29 March Friday

ലക്ഷ്യം ശിഥിലീകരണം; കൂട്ട്‌ ബിജെപി‌, കേന്ദ്രനീക്കത്തിന്‌ യുഡിഎഫ്‌ കൂട്ടുനിൽക്കുന്നു: കോടിയേരി ബാലകൃഷ്ണൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 5, 2020


സ്വന്തം ലേഖകൻ
എൽഡിഎഫിന്റെ തുടർഭരണം ചെറുക്കാനുള്ള ശിഥിലീകരണ പ്രവർത്തനമാണ്‌ ബിജെപിയുമായി ചേർന്ന്‌ യുഡിഎഫ്‌ നടത്തുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫ്‌ ഭരിച്ചാൽ കേരളം മുടിഞ്ഞുപോകണമെന്ന്‌ ആഗ്രഹിക്കുന്ന നശീകരണ പ്രതിപക്ഷമാണിത്‌. അന്ധമായ ഇടതുപക്ഷ വിരോധം കാരണം അവരുടെ മനസ്സ്‌ മരവിച്ചിരിക്കുകയാണ്‌. സംസ്ഥാനത്തിന്റെ പൊതുതാൽപ്പര്യം പൂർണമായും മറന്ന യുഡിഎഫും കോൺഗ്രസും എല്ലാ കാര്യത്തിലും നിഷേധാത്മക നിലപാടാണ് എടുക്കുന്നത്. അതേസമയം, സംസ്ഥാനത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ യുഡിഎഫ് പ്രതികരിക്കുന്നില്ല. ജിഎസ്ടി  കുടിശ്ശിക  കേന്ദ്രം നികത്താതെ കടം വാങ്ങാനാണ് പറയുന്നത്. സാമ്പത്തികനില ദുർബലപ്പെടുത്താനുള്ള കേന്ദ്രനീക്കത്തിന്‌ യുഡിഎഫ്‌ കൂട്ടുനിൽക്കുന്നു.

എൽഡിഎഫ്‌ സർക്കാർ പ്രഖ്യപിച്ച 100 ദിന പദ്ധതികളെക്കുറിച്ച് യുഡിഎഫിന്റെ നിലപാടെന്താണെന്നും കോടിയേരി ചോദിച്ചു. 88 ലക്ഷം കുടുംബത്തിനാണ്‌ നാലുമാസം സൗജന്യമായി ഭക്ഷധാന്യം നൽകുന്നത്‌. നാലുലക്ഷം വിദ്യാർഥികൾക്ക്‌ ലാപ്‌ടോപ്‌ നൽകുന്നു. 45,000 ഹൈടെക്‌ ക്ലാസ്‌മുറിയായി. ക്ഷേമപെൻഷൻ 1400 രൂപയാക്കി. 30,000 ഐടി ബിരുദധാരികൾക്ക്‌ ജോലി നൽകി. സ്റ്റാർട്ടപ്പുകൾ 300ൽനിന്ന്‌ 2300 ആയി. പൊതുമേഖലാ സ്ഥാപനങ്ങൾ 131 കോടി നഷ്ടത്തിൽനിന്ന്‌ 258 കോടി രൂപയുടെ ലാഭത്തിലേക്കെത്തി. എൽഡിഎഫ്‌ അല്ലായിരുന്നു ഭരണത്തിലെങ്കിൽ തിരുവനന്തപുരം വിമാനത്താവളം ഇതിനകം അദാനി കൈയടക്കുമായിരുന്നു. ഇക്കാര്യങ്ങളെല്ലാം  ജനങ്ങൾ തിരിച്ചറിയുന്നതിലുള്ള അസ്വസ്ഥത പ്രതിപക്ഷത്തിനുണ്ട്‌.

ഒരു വിഭാഗം മാധ്യമങ്ങളുടെ പിന്തുണയോടെ നുണപ്രചാരണ കോലാഹലം സൃഷ്ടിച്ച്‌ എൽഡിഎഫ്‌ സർക്കാരിന്റെ വികസനനേട്ടം തമസ്കരിക്കാൻ ആസൂത്രിത ശ്രമമാണ്‌ നടത്തുന്നത്‌. ഒരുവശത്ത്‌ മുസ്ലിംതീവ്രവാദ ശക്തികളുമായും മറുവശത്ത്‌ ഹിന്ദുത്വ വർഗീയ കക്ഷികളുമായും കോൺഗ്രസ്‌ കൂട്ടുകൂടുന്നു. ഇക്കാര്യങ്ങൾ ജനങ്ങളിലെത്തിക്കാൻ ഗൃഹസന്ദർശനം ഉൾപ്പെടെയുള്ള പ്രചാരണ പരിപാടികൾ പാർടി സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.

കൊലയാളികളെ കോൺഗ്രസ്‌ മഹത്വവൽക്കരിക്കുന്നു
വെഞ്ഞാറമൂട്‌ രക്തസാക്ഷികളെ അധിക്ഷേപിക്കുന്ന കോൺഗ്രസ്‌ കൊലയാളികളെ മഹത്വവൽക്കരിക്കാനാണ്‌ ശ്രമിക്കുന്നതെന്ന്‌  കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അക്രമകാരികൾക്ക് പരസ്യമായ പ്രോത്സാഹനമാണ് കോൺഗ്രസ് നൽകുന്നത്. ഗാന്ധിജിയുടെ ചിത്രത്തിന്‌ മുന്നിലിട്ട്‌ രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തിയത്‌ കോൺഗ്രസിന്റെ അപചയത്തിന്‌ തെളിവാണ്‌. കൊലപാതകത്തെ തള്ളിപ്പറയാൻ പോലും തയ്യാറാകാത്ത കോൺഗ്രസ്‌ നിലപാട്‌ അപലപനീയമാണെന്നും‌ കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എൽഡിഎഫ്‌ അധികാരത്തിൽ വന്നശേഷം സംസ്ഥാനത്ത്‌ അക്രമസംഭവങ്ങൾ കുറവാണ്‌. ഈ അംഗീകാരം ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ്‌ ഇപ്പോഴത്തെ സംഭവങ്ങൾ. സ്വൈരജീവിതം തകർക്കാൻ പലയിടത്തും ആക്രമണം നടത്തുകയാണ്‌. നാടിന്റെ സമാധാനം തകർത്ത്‌ വികസനം അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതെന്നും കോടിയേരി പറഞ്ഞു.

തിരുവനന്തപുരത്തെ കോൺഗ്രസ് നേതാവ് ലീനയുടെ വീട് ആക്രമിച്ചെന്ന കള്ളപ്രചാരണം പൊളിഞ്ഞത്‌ കോൺഗ്രസിന്റെ തന്ത്രം വ്യക്തമാക്കുന്നതാണ്‌. സ്വയം വീട്‌ ആക്രമിച്ചത്‌ സിപിഐ എമ്മിന്റെ അക്രമമായി ചിത്രീകരിക്കാൻ എന്തെല്ലാം പ്രചാരണങ്ങളാണ്‌ നടത്തിയതെന്ന്‌ കോടിയേരി ചോദിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top