29 March Friday

കേരളത്തിൽ വൈദ്യുതിക്ഷാമം ഉണ്ടാകില്ലെന്ന്‌ ഉറപ്പുവരുത്തും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021


കോട്ടയം
കേരളത്തിൽ 2040 വരെ വൈദ്യുതിക്ഷാമം ഉണ്ടാകില്ലെന്ന്‌ ഉറപ്പുവരുത്തുമെന്ന   എൽഡിഎഫ്‌ പ്രകടനപത്രികയിലെ വാഗ്‌ദാനം പാലിച്ചാണ്‌ സർക്കാർ മുന്നോട്ടുപോകുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 10,000 കോടിയുടെ ട്രാൻസ്‌മിറ്റ്‌ പദ്ധതി ഈ കാലയളവിൽ പൂർത്തിയാക്കും. 4,000 കോടിയുടെ വൈദ്യുതിവിതരണ പദ്ധതിയും ഇടുക്കി പദ്ധതിയുടെ രണ്ടാംഘട്ടവും പ്രവർത്തനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎസ്‌ഇബി വർക്കേഴ്‌സ്‌ അസോസിയേഷൻ (സിഐടിയു) 27–-ാം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വൈദ്യുതിവിതരണം സ്വകാര്യവൽക്കരിക്കുന്ന കേന്ദ്രനയത്തെ ചെറുത്തും കേരളത്തിൽ വൈദ്യുതിമേഖല പൊതുമേഖലയിൽ സംരക്ഷിക്കുകയുമാണ്‌ നയം. എല്ലാവർക്കും താങ്ങാവുന്ന നിരക്കിൽ വൈദ്യുതി ലഭ്യമാക്കുന്നതിനൊപ്പം ആഭ്യന്തര വൈദ്യുതി ഉൽപ്പാദനം വർധിപ്പിക്കലും ലക്ഷ്യമാണ്‌.

കേന്ദ്രസർക്കാർ കൊണ്ടുവന്ന വൈദ്യുതി നിയമഭേദഗതി സാധാരണക്കാരെയും തൊഴിലാളികളെയും ബാധിക്കും. കെഎസ്‌ഇബിയെ സംരക്ഷിക്കുകയെന്ന സർക്കാർ നയം നടപ്പാക്കാനാണ്‌ നിയമഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയത്‌. 

പൊതുമേഖലാസ്ഥാപനങ്ങൾ സ്വകാര്യവൽക്കരിച്ച്‌ ഉള്ള തൊഴിലവസരംകൂടി കേന്ദ്രം ഇല്ലാതാക്കുന്നു. അഞ്ച്‌ വർഷം കൊണ്ട്‌ യുപിഎസ്‌സി ഇന്ത്യയൊട്ടാകെ നടത്തിയത്‌ 16,000 നിയമനം മാത്രമാണ്‌. കാർഷികനിയമങ്ങൾക്കെതിരെ ലക്ഷക്കണക്കിനാളുകൾ ഇന്ത്യയൊട്ടാകെ അണിനിരന്നു. ഒരുവർഷം നീണ്ട ഐതിഹാസിക സമരത്തിനൊടുവിലാണ്‌ ആ നിയമങ്ങൾ പിൻവലിച്ചത്‌. ഇതാണ്‌ രാജ്യത്തെ പൊതുസ്ഥിതിയെങ്കിൽ കേരളത്തിൽ എല്ലാവിഭാഗം ജനങ്ങളെയും സംരക്ഷിക്കുന്നു. 1,60,000 നിയമനങ്ങൾ സംസ്ഥാനത്ത്‌ നടത്തിയപ്പോൾ പുതുതായി 30,000 തസ്‌തിക സൃഷ്ടിച്ചു. കേരള വികസനത്തിന്‌ ഭാവിതലമുറയെകൂടി കണ്ടുകൊണ്ടാണ്‌ തൊഴിൽമേഖലയിൽ സർക്കാർ ശ്രദ്ധിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ രാജ്യത്തിന്റെ പല അംഗീകാരവും തേടിയെത്തി. പശ്‌ചാത്തല സൗകര്യങ്ങൾ വികസിപ്പിച്ചാൽ മാത്രമേ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ്‌ എളമരം കരീം എംപി അധ്യക്ഷനായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top