19 April Friday

10 രൂപ ഊണിനൊപ്പം സ്‌പെഷ്യൽ പൊരിച്ച മീനും

സ്വന്തം ലേഖികUpdated: Saturday Dec 4, 2021

കൊച്ചി കോർപറേഷന്റെ ‘സമൃദ്ധി’ ജനകീയ ഹോട്ടലിൽ ഉച്ചയൂണിന് ക്യൂ നിൽക്കുന്നവർ



കൊച്ചി
‘എത്രനാൾ കാടുപിടിച്ച് മാലിന്യം കുന്നുകൂടി കിടന്നതാ ഈ ലിബ്രാ ഹോട്ടൽ... അങ്ങനെയുള്ളൊരു ഹോട്ടൽ നന്നാക്കിയെടുത്ത് 10 രൂപയ്ക്ക് ഊണ് വിളമ്പുന്നത്‌ ഞങ്ങളെപ്പോലുള്ളവർക്ക് വലിയ ആശ്വാസമാണ്. അതിന്റെയൊപ്പം ഇപ്പോൾ 30 രൂപയ്ക്ക് പൊരിച്ച മീനും കഴിക്കാം. സന്തോഷം...’ കൊച്ചി കോർപറേഷന്റെ വൈറലായ സമൃദ്ധി @ കൊച്ചിയിൽ സ്ഥിരം ഊണ് കഴിക്കാനെത്തുന്ന ലോട്ടറി വിൽപ്പനക്കാരൻ സേവ്യറിന്റെ വാക്കുകളാണിവ. സേവ്യറടക്കം നിരവധിയാളുകൾക്കാണ് സമൃദ്ധി ആശ്വാസമാകുന്നത്.

നോർത്ത് പരമാര റോഡിലെ ലിബ്ര ഹോട്ടലിൽ പ്രവർത്തിക്കുന്ന സമൃദ്ധിയിൽ ബുധൻമുതലാണ് മീൻ വിളമ്പിത്തുടങ്ങിയത്. ഒരു കഷ്ണത്തിന് 30 രൂപയാണ് വില. ആദ്യ ദിവസം 500 കഷ്ണം ചൂരയാണ് പൊരിച്ചത്. ഇതിൽ 492 കഷ്ണം വിറ്റുപോയി. അടുത്ത ദിവസം ചൂരയും മോതയും വറ്റയും ഉൾപ്പെടെ 750 കഷ്ണം പൊരിച്ചു. മണിക്കൂറുകൾക്കുള്ളിൽ മീൻപാത്രം കാലിയായി. അടുത്തയാഴ്ചയോടെ 1000 കഷ്ണം മീൻ പൊരിക്കും. ഒരേസമയം 100 മീൻകഷ്ണം പൊരിക്കാവുന്ന അത്യാധുനിക തവയിലാണ് പാചകം. മസാല തയ്യാറാക്കുന്നതും ഇവിടെത്തന്നെയാണ്. അടുത്താഴ്ചയോടെ ജനകീയ ഹോട്ടലിൽ പ്രഭാതഭക്ഷണമായി ഇഡലിയും സാമ്പാറും വിളമ്പും.

കൊച്ചിയിലേക്കെത്തുന്ന മറ്റുജില്ലക്കാരും 10 രൂപ ഊണിന്റെ രുചിയറിയാൻ എത്തുന്നുണ്ട്. പകൽ 11 മുതൽ ഊണുവിളമ്പും. തിരക്കേറിയതോടെ ഹോട്ടലിനോട് ചേർന്നുള്ള ഷീ ലോഡ്ജിൽ 150 ഇരിപ്പിടങ്ങൾ സജ്ജീകരിക്കുന്നുണ്ട്. മേയർ എം അനിൽകുമാറിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപിച്ച ‘വിശപ്പുരഹിത കൊച്ചി’ പദ്ധതിയുടെ ഭാഗമായി ഒക്ടോബർ ഏഴിനാണ് ഹോട്ടൽ പ്രവർത്തനം ആരംഭിച്ചത്.

പാഴ്സൽ ഉൾപ്പെടെ എല്ലാദിവസവും 3500 ഊണ് വിൽക്കുന്നുണ്ട്. പാഴ്സലിന് 15 രൂപയാണ് ഈടാക്കുന്നത്. ഒരാൾക്ക് പരമാവധി നാല് പാഴ്സലാണ് നൽകുന്നതെന്ന് ന​ഗരസഭാ സ്ഥിരംസമിതി അധ്യക്ഷ ഷീബ ലാൽ പറഞ്ഞു.  കുടുംബശ്രീ യോ​​ഗങ്ങൾ ഉൾപ്പെടെയുള്ള ചെറുയോഗങ്ങൾക്ക് 25 രൂപ നിരക്കിൽ ഊണ് നൽകുന്നുണ്ടെന്നും അവർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top