23 April Tuesday

പെയ്തു തോർന്നില്ല കണ്ണീർ മഴ ; സന്ദീപിന് നാട് വിടയേകി

ടി എ റെജികുമാർUpdated: Saturday Dec 4, 2021


തിരുവല്ല  
പെയ്‌തുതോരാത്ത കണ്ണീർമഴയിൽ അണപൊട്ടിയപോലെ ജനസാഗരം ഒഴുകുകയായിരുന്നു. ദുഃഖം കനപ്പെട്ടുകിടക്കുന്ന മനസ്സുകൾക്കിടയിലേക്ക്‌, ചുവപ്പ്‌ വളന്റിയർമാരുടെയും സാധാരണക്കാരായ ആയിരങ്ങളുടെയും അകമ്പടിയിൽ സന്ദീപിന്റെ അവസാനയാത്ര. ആർഎസ്എസ് ക്രിമിനൽസംഘം കുത്തി കൊലപ്പെടുത്തിയ സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്തംഗവുമായ പി ബി സന്ദീപ്‌ കുമാറിനെ ഒരുനോക്ക്‌ കാണാൻ, വിടപറയാൻ ദേശാന്തരങ്ങളിൽനിന്നുപോലും പ്രിയപ്പെട്ടവരെത്തി. അവരിൽ സന്ദീപിനെ അറിയുന്നവരും സന്ദീപ്‌ അറിയാത്തവരുമുണ്ടായിരുന്നു. പ്രാണനോളം പ്രിയപ്പെട്ട ചുവന്ന പതാക പുതപ്പിച്ച്‌, പൂക്കളാൽ മൂടിയ സന്ദീപിന്റെ മൃതദേഹത്തിനുമുന്നിൽ വിതുമ്പൽ ഉള്ളിലൊതുക്കി തൊണ്ടപൊട്ടുമാറുച്ചത്തിൽ അവർ ഏറ്റുവിളിച്ചു. "ഇല്ലാ ഇല്ലാ മരിച്ചിട്ടില്ല, രക്തസാക്ഷി മരിച്ചിട്ടില്ല, സഖാവ് സന്ദീപ് മരിച്ചിട്ടില്ല’.


 

വ്യാഴാഴ്ച രാത്രി എട്ടോടെ ആർഎസ്‌എസുകാർ കൊലപ്പെടുത്തിയ സന്ദീപിന്റെ മൃതദേഹം തിരുവല്ല മെഡിക്കൽമിഷൻ ആശുപത്രിയിലായിരുന്നു സൂക്ഷിച്ചത്. വെള്ളി രാവിലെ എട്ടിന്‌ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി. തിരുവല്ല ഗവ. ആശുപത്രിയിൽ പൊലീസ് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം സിപിഐ എം നേതാക്കൾ ഏറ്റുവാങ്ങിയ മൃതദേഹം വിലാപയാത്രയായി തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനെത്തിച്ചു. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന്റെ നേതൃത്വത്തിൽ പാർടി പതാക പുതപ്പിച്ചു. ഇവിടെ ആയിരങ്ങൾ നാടിന്റെ വികസന നായകന്‌ അന്ത്യാഭിവാദ്യം അർപ്പിക്കാനെത്തി.


 

പകൽ രണ്ടോടെ മൃതദേഹം പെരിങ്ങര പഞ്ചായത്ത്‌ ഓഫീസ്‌ പരിസരത്തും തുടർന്ന്‌ പെരിങ്ങര ലോക്കൽ കമ്മിറ്റി ഓഫീസിലുമെത്തിച്ചു. സന്ദീപ് പഠിച്ച ചാത്തങ്കേരി എസ്എൻഡിപി സ്കൂളിലും  പൊതുദർശന സൗകര്യമൊരുക്കി.  വൈകിട്ട്‌ അഞ്ചോടെ മൃതദേഹം സന്ദീപിന്റെ വീട്ടിലെത്തിച്ചു. ഭാര്യ സുനിതയുടെയും അമ്മ ഓമനയുടെയും ബന്ധുക്കളുടെയും നിലവിളിക്കുമുന്നിൽ ജനസഞ്ചയമാകെ വിറങ്ങലിച്ചു.

പൊട്ടിക്കരച്ചിലുകൾക്കിടെ ആറിന്‌ വീട്ടുവളപ്പിൽ മൃതദേഹം  സംസ്‌കരിച്ചു. മൂന്നര വയസുള്ള മകൻ നിഹാലാണ്‌ ചിതക്ക്‌ തീ കൊളുത്തിയത്‌. സിപിഐ എം കേന്ദ്രകമ്മിറ്റിയം​ഗം എ വിജയരാഘവൻ, ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, മന്ത്രിമാരായ എം വി ​ഗോവിന്ദൻ,  കെ എൻ ബാലഗോപാൽ, സജി ചെറിയാൻ, വി എൻ വാസവൻ, വീണാ ജോർജ്, സംസ്ഥാന കമ്മിറ്റി അംഗം ആർ ഉണ്ണികൃഷ്‌ണപിള്ള, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹീം, സിപിഐ എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ, എംഎൽഎമാരായ കെ യു ജനീഷ് കുമാർ, മാത്യു ടി തോമസ്,  പ്രമോദ്‌ നാരായണൻ, എം എസ്‌ അരുൺകുമാർ, ജോബ്‌ മൈക്കിൾ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. സി എസ് സുജാത തുടങ്ങി നിരവധി നേതാക്കളും അന്ത്യാഞ്ജലി അർപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top