02 October Monday
എറണാകുളത്ത്‌ വിഎച്ച്‌പി അധ്യക്ഷൻ രാജിവച്ചതും വിമതർ ആയുധമാക്കും

ഇന്ന് ബിജെപി നേതൃയോഗം ; വിമതർ വെല്ലുവിളി ; കാസർകോട്ടെ പാർടി ഓഫീസ്‌ ഉപരോധവും പത്തനംതിട്ടയിലെ കൈയാങ്കളിയും സുരേന്ദ്ര പക്ഷത്തിന്‌ തലവേദന

പ്രത്യേക ലേഖകൻUpdated: Saturday Aug 6, 2022


തിരുവനന്തപുരം   
നേതൃത്വത്തിനെതിരെ പ്രത്യക്ഷസമരമടക്കം രൂക്ഷമായ പ്രതിസന്ധിക്കിടെ ബിജെപി സംസ്ഥാന ഭാരവാഹിയോഗം ശനിയാഴ്‌ച കൊല്ലത്ത്‌ ചേരും. പ്രമുഖരടക്കം രാജിവച്ച്‌ പോകുകയാണെന്നും സംഘടനയെ മുന്നോട്ട്‌ കൊണ്ടുപോകാൻ നേതൃത്വത്തിന്‌ കഴിയുന്നില്ലെന്നുമുള്ള വിമതരുടെ വിമർശത്തിനിടെയാണ്‌ യോഗം. 

കാസർകോട്ടും പത്തനംതിട്ടയിലും പാർടിക്കകത്തെ പ്രശ്നങ്ങൾ വഷളാക്കിയതിൽ നേതാക്കൾക്ക്‌ പങ്കുണ്ടെന്ന പരാതി സുരേന്ദ്ര വിരുദ്ധപക്ഷത്തുള്ളവർ യോഗത്തിൽ ഉയർത്തിയേക്കും. ചോദ്യങ്ങൾക്ക്‌ സുരേന്ദ്രന്‌ മറുപടിയില്ലാത്തതിനാൽ, സ്വാതന്ത്ര്യദിനാഘോഷംമാത്രം അജൻഡയാക്കി യോഗം അവസാനിപ്പിക്കാനും സാധ്യതയുണ്ട്‌.

രണ്ട്‌ ജില്ലയിലുമുള്ളവർ ഗ്രൂപ്പടിസ്ഥാനത്തിൽ ഉറച്ചുനിന്ന്‌ നേതൃത്വത്തിന്റെ പിടിപ്പുകേടിനെതിരെ രംഗത്തെത്തിയിരുന്നു. കാസർകോട്‌ ബിജെപി പ്രവർത്തകർ നേതാക്കൾക്കെതിരെ ധർണ തുടരുമ്പോൾ ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ കൈയാങ്കളിയിലെത്തി. ജില്ലാ സെക്രട്ടറിതന്നെ നഗരസഭ ചെയർപേഴ്‌സണെ അപമാനിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. ഇതിനെതിരെ ചെയർപേഴ്‌സൺ പരസ്യമായി പൊട്ടിത്തെറിച്ചു. എറണാകുളത്ത്‌ വിഎച്ച്‌പി അധ്യക്ഷൻ കൂടിയായ പ്രമുഖ നേതാവ്‌ സിപിഐ എമ്മിൽ ചേർന്നതും നേതൃത്വത്തിന്‌ തിരിച്ചടിയായി.  യോഗം നടക്കുന്ന കൊല്ലത്ത്‌ വിമതർ ‘അടൽജി ഫൗണ്ടേഷൻ’ എന്ന പേരിൽ ബദൽ സംഘടനയുണ്ടാക്കി കൺവൻഷൻ ചേർന്നു. ജില്ലാ അധ്യക്ഷൻ ബി ബി ഗോപകുമാർ പാർടിയെ നശിപ്പിക്കുന്നുവെന്നാണ്‌ പരാതി. പരാതി നൽകിയിട്ടും ഗോപകുമാറിനെ സംരക്ഷിക്കുന്നതിൽ പ്രതിഷേധിച്ച്‌ സംസ്ഥാന കൗൺസിലംഗം സി ബി പ്രദീഷ്‌ കഴിഞ്ഞ ദിവസം രാജിവച്ചു.

പത്തനംതിട്ടയിൽ കഴിഞ്ഞമാസം ചേർന്ന യോഗത്തിൽ യുഡിഎഫിന്‌ സഹായകമാകുന്ന സമരം നടത്തി നാണംകെടുന്ന നേതാക്കൾക്കെതിരെ വിമർശം ഉയർന്നിരുന്നു. പ്രധാനപ്പെട്ട പല നേതാക്കളും അന്ന്‌ പങ്കെടുത്തിരുന്നുമില്ല. ശനിയാഴ്ച കൊല്ലം രാമവർമ ക്ലബ്ബിൽ ചേരുന്ന യോഗത്തിൽ പ്രഭാരി സി പി രാധാകൃഷ്ണനും പങ്കെടുക്കും.


