പെരുമ്പാവൂർ
കോർട്ട് റോഡിൽ കസ്റ്റഡി വാഹനങ്ങൾ കൂട്ടിയിടുന്നതിനാൽ അപകടങ്ങൾ പതിവായി. മുനിസിപ്പൽ ജങ്ഷനിൽനിന്ന് ഔഷധി ജങ്ഷനിലേക്ക് പോകുന്ന റോഡ് അരികിലാണ് പൊലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
സെപ്തംബർ 30ന് കൂവപ്പടി തേക്കാനത്ത് വീട്ടിൽ അനക്സ് ടി സേവ്യറിന്റെ (27) മരണത്തിനിടയാക്കിയ ലോറി കോർട്ട് റോഡിലാണ് പാർക്ക് ചെയ്തിരിക്കുന്നത്. ഇതേ ലോറിയിലിടിച്ച് മറ്റൊരു ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. കോതമംഗലം, അങ്കമാലി ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ഇതുവഴിയാണ് കടന്നുപോകുന്നത്. ലോറി റോഡിലേക്ക് കയറിക്കിടക്കുന്നതാണ് അപകടത്തിന് കാരണം. വില്ലേജ് ഓഫീസിലേക്കും പൊലീസ് സ്റ്റേഷനിലേക്കും പോകുന്ന വഴിയിലെ ഇരുഭാഗങ്ങളിലും കസ്റ്റഡി വാഹനങ്ങൾ നിറഞ്ഞു. സർക്കാർ സ്ഥാപനങ്ങളിലേക്ക് വരുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇടമില്ല. മുനിസിപ്പൽ ലൈബ്രറിക്കുസമീപമുള്ള ഗ്രൗണ്ടിലും കസ്റ്റഡി വാഹനങ്ങളാണ്. തിരക്കേറിയ കോർട്ട് റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..