20 April Saturday

യുഡിഎഫ്‌–തീവ്രവാദ കൂട്ടുകെട്ട്‌ : കോൺഗ്രസ്‌ നിലപാട്‌ വ്യക്തമാക്കണം: സമസ്‌ത

പി വി ജീജോUpdated: Monday Jul 6, 2020

ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍പാര്‍ടിയുമായി ധാരണ പാടില്ലെന്ന നിലപാട് കടുപ്പിച്ച്‌ സമസ്‌ത. ഇതിൽ മുസ്ലിംലീഗിനൊപ്പം കോൺഗ്രസിനും ഉത്തരവാദിത്തമുണ്ടെന്ന്‌ സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമ നേതാവ്‌ ഉമർഫൈസി മുക്കം പറഞ്ഞു. വെൽഫെയർ പാർടിയുമായി പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ച്‌ കോൺഗ്രസ്‌ നിലപാട്‌ വ്യക്തമാക്കണം. സഖ്യം ലീഗിന്റെ മുഖം നഷ്‌ടമാക്കും. യുഡിഎഫിന്റെ സൽപ്പേരിനെ ബാധിക്കും.‌ ജമാഅത്ത്‌ വളർന്നാൽ നാട്‌ കുട്ടിച്ചോറാകും. പലതവണ നിരോധിക്കപ്പെട്ട മതരാ‌ഷ്‌ട്രവാദ സംഘടനയാണവർ. എന്തിനായിരുന്നു നിരോധനമെന്നത്‌ ലീഗ്‌, കോൺഗ്രസ്‌ നേതാക്കൾ മറക്കരുത്‌. സുപ്രഭാതത്തിലെ ലേഖനത്തിൽ ഉറച്ചുനിൽക്കുന്നു. സമുദായത്തിലെ വലിയൊരു വിഭാഗത്തിന്റെ ആശങ്കയാണ്‌  പ്രകടിപ്പിച്ചത്‌. താൽക്കാലിക ലാഭത്തിനായി വലിയ നഷ്‌ടത്തിലേക്ക്‌ ലീഗും യുഡിഎഫും നീങ്ങരുത്‌‌–- ഉമർഫൈസി ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.

അഭിമുഖത്തിൽ നിന്ന്‌:
സംഖ്യം ജമാഅത്തിന്‌‌ കളങ്കം മാറ്റാനുള്ള അവസരമായി മാറും‌. സമുദായത്തിൽ ചെറിയ സ്വാധീനമേ അവർക്കുള്ളൂ. സഖ്യമായാൽ ജമാഅത്ത്‌ സ്വാധീനം ലീഗ്‌ വിലാസത്തിലാകും. അവർ മതേതരത്വം അംഗീകരിക്കുന്നില്ല. മതമൗലികവാദികളായാണ്‌ ജനങ്ങളവരെ കാണുന്നതും. ഹുകുമതെഇലാഹി(ദൈവീക ഭരണകൂടം)യാണവരുടെ നയം. വർഗീയ ധ്രുവീകരണമാണവരുടെ ലക്ഷ്യം‌. ഈ നിലപാട്‌ മാറ്റിയതായി ജമാഅത്ത്‌ ഇന്നേവരെ പറഞ്ഞിട്ടില്ല. സമൂഹം സംശയത്തോടെ കാണുന്ന സംഘടനയുമായി നാല്‌ സീറ്റിനും അധികാരത്തിനുംവേണ്ടി കൂട്ട്‌ പാടില്ല.

ആർഎസ്‌എസിന്റെ മറുവിഭാഗമായി ജമാഅത്തിനെ കാണുന്നവരുണ്ട്‌. അവരുമായി ചേരുന്നത്‌ ആർഎസ്‌എസിനെ ശക്തിപ്പെടുത്തും. ഇസ്ലാമിക സമുദായത്തിന്‌ മാത്രമല്ല മതനിരപേക്ഷ ചേരിക്കും ക്ഷീണമാണത്‌‌. എൻഡിഎഫ്‌, പോപ്പുലർ ഫ്രണ്ട്‌, എസ്‌ഡിപിഐ തുടങ്ങി മതതീവ്രവാദശക്തികളെ വിട്ടുവീഴ്‌ചയില്ലാതെ എതിർത്തതാണ്‌ സമസ്‌തയുടെ പാരമ്പര്യം. അത്‌ ശക്തമായി മുന്നോട്ടുകൊണ്ടുപോകണ്ട സാഹചര്യമാണിപ്പോഴത്തെ ഇന്ത്യയിലുള്ളത്‌.

എട്ടിന്‌‌ സമസ്‌ത മുശാവറ യോഗംചേരും. ജമാഅത്ത്‌–-ലീഗ്‌ സഖ്യം മുശാവറ അജൻഡയിലില്ല. എന്നാൽ ഇക്കാര്യം ചർച്ചചെയ്യാൻ‌ സാധ്യതയുണ്ടെന്നും  ഉമർഫൈസി പറഞ്ഞു.

സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ  മുശാവറ അംഗമായ ഉമർഫൈസി സമസ്‌ത മദ്രസാ വിദ്യാബോർഡംഗം, സുന്നി മഹല്ല്‌ ഫെഡറേഷൻ ട്രഷറർ എന്നീ നിലകളിൽ സുന്നി പ്രസ്ഥാനത്തിന്റെ  നേതൃനിരയിലുള്ള പണ്ഡിതനാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top