കാസർകോട്ടെ നേതൃത്വത്തെ ചോദ്യംചെയ്‌ത്‌ പ്രവർത്തകർ
ബിജെപി കാസർകോട്‌ ജില്ലാ കമ്മിറ്റി ഓഫീസ്‌ ഉപരോധിച്ച പ്രവർത്തകരുടെ രോഷം പണംവാങ്ങി അണികളെ വഞ്ചിച്ച നേതൃത്വത്തിനെതിരെ.  കേന്ദ്ര സർവകലാശാലയിലെ അഴിമതി നിയമനമാണ്‌ ഉപരോധ സമരത്തിലെ മുഖ്യവിഷയം.  ലാസ്‌റ്റ്‌ ഗ്രേഡ്‌ മുതൽ ഉന്നത തസ്തികകളിൽവരെ നിയമനം നടത്തുന്നത്‌ സംഘപരിവാർ നേതൃത്വമാണ്‌. ബിജെപി ജില്ലാ കമ്മിറ്റിക്ക്‌ നിയമനങ്ങളിൽ ക്വാട്ടയുമുണ്ട്‌. ലാസ്‌റ്റ്‌ ഗ്രേഡ്‌ നിയമനങ്ങൾക്ക്‌ സാധാരണ പ്രവർത്തകരിൽനിന്ന്‌ നേതാക്കൾ ലക്ഷങ്ങളാണ്‌ വാങ്ങിയത്‌. എന്നാൽ ജോലി നൽകാതെ വഞ്ചിച്ചു. ഇതാണ്‌  പരസ്യമായി സമരത്തിനിറങ്ങാൻ പ്രവർത്തകരെ നിർബന്ധിതരാക്കിയത്‌.

സർവകലാശാലയിലെ സെക്യൂരിറ്റി, സ്വീപ്പർ, പ്യൂൺ, ഓഫീസ്‌ അസിസ്‌റ്റന്റ്‌, ടെക്‌നിക്കൽ വിങ്‌ തുടങ്ങിയ മേഖലയിലെ കരാർ നിയമനമാണ്‌ ബിജെപി നേതാക്കളുടെ കൊയ്‌ത്ത്‌. മനുഷ്യവിഭവശേഷി വിതരണംചെയ്യുന്ന സംഘപരിവാർ നിയന്ത്രണത്തിലുള്ള സ്വകാര്യ കമ്പനികൾക്കാണ്‌ നിയമനച്ചുമതല. ബിജെപി ശക്തികേന്ദ്രമായ മധൂർ കുഡ്‌ലുവിലെ സ്‌ത്രീയിൽനിന്ന്‌ ആറു ലക്ഷം രൂപ കൈപ്പറ്റിയിട്ടും നിയമനം നൽകാത്തത്‌ വിവാദമായിരുന്നു. ജില്ലാ കമ്മിറ്റിക്ക്‌ നൽകിയ പരാതിയും  ഒതുക്കി. സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനും കൂട്ടാളികൾക്കുമെതിരെ നേതാക്കളിൽ ഒരു വിഭാഗം  വാർത്താസമ്മേളനത്തിലൂടെ അഴിമതി ആരോപണമുന്നയിച്ചിട്ടും നടപടിയെടുക്കാൻ നേതൃത്വം ഭയക്കുകയാണ്‌.   

യോഗ്യതയില്ലാത്തവർക്ക് 
നിയമനം
വൈസ്‌ ചാൻസലർ നിയമനത്തിലുൾപ്പെടെ സംഘപരിവാറിന്റെ കർശന മേൽനോട്ടമാണ്‌ സർവകലാശാലയിൽ. പ്രൊഫസർ, അസോസിയേറ്റ്‌ പ്രൊഫസർ നിയമനം ഇപ്പോൾ നടക്കുന്നു. കൊമേഴ്‌സ്‌, മാനേജ്മെന്റ് സ്‌റ്റഡീസ്‌ വിഭാഗത്തിൽ നിയമിച്ചവർക്ക്‌ ഗവേഷണബിരുദംപോലുമില്ലെന്ന്‌ പരാതിയുണ്ട്‌. ഇന്റർനാഷണൽ റിലേഷൻസ്‌ ആൻഡ്‌ പൊളിറ്റിക്‌സ്‌ വിഭാഗത്തിൽ ഡീനിന്റെ നിയന്ത്രണത്തിലായിരുന്നു നിയമനം. സംഘപരിവാർ സംഘടനയായ ഭാരതീയ വിചാരകേന്ദ്രം വൈസ്‌ പ്രസിഡന്റായിരുന്ന ഇദ്ദേഹം സർവകലാശാല പ്രോ–- വെെസ് ചാൻസലറുമായിരുന്നു. ഇദ്ദേഹത്തിന്‌ പ്രൊഫസർ പദവി നൽകിയത് ചട്ടം ലംഘിച്ചാണെന്ന് കേന്ദ്ര ഓഡിറ്റ് റിപ്പോർട്ടിൽ പുറത്തുവന്നു. സർവീസ് ബുക്ക്, പേഴ്സണൽ ഫയൽ, നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ ഒന്നും സർവകലാശാലയിൽ ലഭ്യമല്ലെന്നും റിപ്പോർട്ടിലുണ്ട്.  സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടറായും ഇതേ ഡീനിനെ  നിയമിച്ചിരുന്നു. സിറ്റിങ്ങിന്‌ 20,000 രൂപ ലഭിക്കുന്ന തസ്‌തികയാണിത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top