08 December Friday
അഖിൽ മാത്യുവിന് പങ്കില്ല

ഹരിദാസൻ ഒളിവിൽത്തന്നെ ; ദുരൂഹത , ഗൂഢാലോചനയിലും പങ്ക്

വെബ് ഡെസ്‌ക്‌Updated: Thursday Oct 5, 2023


തിരുവനന്തപുരം
ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ്‌ അംഗത്തിനെതിരെ ആരോപണമുന്നയിച്ച മലപ്പുറം സ്വദേശി ഹരിദാസന്റെ ഒളിവ്‌ ജീവിതത്തിൽ ദുരൂഹത. മന്ത്രി ഓഫീസിനെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം തെളിവുകളുടെ അടിസ്ഥാനത്തിൽ തകർന്നതോടെയാണ്‌ ഹരിദാസൻ ഫോൺ സ്വിച്ച്‌ ഓഫാക്കി മുങ്ങിയത്‌. ഗൂഢാലോചനയിൽ പ്രതിസ്ഥാനത്തേക്ക്‌ നീങ്ങുന്നുവെന്ന ഘട്ടത്തിലാണിത്. ഹരിദാസനായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.

കഴിഞ്ഞ ദിവസം ബാസിതിനെയും അഭിഭാഷകനായ എം കെ റയീസിനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനൊപ്പം ഹരിദാസനോടും തിരുവനന്തപുരത്ത്‌ എത്താൻ നിർദേശിച്ചിരുന്നു. എന്നാൽ, എത്തിയില്ല. ഫോൺ സ്വിച്ച്‌ ഓഫ്‌ ചെയ്‌ത നിലയിലാണ്. അന്വേഷണത്തെ വഴിതെറ്റിക്കാനുള്ള ശ്രമമാണ്‌ ഹരിദാസൻ നടത്തുന്നതെന്ന്‌ പൊലീസ്‌ കരുതുന്നു.

മാറിമറഞ്ഞ മൊഴി
സെക്രട്ടറിയറ്റ്‌ പരിസരത്തുവച്ച്‌ കൈക്കൂലി നൽകിയെന്നായിരുന്നു ഹരിദാസന്റെ ആദ്യ മൊഴി. സിസിടിവി ദൃശ്യങ്ങളിൽ പണം നൽകുന്ന ദൃശ്യങ്ങളില്ലെന്ന്‌ കണ്ടെത്തിയതോടെ ഇത്‌ തിരുത്തി. സെക്രട്ടറിയറ്റിനു പുറത്ത്‌ റോഡിൽവച്ച്‌ എതിരെ നടന്നുവന്ന അഖിൽ മാത്യുവെന്നയാൾക്ക്‌ കൈക്കൂലി നൽകിയെന്നായി പുതിയ മൊഴി. റോഡിലെ സിസിടിവികളിൽ നടത്തിയ പരിശോധനയിലും ഹരിദാസൻ പറയുന്നത്‌ പ്രകാരമുള്ള ദൃശ്യങ്ങളില്ല. ആൾമാറാട്ടം നടത്തി ഹരിദാസനിൽനിന്ന്‌ പണം തട്ടിയെടുത്തതാകാം എന്ന സംശയം നേരത്തേ പൊലീസിനുണ്ടായിരുന്നു. എന്നാൽ,  സെക്രട്ടറിയറ്റ്‌ പരിസരത്ത്‌ ആർക്കും പണം കൊടുത്തിട്ടില്ലെന്ന്‌ ബോധ്യമായി.

ഗൂഢാലോചനയിലും പങ്ക്
വ്യാജ ഇ–- മെയിലിൽനിന്നാണ്‌ നിയമന ഉത്തരവ്‌ ലഭിച്ചത്‌ എന്ന്‌ ബോധ്യമായശേഷമാണ്‌ ബാസിതും ഹരിദാസനും സെക്രട്ടറിയറ്റിൽ എത്തിയതും അഖിൽ മാത്യുവിനെതിരെ പരാതിപ്പെടുന്നതും. അഖിൽ മാത്യുവിന്‌ പണം നൽകിയിട്ടില്ല എന്ന പരാതി തുടക്കത്തിൽ ഉന്നയിച്ചിരുന്നുമില്ല. പിന്നീട്‌ നൽകിയ പരാതിയിലാണ്‌ അഖിൽ മാത്യുവിന്‌ പണം നൽകിയെന്ന്‌ ഹരിദാസൻ ആരോപിക്കുന്നത്‌. അഖിൽ മാത്യു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലുമായി സഹകരിക്കാൻ ഹരിദാസൻ തയ്യാറായില്ല.

റയീസ്‌ 14 ദിവസം റിമാൻഡിൽ
ആരോഗ്യ മന്ത്രിയുടെ ഓഫീസിനെതിരെ ഗൂഢാലോചന നടത്തിയ കേസിൽ അറസ്റ്റിലായ കോഴിക്കോട്‌ സ്വദേശി എം കെ റയീസിനെ 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌തു. പ്രതിയെ കസ്റ്റഡിയിലെടുത്ത്‌ ചോദ്യംചെയ്യണമെന്ന്‌ കന്റോൺമെന്റ്‌ പൊലീസ്‌ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ്‌ മജിസ്ട്രേട്ട്‌ കോടതിയിൽ ആവശ്യപ്പെട്ടു. സമാന രീതിയിലുള്ള മറ്റ്‌ കുറ്റകൃത്യങ്ങളിൽ റയീസ്‌ ഏർപ്പെട്ടിട്ടുണ്ട്. ആയുഷ്‌ മിഷന്റെ പേരിൽ വ്യാജ മെയിൽ ഐഡി നിർമിച്ച പ്രതിക്ക്‌ ജാമ്യം നൽകരുത്. പ്രധാന പ്രതികളെ അറസ്റ്റ്‌ ചെയ്‌ത്‌ റയീസിനൊപ്പം ചോദ്യംചെയ്യേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു.

ഫോണിൽ നിർണായക വിവരം    
റയീസിന്റെ  ഫോണിൽ നിർണായക വിവരങ്ങളുണ്ടെന്ന്‌ റിമാൻഡ്‌ റിപ്പോർട്ടിൽ പറയുന്നു.  ഈ ഫോൺ ഒന്നാംപ്രതി അഖിൽ സജീവും ഉപയോഗിച്ചിരുന്നു.  ഹരിദാസ്‌, അഖിൽ സജീവ്‌, ബാസിത്‌ എന്നിവരെ ഇതിൽനിന്ന്‌ നിരന്തരംവിളിച്ചിട്ടുണ്ട്‌. എന്നാൽ, മന്ത്രിയുടെ പേഴ്‌സണൽ അസിസ്‌റ്റന്റ്‌ അഖിൽ മാത്യുവിനെ വിളിച്ചിട്ടുമില്ല.അഖിൽ മാത്യുവിന്റെ അക്കൗണ്ട്‌ പൊലീസ്‌ പരിശോധിച്ചെങ്കിലും പരാതിയിൽപറയുന്ന തരത്തിലുള്ള പണമിടപാട്‌ നടന്നതായി കണ്ടെത്താനായില്ല. പ്രതികളുടെ ഫോണിലേക്ക്‌ ഹരിദാസന്റെ മരുമകളുടെ അക്കൗണ്ടിൽനിന്ന്‌ പണം അയച്ചിട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top