18 April Thursday

മഴ കുറഞ്ഞു; കുറവില്ലാതെ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Friday Aug 5, 2022

സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ എളന്തിക്കര ഗവ. എൽപി സ്കൂളിലെ ക്യാമ്പ് സന്ദർശിക്കുന്നു


കൊച്ചി
പകൽ മഴ കുറഞ്ഞതും പെരിയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് താഴ്ന്നതും ആശ്വാസമായെങ്കിലും ജാ​ഗ്രത കൈവിടാതെ ജില്ല. വെള്ളി രാവിലെ മഴ ശക്തമായത് ഭീതിയുണർത്തിയെങ്കിലും പിന്നീട് മഴ മാറിനിന്നത് ആശങ്കയകറ്റി. കിഴക്കന്‍ മേഖലയിലടക്കം മഴ കുറഞ്ഞിട്ടുണ്ട്. ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴ പെയ്തെങ്കിലും നദികളിലെയും തോടുകളിലെയും ജലനിരപ്പിനെ ബാധിച്ചില്ല. എന്നാൽ, അണക്കെട്ടുകൾ തുറന്നതോടെ നദികളിലെ ജനലനിരപ്പ് ഉയരുമോയെന്ന ആശങ്കയിലായി ജനം. വൈകിട്ട് അഞ്ചോടെ പെരിയാര്‍ തീരത്ത് ജാ​ഗ്രതാനിര്‍ദേശം പ്രഖ്യാപിച്ചു.

പുഴയോടുചേര്‍ന്ന് താമസിക്കുന്നവരെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. മൂവാറ്റുപുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കഭീഷണി നിലനില്‍ക്കുന്നുണ്ട്. ചാലക്കുടിപ്പുഴയില്‍നിന്നടക്കം വെള്ളം കയറിയ പ്രദേശങ്ങളില്‍ ഇപ്പോഴും പ്രതിസന്ധി പൂര്‍ണമായും ഒഴിഞ്ഞിട്ടില്ല. പുലര്‍ച്ചെ പെയ്ത ശക്തമായ മഴയിലും കാറ്റിലും പറവൂര്‍ പാലത്തിനുസമീപത്തെ വീട് തകര്‍ന്നു. വെള്ളക്കെട്ടില്‍ മോറത്തോടിന്റെ സംരക്ഷണഭിത്തി തകര്‍ന്നു. പെരിയാർ കരകവിഞ്ഞ്‌ വെള്ളം കയറിയതിനെത്തുടർന്ന്‌ മാഞ്ഞാലി പൊയ്‌ലുങ്കൽ ഷാമോന്റെ ഫാമിലെ 1500ൽപ്പരം ഇറച്ചിക്കോഴികൾ ചത്തു. കരുമാല്ലൂർ പഞ്ചായത്തിലെ പ്രളയബാധിതപ്രദേശങ്ങൾ മന്ത്രി പി രാജീവ് സന്ദർശിച്ചു.

പുഴകളിലെ നീരൊഴുക്ക് കുറഞ്ഞു
മഴയുടെ തീവ്രത കുറഞ്ഞതോടെ പുഴകളിലെ നീരൊഴുക്കും കുറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ ജാഗ്രത തുടരുകയാണ്. പെരിയാറിന്റെ തീരങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മൂവാറ്റുപുഴ, കോതമംഗലം, ആലുവ, പറവൂര്‍ ഭാഗങ്ങളില്‍ പുഴയുടെ തീരത്ത് കഴിയുന്നവര്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ‌വെള്ളിയാഴ്ച മഴയ്ക്ക് ശമനം വന്നതോടെയാണ് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെയും കിഴക്കന്‍ മേഖലയിലെയും വെള്ളപ്പൊക്കഭീഷണി അകന്നത്. പ്രളയസാധ്യത മുന്നില്‍ക്കണ്ട് മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ട്.

വ്യാഴം രാത്രിയോടെ അപകടനില കടന്ന് 11.965 മീറ്റര്‍ വെള്ളമുണ്ടായിരുന്ന മൂവാറ്റുപുഴയാറില്‍ വെള്ളി രാവിലെയോടെ ജലനിരപ്പ് താഴ്ന്നുതുടങ്ങി. ഉച്ചയോടെ ഇത് 11.815 മീറ്ററായി.  വൈകിട്ട് അഞ്ചോടെ വീണ്ടും കുറഞ്ഞ് 11.535 മീറ്ററായി. പെരിയാറിലെ ജലനിരപ്പും ഗണ്യമായി താഴ്ന്നു. പെരിയാറിൽ മാര്‍ത്താണ്ഡവര്‍മ പാലത്തിനുസമീപം വൈകിട്ടോടെ 2.815 മീറ്റര്‍, മംഗലപ്പുഴയില്‍ 2.55 മീറ്റര്‍, കാലടിപ്പുഴയില്‍ 5.055 മീറ്റര്‍ എന്നിങ്ങനെയാണ് ജലനിരപ്പ്. ഭൂതത്താന്‍കെട്ട് അണക്കെട്ടില്‍ 29.10 മീറ്ററായിരുന്നു വൈകിട്ട് ജലനിരപ്പ്. ഇവിടെ പരമാവധി ജലനിരപ്പ് 34.95 മീറ്ററാണ്. 169 മീറ്റര്‍ പരമാവധി ശേഷിയുള്ള ഇടമലയാര്‍ അണക്കെട്ടില്‍ 160.33 മീറ്ററായിരുന്നു വൈകിട്ട്‌ ജലനിരപ്പ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top