20 April Saturday

കൊലയ്‌ക്ക് മറയിടാൻ നുണപ്രചാരണവും

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021

മുഖ്യപ്രതി ജിഷ്ണു ബിജെപി നേതാവ് 
സന്ദീപ് വാര്യർക്കൊപ്പം


പത്തനംതിട്ട
സിപിഐ എം ലോക്കൽ സെക്രട്ടറി പി ബി സന്ദീപിനെ കൊലപ്പെടുത്തിയ ആർഎസ്‌എസ്‌–-ബിജെപി സംഘം  വ്യാജ പ്രചാരണത്തിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിക്കുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെയും ചില മാധ്യമങ്ങളുടെ സഹായത്തോടെയും കൊലയ്‌ക്കുപിന്നിൽ സംഘപരിവാർ അല്ലെന്ന്‌ വരുത്തിതീർക്കാനാണ്‌ ശ്രമം. ഇതിനായി വ്യാഴാഴ്‌ച രാത്രിതന്നെ  പച്ചക്കള്ളം പ്രചരിപ്പിക്കാൻ തുടങ്ങി.

കൊലയ്‌ക്കുപിന്നിൽ വ്യക്തിവിരോധമാണെന്നും സംഘപരിവാറിന്‌ ബന്ധമില്ലെന്നും ചില മാധ്യമങ്ങൾ വാർത്തകൊടുത്തു. ആർഎസ്‌എസ്‌ കേന്ദ്രങ്ങളിൽനിന്ന്‌ പ്രതികളിൽ സിപിഐ എമ്മുകാരും ഉണ്ടെന്ന പ്രചാരണം വെള്ളിയാഴ്‌ച രാവിലെ ആരംഭിച്ചു. എന്നാൽ കള്ളപ്രചാരണങ്ങളെല്ലാം ക്ഷണനേരംകൊണ്ട്‌ പൊളിഞ്ഞു. മുഖ്യപ്രതി ജിഷ്‌ണു യുവമോർച്ചയുടെ പഞ്ചായത്ത്‌  പ്രസിഡന്റും സജീവ ബിജെപി–-ആർഎസ്എസ്‌ പ്രവർത്തകനും അറിയപ്പെടുന്ന ക്രിമിനലുമാണ്‌. ബിജെപി നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുമുണ്ട്‌. ഇയാളുമായി സന്ദീപിന്‌ വ്യക്തിവിരോധം ഒന്നും ഇല്ലെന്ന്‌ നാട്ടുകാർക്കെല്ലാം അറിയാം. കൂട്ടുപ്രതികളും ജിഷ്‌ണുവിന്റെ സന്തത സഹചാരികളാണ്‌. ഇവർക്ക്‌ ബിജെപിയുമായല്ലാതെ മറ്റൊരു രാഷ്‌ട്രീയ പാർടികളുമായും ബന്ധമില്ല. മയക്കുമരുന്ന്‌–- മദ്യമാഫിയ സംഘത്തിലുള്ളവരുമാണ്‌. പ്രതികളിൽ ചിലർ പൊലീസിനോട്‌ സിപിഐ എം പ്രവർത്തകരാണെന്ന്‌ പറഞ്ഞുവെന്നാണ്‌ ചിലർ പ്രചരിപ്പിച്ചത്‌.

കൂട്ടുപ്രതികളൊന്നും പെരിങ്ങരയിലുള്ളവരല്ലെന്നത് തന്നെ ഈ പ്രചാരണത്തിന്റെ മുനയൊടിച്ചു. പ്രതികളിലൊരാളായ ഫൈസൽ കണ്ണൂർ ചെറുപുഴ സ്വദേശിയാണെന്നാണ്‌ നൽകിയ വിലാസം. എന്നാൽ അയാൾ കൊടുത്ത അഡ്രസിൽ കുടുംബം ചെുറപുഴ മേഖലയിൽ ഇല്ലെന്നാണ്‌ അന്വേഷണത്തിൽ വ്യക്തമാകുന്നത്‌. മുഖ്യപ്രതി ജിഷ്‌ണു കഞ്ചാവ്‌ കേസിൽപെട്ട്‌ ജയിലിൽ കിടന്നപ്പോൾ പരിചയപ്പെട്ടതാണെന്നാണ്‌ പറയുന്നത്‌. ഇത്തരം ക്രിമിനൽസംഘത്തെ ഉപയോഗിച്ച്‌ നാട്ടിൽ കലാപം ഉണ്ടാക്കാനുള്ള സംഘപരിവാർ അജണ്ടയാണ്‌ സന്ദീപിന്റെ കൊലയാളികൾ പിടിയിലായതോടെ പുറത്തുവരുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top