24 April Wednesday

പള്ളി സമരം പാളി; ഇനി ഒറ്റയ്‌ക്കെന്ന്‌ ലീഗ്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021


മലപ്പുറം
വഖഫ്‌ ബോർഡ്‌ നിയമനം പിഎസ്‌സിക്ക്‌ വിട്ടതിനെതിരെ സമുദായ സംഘടനകളെ ഉപയോഗിച്ച്‌ പള്ളികൾ സമരവേദിയാക്കാനുള്ള നീക്കം പാളിയതോടെ ഒറ്റയ്‌ക്കുള്ള സമരവുമായി മുസ്ലിംലീഗ്‌. ഒമ്പതിന്‌ കോഴിക്കോട്‌ വഖഫ്‌ സംരക്ഷണ സമ്മേളനം സംഘടിപ്പിക്കാനാണ്‌ നേതൃയോഗതീരുമാനം.

സമരരംഗത്തുനിന്ന്‌ സമസ്‌ത പിൻമാറിയതോടെ നാണംകെട്ട ലീഗ്‌ സംസ്ഥാനതലത്തിൽ പരിപാടി സംഘടിപ്പിച്ച്‌ മുഖംരക്ഷിക്കാനാണ്‌ നീക്കം. സമുദായ നേതാക്കൾ പങ്കെടുക്കുമോ എന്ന ചോദ്യത്തിൽനിന്നും നേതാക്കൾ ഒഴിഞ്ഞുമാറി.

പള്ളികൾ സമരവേദിയാക്കാൻ തീരുമാനിച്ചതിൽ ലീഗിന്‌ തെറ്റുപറ്റിയിട്ടില്ലെന്ന്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി പാർടി നിലപാടാണ്‌ പറഞ്ഞത്‌.  വർഗീയ ചേരിതിരിവ്‌ ലീഗ്‌ ആഗ്രഹിക്കുന്നില്ല. തീരുമാനമെടുക്കുംമുമ്പ്‌ സമുദായ സംഘടനകളുമായി ആലോചിച്ചിട്ടില്ലെന്ന ആക്ഷേപം പാർടിയ്‌ക്കുമുന്നിൽ വന്നിട്ടില്ല. നിയമനം പിഎസ്‌സിക്ക്‌ വിട്ട നടപടി പിൻവലിക്കുംവരെ പ്രതിഷേധം തുടരും. വിഷയം യുഡിഎഫ്‌ ഏറ്റെടുക്കാത്തത്‌ സംബന്ധിച്ച ചോദ്യങ്ങളിൽനിന്നും കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞുമാറി. കെപിസിസി പ്രസിഡന്റ്‌ അഭിപ്രായം പറഞ്ഞിട്ടുണ്ട്‌. കൂട്ടായ ആവശ്യം ഇനിയും ഉയരാൻ ഇടയുണ്ടല്ലോയെന്നും അദ്ദേഹം പ്രതികരിച്ചു. 

വാക്‌സിനെടുക്കണം
കോവിഡ്‌  വാക്‌സിനുമായി അധ്യാപകർ സഹകരിക്കണമെന്ന്‌ മുസ്ലിംലീഗ്‌ ഉന്നതാധികാര സമിതി അംഗം പാണക്കാട്‌ സാദിഖലി തങ്ങൾ പറഞ്ഞു. നിഷ്‌കളങ്കരായ കുട്ടികളെ ബലിയാടാക്കരുത്‌. എല്ലാവരും വാക്‌സിനെടുക്കണമെന്നാണ്‌ പാർടി നിലപാടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top