട്രോഫി ടീമിനുള്ള കേരള ടീമിൽ ഇടംപിടിച്ച ജില്ലയുടെ താരങ്ങൾ.

സഞ്‌ജു ടീമിന്റെ ഉപനായകൻകൂടിയാണ്‌. സന്തോഷ്‌ ട്രോഫിയിൽ കേരളത്തെ പ്രതിനിധാനംചെയ്യുന്നത്‌ നാലാംതവണ. കേരളം അവസാനം കപ്പടിച്ചപ്പോൾ കലാശപ്പോരാട്ടത്തിൽ ഒരു ഗോൾ ഈ ഡിഫൻഡറുടെ ബൂട്ടിൽനിന്നായിരുന്നു. ആ ടൂർണമെന്റിൽ ബംഗാളിനെതിരെയുള്ള കളിയിൽ മാൻ ഓഫ്‌ ദി മാച്ചുമാണ്‌. ഗോകുലത്തിന്റെ താരമായിരുന്ന സഞ്‌ജു നിലവിൽ പൊലീസ്‌ ടീമിലാണുള്ളത്‌. ‘കപ്പടിക്കുകതന്നെയാണ്‌ ലക്ഷ്യം. കളിക്കാരനായാലും വൈസ്‌ക്യാപ്‌റ്റനായാലും ടീമിനുവേണ്ടി ആത്മാർഥതയോടെ കളിക്കുന്നതിനാണ്‌ പ്രാധാന്യം. ടീമിൽ പലരും ഒന്നിച്ച്‌ കളിച്ചവരാണ്‌. പെട്ടെന്ന്‌ സെറ്റാകും. ആദ്യം സൗത്ത്‌ സോൺ കടമ്പ കടക്കണം’–- സഞ്‌ജു പറഞ്ഞു. 

കളത്തിൽ കുതിപ്പിന്‌ കടപ്പെട്ടിരിക്കുന്നത്‌ ചേട്ടൻ സച്ചിനോടാണ്‌. സഞ്‌ജു കോളേജിൽ പഠിക്കുമ്പോഴാണ്‌ അച്ഛൻ ഗണേശ്‌ മരിച്ചത്‌. ചേട്ടനാണ്‌ തന്റെ കളിക്കമ്പത്തിന്‌ എല്ലാ പിന്തുണയും പ്രോത്സാഹനവുമായി കൂടെനിന്നതെന്നും സഞ്‌ജു പറയുന്നു. ഷീബയാണ്‌ അമ്മ. സഹോദരി: കാർത്തിക.
സന്തോഷ്‌ ട്രോഫി ടീമിൽ ഉൾപ്പെട്ടതിൽ ആഹ്ലാദവും അഭിമാനവുമാണ്‌ നിധിൻ മധു വയ്‌ക്കുന്നത്‌. നിശ്ചയദാർഢ്യത്തോടെയുള്ള പരിശ്രമത്തിനും കാത്തിരിപ്പിനുമുള്ള ഫലംകൂടിയാണിത്‌. പിന്നിൽ സങ്കടത്തിന്റെ കഥയുമുണ്ട്‌.

2021ൽ സന്തോഷ്‌ ട്രോഫി സൗത്ത്‌ സോൺ മത്സരങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന്‌ തലേദിവസം. നിധിന്റെ കാലൊടിഞ്ഞു. സ്വഭാവികമായും ടീമിൽ ഉൾപ്പെട്ടില്ല. അന്നത്തെ സങ്കടവും നിരാശയുമാണ്‌ ഇപ്പോൾ മാഞ്ഞുപോയത്‌. ഇത്തവണ ടീമിൽ ഇടംനേടണമെന്ന വാശിയിലായിരുന്നു. ചില ക്ലബ്ബുകളിൽനിന്ന്‌ വന്ന ഓഫറുകൾ നിരസിച്ചതും അതിനാണ്‌.

ആശ്രമം എഫ്‌എ ക്ലബ്ബിൽനിന്നാണ്‌ നിധിന്റെ തുടക്കം. ആദ്യം മുന്നേറ്റക്കാരനായിരുന്നു. പിന്നീട്‌ പ്രതിരോധനിരയിലേക്ക്‌. കെപിഎല്ലിൽ ബൂട്ടണിഞ്ഞു. നിലവിൽ കേരള യുണൈറ്റഡ്‌ എഫ്‌സി താരം. ആശ്രമം ഒന്നാംമൈൽ സ്വദേശിയാണ്‌. കോതമംഗലം എംഎ കോളേജ് എംഎ ബിരുദ വിദ്യാർഥിയാണ്. മധു–-കുഞ്ഞുമോൾ ദമ്പതികളുടെ മകനാണ്‌. സഹോദരൻ: മിഥുൻ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top