18 December Thursday
സെര്‍വിക്കല്‍ ക്യാന്‍സറിന് പ്രതിരോധ വാക്‌സിന്‍ നല്‍കും: മുഖ്യമന്ത്രി

ജനറല്‍ ആശുപത്രിയുടെ പുതിയ ക്യാന്‍സര്‍ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖികUpdated: Wednesday Oct 4, 2023


കൊച്ചി
സ്ത്രീകളിൽ വർധിക്കുന്ന സെർവിക്കൽ ക്യാൻസറിനെ പ്രതിരോധിക്കാൻ വികസിത രാജ്യങ്ങളുടെ മാതൃകയിൽ വാക്‌സിനേഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് 30 വയസ്സിനുമുകളിലുള്ള ഏഴുലക്ഷംപേർക്ക് ക്യാൻസറിന് സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങൾ. ക്യാൻസറിനെ ചെറുക്കുന്നതിന് ശക്തമായ ഇടപെടലുകളാണ് കേരളം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയുടെ പുതിയ ക്യാൻസർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ക്യാൻസർ സെന്ററുകളെയും മെഡിക്കൽ കോളേജുകളെയും ജില്ല, ജനറൽ, താലൂക്ക് ആശുപത്രികളെയും ഉൾപ്പെടുത്തി ക്യാൻസർ ചികിത്സ ഏകോപിപ്പിക്കുന്നതിന്‌ ക്യാൻസർ ഗ്രിഡ് രൂപീകരിച്ച് ചികിത്സ വികേന്ദ്രീകരിക്കും. ക്യാൻസറിനെ ചെറുക്കുന്നതിനുള്ള സമഗ്ര ഇടപെടലുകൾക്ക് കരുത്തുപകരാൻ ജനങ്ങളുടെയാകെ സഹായവും സഹകരണവും പിന്തുണയും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി സർക്കാർ പരിപാടികളിൽ ശുചിത്വപ്രതിജ്ഞ ചൊല്ലുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനവും അദ്ദേഹം ശുചിത്വപ്രതിജ്ഞ ചൊല്ലിക്കൊടുത്ത്‌ നിർവഹിച്ചു. കോർപറേഷനിലെ 74 ഡിവിഷനുകളിൽ നടപ്പാക്കുന്ന സ്തനാർബുദ നിർണയ പദ്ധതിയായ തൂവൽസ്പർശത്തിന്റെ ലോഗോയും പ്രകാശിപ്പിച്ചു.

തദ്ദേശമന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. വ്യവസായമന്ത്രി പി രാജീവ്, ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവർ വിശിഷ്ടാതിഥികളായി. കൊച്ചി ക്യാൻസർ റിസർച്ച് സെന്റർ ഈവർഷംതന്നെ നാടിന് സമർപ്പിക്കുമെന്ന് മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ടി ജെ വിനോദ്, കെ ജെ മാക്സി, മേയർ എം അനിൽകുമാർ, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവർ മുഖ്യാതിഥികളായി. സിഎസ്എംഎൽ സിഇഒ ഷാജി വി നായർ, ഡെപ്യൂട്ടി മേയർ കെ എ അൻസിയ, സബ് കലക്ടർ പി വിഷ്ണുരാജ്, ഡിഎംഒ ഡോ. കെ കെ ആശ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ ഷഹീർഷാ തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top