18 December Thursday

നാടകത്തട്ടിൽ 53–-ാംവർഷം ; തെരുവിൽ തീപടർത്തി മീനാരാജ്‌

അനന്തു ചന്ദ്രബാബുUpdated: Thursday Oct 5, 2023

ജോൺ ഫെർണാണ്ടസ് രചിച്ച ‘മത്തായിയുടെ മരണം’ നാടകത്തിൽ മീനാരാജ് പാപ്പിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു (ഇടത് )


പള്ളുരുത്തി
മീനാരാജ്‌ വേഷമിട്ട്‌ ഇറങ്ങിയാൽ തെരുവുകൾക്ക്‌ തീപിടിക്കും. ജീവൽപ്രശ്‌നങ്ങൾ നാടക കഥാംശങ്ങളായി, രാഷ്‌ട്രീയബോധമായി ജനങ്ങളിലേക്ക്‌ പടരാൻ പിന്നെ അധികം സമയംവേണ്ട. 7000 വേദികളിൽ തെരുവുനാടകങ്ങൾ. നാടകപ്രവർത്തനം 53–-ാം വർഷത്തിലേക്ക് കടക്കുമ്പോഴും മീനാരാജ് പള്ളുരുത്തി തെരുവുകളിലുണ്ട്.

നിലവിൽ മത്സ്യത്തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന ജാഥയോടൊപ്പം സ്വീകരണകേന്ദ്രങ്ങളിൽ നാടകം അവതരിപ്പിക്കുകയാണ് മീനാരാജ്. പ്രൊഫഷണൽ, അമച്വർ, തെരുവ് ജനകീയ നാടകങ്ങളിലെ സജീവസാന്നിധ്യമാണ് അറുപത്താറുകാരനായ മീനാരാജ്. 13–ാം വയസിൽ അമ്മയാണ് മീനാരാജിനെ പള്ളുരുത്തിയിലെ പ്രാദേശിക ക്ലബ്ബുകളിൽ ചേർത്തത്. യൗവനകാലത്ത് 1978ൽ ദേശാഭിമാനി ആർട്സ് സെന്ററിനായി ‘സന്നാഹം'എന്ന നാടകമെഴുതിയാണ് തുടക്കം. ഇരുപത്തഞ്ചിലധികം നാടകങ്ങൾ എഴുതി. 35 നാടകങ്ങൾ സംവിധാനം ചെയ്തു. നൂറിലധികം നാടകങ്ങളിലും എട്ട്‌ സിനിമകളിലും അഭിനയിച്ചു.

തെരുവുനാടകമാണ് അരങ്ങും ഉന്മാദവുമെന്ന് മീനാരാജ് പറയുന്നു. 2007ൽ നിയമസഭയുടെ 50–-ാംവാർഷികത്തിൽ അന്നത്തെ എംഎൽഎയായിരുന്ന ജോൺ ഫെർണാണ്ടസിന്റെ ‘ഭൂമി വിലാപം' നാടകം എംഎൽഎമാരെയും മന്ത്രിമാരെയും പരിശീലിപ്പിച്ചതും മീനാരാജാണ്. അന്തരിച്ച പി എം ആന്റണിയോടൊത്ത് ഒരുസംഘം നാടകക്കാർ സൈക്കിളിൽ കേരളം മുഴുവൻ സഞ്ചരിച്ച് ‘അരങ്ങിൽനിന്ന്‌ അടുക്കളയിലേക്ക്’ നാടകയാത്രയുടെ ശിൽപ്പികളിലൊരാളും മീനാരാജായിരുന്നു.

‘മത്തായിയുടെ മരണ’മെന്ന ജോൺ ഫെർണാണ്ടസിന്റെ രണ്ടാൾ നാടകത്തിൽ പാപ്പിയായി അറുനൂറിലേറെ അരങ്ങിൽ വേഷമിട്ടു. ഡൽഹി, ബംഗളൂരു, തമിഴ്നാട് എന്നിവിടങ്ങളിലും നാടകം കളിച്ചു. പിന്തുണയുമായി ഭാര്യ മംഗളാദേവിയും മക്കൾ അശ്വതി രാജും അരുൺ രാജുമുണ്ട്. മീനാരാജിന് കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ അവാർഡും ലഭിച്ചിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top