29 March Friday

സതീശനെ പൂട്ടാൻ തരൂർ ഇന്ന്‌ കൊച്ചിയിൽ ; നീക്കങ്ങൾക്ക്‌ എ ഗ്രൂപ്പിന്റെ രഹസ്യപിന്തുണ

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022


കൊച്ചി
പ്രതിപക്ഷനേതാവിന്റെ തട്ടകത്തിൽ സ്വാധീനമുറപ്പിക്കാനുള്ള നീക്കവുമായി ശശി തരൂർ എംപി.  കോൺഗ്രസിലെ ഗ്രൂപ്പുപോര്‌ പുതിയതലത്തിലേക്ക്‌ എത്തിച്ച കോട്ടയം ജില്ലയിലെ പൊതുപരിപാടികൾക്കുശേഷം ഞായർ രാത്രിയോടെ കൊച്ചിയിലെത്തിയ തരൂർ   തിങ്കൾ രാവിലെ കർദിനാൾ മാർ ജോർജ്‌ ആലഞ്ചേരിയുമായി കൂടിക്കാഴ്‌ച നടത്തും. തരൂരിനൊപ്പം ജില്ലയിലെ മുതിർന്ന നേതാക്കളിൽ ചിലരുമുണ്ടാകും. പകൽ 11ന്‌ അങ്കമാലി മോർണിങ്‌ സ്റ്റാർ കോളേജിൽ വിദ്യാർഥികളുമായി സംവദിക്കും.

തരൂരിന്റെ നീക്കങ്ങൾക്ക്‌ എ ഗ്രൂപ്പിന്റെ രഹസ്യപിന്തുണയുണ്ട്‌. ബെന്നി ബഹനാൻ എംപിയുടെ അറിവോടെയാണ്‌ അങ്കമാലിയിലെ പരിപാടി. സതീശനൊപ്പം ഉറച്ചുനിന്നിരുന്ന ഐ ഗ്രൂപ്പിലെ ഹൈബി ഈഡൻ എംപി, എംഎൽഎമാരായ മാത്യു കുഴൽനാടൻ, ടി ജെ വിനോദ്‌ എന്നിവർ കഴിഞ്ഞയാഴ്‌ച കൊച്ചിയിൽ തരൂർ നേതൃത്വം നൽകുന്ന  പ്രൊഫഷണൽസ്‌ കോൺഗ്രസ്‌ കോൺക്ലേവിൽ ആദ്യവസാനം പങ്കെടുത്തത്‌ സതീശന്‌ വലിയ ക്ഷീണമായിട്ടുണ്ട്‌. പ്രതിപക്ഷ നേതാവായതുമുതൽ ജില്ലയിൽ തങ്ങളുടെ ഗ്രൂപ്പിനെ ഭിന്നിപ്പിക്കാൻ നടത്തുന്ന നീക്കങ്ങൾക്ക്‌ തിരിച്ചടി നൽകലാണ്‌ ഐ ഗ്രൂപ്പിന്റെ ലക്ഷ്യം. കെപിസിസി വൈസ്‌ പ്രസിഡന്റ്‌ വി ജെ പൗലോസ്‌, ഐ ഗ്രൂപ്പുകാരായ എൻ വേണുഗോപാൽ, സിമി റോസ്‌ബെൽ ജോൺ, മൂന്നാംഗ്രൂപ്പിലെ അജയ്‌ തറയിൽ തുടങ്ങിയവർ പരസ്യമായി സതീശന്‌ എതിരുമാണ്‌. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിനിർണയംമുതൽ എ ഗ്രൂപ്പും അതൃപ്‌തിയിലാണ്‌.
 

ഇഞ്ച്വറി ടൈമിലേക്ക്‌; ഗോളടിച്ച്‌ തരൂർ
പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനെതിരെ ആരോപണശരമുയർത്തി ശശി തരൂർ പോര്‌ കടുപ്പിച്ചു. തന്റെ സമാന്തര പ്രചാരണത്തിന്‌ പ്രചോദനമായത്‌ സതീശനാണെന്ന്‌ തരൂർ തുറന്നടിച്ചു. കേരളത്തിൽ എമ്പാടും പോയി പ്രസംഗിക്കാൻ പ്രതിപക്ഷ നേതാവ് മൂന്നുതവണ ആവശ്യപ്പെട്ടതായാണ്‌ വെളിപ്പെടുത്തൽ. പരാതി നൽകാനുള്ള വെല്ലുവിളിയും ഉയർത്തി. പരാതി കൊടുത്താൽ, സതീശന്‌ തക്കതായ മറുപടി കിട്ടുമെന്ന ഭീഷണിയുമുണ്ടായി. സതീശൻ സമാന്തര പ്രവർത്തനത്തിന്‌ നിർദേശിച്ചതിന്റെ തീയതിയും സമയവും അടക്കം പുറത്തുവിടുമെന്നാണ്‌ ഭീഷണി. അവസരം മുതലെടുക്കാനിറങ്ങിയ കെ മുരളീധരൻ തരൂരിനെ പിന്താങ്ങി ഞായറാഴ്‌ചയും രംഗത്തെത്തി. തരൂരും മുരളീധരനുമായുള്ള രഹസ്യ ധാരണയുടെ ഭാഗമായ പങ്കുകച്ചവടമാണ്‌ നടക്കുന്നതെന്നാണ്‌ സതീശനെ അനുകൂലിക്കുന്നവരുടെ ആക്ഷേപം. തിരുവനന്തപുരം ലോക്‌സഭാ സീറ്റ്‌ ആഗ്രഹിക്കുന്ന മുരളീധരൻ നൽകിയ വട്ടിയൂർക്കാവ്‌ നിയമസഭാ മണ്ഡല വാഗ്‌ദാനം തരൂർ  അംഗീകരിച്ചതായാണ്‌ പ്രചാരണം.

