30 April Tuesday

കേന്ദ്രബജറ്റ്‌: വിറ്റുതുലയ‌്ക്കൽ റെക്കോഡാകും‐ മന്ത്രി ഐസക‌്

വെബ് ഡെസ്‌ക്‌Updated: Friday Jul 5, 2019

തിരുവനന്തപുരം > രാജ്യചരിത്രത്തിലെ ഏറ്റവും വലിയ പൊതുമേഖലാവിൽപ്പനയാണ‌് കേന്ദ്ര ബജറ്റിലൂടെ  വരാൻപോകുന്നതെന്ന‌് ധനമന്ത്രി  ടി എം തോമസ‌് ഐസക‌് പറഞ്ഞു.  ബിഎസ‌്എൻഎൽ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ തൂക്കിവിൽക്കേണ്ട അവസ്ഥയിലാക്കിയെന്നും കേന്ദ്രബജറ്റിനെക്കുറിച്ചുള്ള ആശങ്കയും പ്രതീക്ഷയും പങ്കുവച്ച‌് അദ്ദേഹം ചൂണ്ടിക്കാട്ടി.

തൊഴിലില്ലായ്മ സർവകാല റെക്കോഡിലാണ‌്. കണക്കിലെ കസർത്തുകൊണ്ട‌് വസ്തുത മറച്ചുവയ്ക്കാനാകില്ല. നോട്ട‌് നിരോധനമടക്കമുള്ള വികല സാമ്പത്തികനയങ്ങൾ  ചെറുകിട വ്യവസായങ്ങളെ തകർത്തു. ഇതാണ‌് തൊഴിലില്ലായ്മ രൂക്ഷമാക്കിയത‌്. തകർന്ന കാർഷികമേഖലയെ പുനരുജ്ജീവിപ്പിക്കാൻ ബജറ്റിൽ എന്ത‌് പ്രഖ്യാപനമുണ്ടാകും എന്ന‌് രാജ്യം ഉറ്റുനോക്കുകയാണ‌്. കാർഷികമേഖലയോടുള്ള പ്രതിബദ്ധത പ്രതിവർഷം കർഷകർക്ക‌് 6000 രൂപ നൽകുന്നതിൽ ഒതുക്കുമോയെന്ന‌് ജനങ്ങൾ ആശങ്കപ്പെടുന്നു. കടം എഴുതിത്തള്ളൽ, താങ്ങുവില ഉയർത്തൽ, കൂടുതൽ വായ്പ തുടങ്ങിയ പ്രഖ്യാപനങ്ങളുണ്ടാകുമോ എന്നതും കാത്തിരുന്ന‌് കാണേണ്ടതുണ്ട‌്.
പ്രളയാനന്തര പുനർനിർമാണത്തിന‌് സഹായമായ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമോ എന്നതാണ‌് സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ആകാംക്ഷ.

പുനർനിർമാണത്തിനായി വായ്പാപരിധി  നാലര ശതമാനമായി ഉയർത്തണമെന്ന‌് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. വായ്പയെടുക്കാൻ അനുവദിച്ച തുകയിൽ ആറായിരം കോടി കുറയ‌്ക്കുകയുംചെയ‌്തു. 

പ്രളയാനന്തര പുനർനിർമാണത്തിന‌് എടുക്കുന്ന വിദേശവായ്പ അധികവായ്പയായി അനുവദിക്കണമെന്ന‌് ആവശ്യപ്പെട്ടു.  പ്രകൃതിദുരന്തങ്ങൾ നേരിട്ട മറ്റ‌് സംസ്ഥാനങ്ങളും  മുൻ ധനമന്ത്രി അരുൺ ജെയ‌്റ്റ‌്‌ലിയും അംഗീകരിച്ച ആവശ്യമാണ‌ിത‌്. എന്നാൽ, ധനമന്ത്രിമാരുമായുള്ള ബജറ്റ‌് കൂടിച്ചേരലിൽ പക്ഷേ, നിലവിലെ കേന്ദ്ര ധനമന്ത്രി അനുകൂലമായി പ്രതികരിച്ചില്ല.

ദേശീയപാത വികസനത്തിൽ പ്രത്യേക പരിഗണന, എയിംസ‌്, സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങളുടെ ഭാവി എന്നിങ്ങനെ വർഷങ്ങളായി സംസ്ഥാനം ഉയർത്തുന്ന ആവശ്യങ്ങളുണ്ട‌്.

എഫ‌്എസിടിയുടെ 500 ഏക്കർ  വിലയ്ക്ക‌് വാങ്ങാൻ സംസ്ഥാനം സന്നദ്ധത അറിയിച്ചിരുന്നു. ലഭിക്കുന്ന പണം ‌അതിന്റെ വികസനത്തിനായിത്തന്നെ ഉപയോഗിക്കണം എന്ന ഒറ്റ നിബന്ധനയാണ‌് മുന്നോട്ടുവച്ചത‌്. അതിൽ എന്ത‌് നിലപാട‌് സ്വീകരിക്കും എന്നും അറിയേണ്ടിയിരിക്കുന്നു. മുൻവിധിയോടുകൂടി ബജറ്റിനെ സമീപിക്കുന്നില്ലെന്നും  ഐസക‌് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top