19 April Friday

വികസന പദ്ധതികളുമായി 
മുന്നോട്ടുപോകും : എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022


തിരുവനന്തപുരം
കേരളത്തിൽ വികസനപ്രവർത്തനങ്ങൾ തടയാൻ ശ്രമിച്ചാൽ അതിന്‌ വഴങ്ങാനാകില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരള റേഷൻ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഒരു വികസനപ്രവർത്തനവും അനുവദിക്കില്ലെന്ന നിലപാടാണ്‌ ബിജെപിക്കും കോൺഗ്രസിനും ഒരു വിഭാഗം മാധ്യമങ്ങൾക്കും. അടുത്ത തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന്‌ വിജയമുണ്ടാകുമോ എന്നതാണ്‌ ഇവരെ ഭയപ്പെടുത്തുന്നത്‌.

കേരളത്തിന്റെ വികസനപ്രവർത്തനങ്ങളുമായി എൽഡിഎഫ്‌ സർക്കാർ മുന്നോട്ട്‌ പോകും. വിഴിഞ്ഞം തുറമുഖം അനുവദിക്കില്ല എന്നാണ്‌ രൂപതയിലെ ഒരു വിഭാഗം പറയുന്നത്‌. അബ്ദുറഹിമാൻ എന്ന പേര്‌ കേൾക്കുമ്പോൾ വർഗീയവാദിയെന്നു പറയുന്ന വൈദികനും രൂപതയുടെ ഭാഗമാണ്‌. പൊലീസ്‌ സ്റ്റേഷൻ കത്തിക്കുമെന്നു പറയുന്നത്‌ തീവ്രവാദ നിലപാടാണ്‌. വിഴിഞ്ഞത്ത്‌ പൊലീസ്‌ സംയമനം പാലിച്ചതിനാലാണ്‌ വെടിവയ്‌പ്‌ ഉണ്ടാകാതിരുന്നത്‌. കലാപകാരികൾ ആഗ്രഹിച്ചത്‌ അതായിരുന്നു. സമരത്തെ ചോരയിൽ മുക്കിക്കൊല്ലുകയെന്ന നിലപാട്‌ എൽഡിഎഫിനില്ല.

കേന്ദ്രവിഹിതം കുറയ്‌ക്കുകയും കടമെടുപ്പിനുള്ള അവസരംപോലും ഇല്ലാതാക്കുകയും ചെയ്യുകയാണ്‌ ബിജെപി സർക്കാർ. പൊതുവിതരണ സംവിധാനവും പൊതുമേഖലയും വേണ്ടതില്ല എന്ന നിലപാടാണ്‌ ബിജെപിക്കും കോൺഗ്രസിനും. ഇതിന്‌ ബദലായ നിലപാട്‌ ഇടതുപക്ഷം സ്വീകരിച്ചതിനാലാണ്‌ കേരളത്തിൽ പൊതുമേഖലയും പൊതുവിതരണവും നിലനിൽക്കുന്നത്‌. പ്രളയസമയത്ത്‌ വിതരണം ചെയ്‌ത അരിയുടെ വിലപോലും തിരികെ വാങ്ങിക്കുന്ന നിലപാടാണ്‌ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top