എ ഗ്രൂപ്പിലും ഭിന്നത രൂക്ഷമായി. നേരത്തേ എ ഗ്രൂപ്പുമായി ഇടഞ്ഞുനിൽക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ശശി തരൂരിന്റെ അച്ചടക്കലംഘനത്തിനെതിരെ അന്വേഷണം നടത്തുമെന്ന്‌ പരസ്യമായി പറഞ്ഞുകഴിഞ്ഞു. അടൂരിൽ തരൂരിനൊപ്പം വേദിപങ്കിടാൻ ആന്റോ ആന്റണി എംപി മാത്രമാണ്‌ എത്തിയത്‌.  യൂത്ത്‌ കോൺഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌ കെ എസ് ശബരീനാഥനും പത്തനംതിട്ടയിൽ എത്തി. തിരുവനന്തപുര‌ത്തെ എടുക്കാച്ചരക്കാണ്‌ പത്തനംതിട്ടയിൽ എത്തിയതെന്നാണ്‌ സതീശൻ പക്ഷത്തിന്റെ പരിഹാസം. 

ഐ ഗ്രൂപ്പ്‌ പുകയുകയാണ്‌. തിരുവനന്തപുരത്ത്‌ ആർക്കും വേണ്ടാത്ത ഒരു എംപിയെ അനാവശ്യമായ മാധ്യമ ശ്രദ്ധയിലേക്ക്‌ വലിച്ചിഴച്ചതിൽ സതീശന്‌ മുഖ്യ പങ്കുണ്ടെന്നാണ്‌ പ്രബല വിഭാഗത്തിന്റെ പരാതി.

പ്രതികരണം ശരിയായില്ല: കെ മുരളീധരൻ
ശശി തരൂന്റെ സന്ദർശനം അറിയിച്ചില്ലെന്ന കോട്ടയം ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷിന്റെ പരസ്യ പ്രതികരണം ശരിയായില്ലെന്ന്‌ കെ മുരളീധരൻ എംപി.  ഡിസിസിയെ അറിയിച്ചിട്ടാണ്‌ തരൂർ പരിപാടിക്ക് പോയത്. അറിയിച്ചില്ലെങ്കിൽ  കെപിസിസിക്കാണ് ഡിസിസി പ്രസിഡന്റ്‌ പരാതി കൊടുക്കേണ്ടത്‌.  പത്രക്കാരോടല്ല പറയേണ്ടത്‌. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റി മുഖ്യമന്ത്രി നിയന്ത്രണം ഏറ്റെടുക്കുന്നതിനെ അനുകൂലിക്കില്ല. ലീഗിന് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

മറുപടിയുമായി നാട്ടകം സുരേഷ്‌
കെ മുരളീധരന്റെ വിമർശനത്തിന്‌ മറുപടിയുമായി കോട്ടയം ഡിസിസി പ്രസിഡന്റ്‌ നാട്ടകം സുരേഷ്‌. ശശി തരൂന്റെ സന്ദർശനം അറിയിച്ചില്ലെന്ന നാട്ടകം സുരേഷിന്റെ പരസ്യ പ്രതികരണം ശരിയായില്ലെന്ന്‌ കെ മുരളീധരൻ എംപി പ്രതികരിച്ചിരുന്നു. പരാതി മാധ്യമങ്ങളോടല്ല പാർടിക്കുള്ളിലാണ്‌ പറയേണ്ടതെന്നായിരുന്നു മുരളീധരന്റെ വിമർശം. മുരളീധരൻ തനിക്കെതിരെ പറഞ്ഞതും മാധ്യങ്ങളോടാണെന്നും പാർടിക്കുള്ളിലല്ലെന്നും നാട്ടകം സുരേഷ്‌ തിരിച്ചടിച്ചു. ഇതിന്റെ ലോജിക്‌ മനസ്സിലാകുന്നില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top